ബെന്നറ്റിന്റെ 'അവസാന ഊഴം', വൈദ്യശാസ്ത്രത്തിന് പുതുചരിത്രം

 
David Bennett

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു 


'ഒന്നുകില്‍ ഞാന്‍ മരിക്കും അല്ലെങ്കില്‍ ഹൃദയം മാറ്റിവക്കണം. എനിക്ക് ജീവിക്കണം. എനിക്കറിയാം, ഇരുട്ടില്‍ വെടിവയ്ക്കുന്നതു പോലെയാണത്. പക്ഷേ, ഇതെന്റെ അവസാന ഊഴമാണ്' -യുഎസിലെ മേരിലാന്‍ഡ് സ്വദേശിയും ഹൃദ്രോഗിയുമായ ഡേവിഡ് ബെന്നറ്റ് എന്ന 57കാരന്‍ പറഞ്ഞ വാക്കുകളാണിത്. ലോകത്തില്‍ ആദ്യമായി, ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിക്കുന്നതിന് കാരണമായ വാക്കുകള്‍. ജീവിതത്തിനും മരണത്തിനുമിടയില്‍ ബെന്നറ്റ് എടുത്ത തീരുമാനം, വൈദ്യശാസ്ത്രത്തിന് പുതിയ ചരിത്രം സമ്മാനിച്ചപ്പോള്‍, മാനവരാശിക്ക് അത് നല്‍കുന്നത് പ്രതീക്ഷകളാണ്. 

Also Read : ആണവായുധങ്ങള്‍ക്കുപകരം ഭക്ഷ്യക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്ന കിം ജോങ് ഉന്‍

ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ബെന്നറ്റ്. ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു ചികിത്സകളൊന്നും അവശേഷിച്ചിരുന്നില്ല. മനുഷ്യഹൃദയത്തിനായുള്ള കാത്തിരിപ്പുകള്‍ നീണ്ടപ്പോള്‍ ബെന്നറ്റിന്റെ ആരോഗ്യസ്ഥിതി വഷളായി. ഒടുവില്‍, പ്രാണരക്ഷാര്‍ത്ഥമാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ബെന്നറ്റിന് വച്ചുപിടിക്കാനുള്ള പരീക്ഷണത്തിന് ഡോക്ടര്‍മാര്‍ തയ്യാറായത്. ബെന്നറ്റ് പൂര്‍ണസമ്മതം അറിയിച്ചതോടെ, ഏഴ് മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ഹൃദയം മാറ്റിവച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുദിവസം പിന്നിടുമ്പോള്‍, ബെന്നറ്റ് സുഖമായിരിക്കുന്നു. വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയത്തിന് മനുഷ്യശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ശസ്ത്രക്രിയ തെളിയിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ ഇസിഎംഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കും. നിര്‍ണായക ശസ്ത്രക്രിയ ആയതിനാല്‍ വരുംദിവസങ്ങള്‍ ഏറെ സങ്കീര്‍ണമാണ്. ഇതുവരെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

Also Read : വാക്‌സിന്‍ അസമത്വം: സമ്പന്ന രാജ്യങ്ങളുടെ അത്യാഗ്രഹം ഒമിക്രോണിന് കാരണമായോ? 

മനുഷ്യാവയവങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ്, മൃഗങ്ങളുടെ അവയവം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ശാസ്ത്രലോകം ഊര്‍ജിതപ്പെടുത്തിയത്. ബെന്നറ്റില്‍ നടത്തിയ ശസ്ത്രക്രിയ പരിപൂര്‍ണ വിജയമാകുകയാണെങ്കില്‍, നിരവധി രോഗികള്‍ക്ക് അതൊരു പ്രതീക്ഷയാകുമെന്ന് മേരിലാന്‍ഡ് സര്‍വകലാശാലയില്‍ മൃഗങ്ങളുടെ അവയവം മനുഷ്യര്‍ക്ക് മാറ്റിവക്കുന്ന പദ്ധതിയുടെ സയന്റിഫിക് ഡയറക്ടര്‍ ഡോ. മുഹമ്മദ് മൊഹിയുദ്ദീനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ശസ്ത്രക്രിയയുടെ വിജയം ഭാവിയില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറും. വര്‍ഷങ്ങളായി തുടരുന്ന പരിക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ നടന്ന ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം നേരത്തെ ബബൂണ്‍ കുരങ്ങുകളില്‍ വച്ചുപിടിപ്പിച്ചുകൊണ്ട് പരീക്ഷണം നടത്തിയിരുന്നു. ഒമ്പത് മാസത്തിലധികം പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. 

Also Read : സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തടയാന്‍ ഗോര്‍ബച്ചേവിന് കഴിയുമായിരുന്നോ?

ബെന്നറ്റിന്റെ ശസ്ത്രക്രിയ, അവയമമാറ്റ ചികിത്സയുടെ പുതിയൊരു ചുവടുവെപ്പാണെന്നാണ് മേരിലാന്‍ഡ് സര്‍വകലാശാല അധികൃതരുടെയും ഡോക്ടര്‍മാരുടെയും അഭിപ്രായം. പന്നിയുടെ ഹൃദയ വാല്‍വുകള്‍, വ്യക്ക, തൊലി എന്നിവ മനുഷ്യരില്‍ വച്ചുപിടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ അവയവം മാറ്റിവെക്കല്‍ പരീക്ഷണങ്ങള്‍ മുന്‍കാലങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃഗ അവയവങ്ങളെ മനുഷ്യശരീരം നിരസിക്കുന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍, ഇക്കുറി ജീന്‍ എഡിറ്റിംഗിന് വിധേയമായ പന്നിയുടെ ഹൃദയമാണ് മാറ്റിവച്ചത്. മൃഗങ്ങളുടെ അവയവത്തെ മനുഷ്യശരീരം നിരസിക്കുന്നതിന് കാരണമായ കോശങ്ങളിലെ പഞ്ചസാര നീക്കിയ ശേഷമായിരുന്നു ഇത്തവണ ശസ്ത്രക്രിയ. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം ഏറെ ഗുണകരമാകുമെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്ലി ഗ്രിഫിതിന്റെ അഭിപ്രായം. അവയവദാന ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന യുണൈറ്റഡ് നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് കണക്കുകള്‍ പ്രകാരം, കഴിഞ്ഞവര്‍ഷം യുഎസില്‍ 3800ലധികം ഹൃദയം മാറ്റിവയ്ക്കല്‍ മാത്രം നടന്നിട്ടുണ്ട്. ഏകദേശം 1,10,000 അമേരിക്കക്കാര്‍ നിലവില്‍ അവയവം മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണെന്നാണ് കണക്ക്.

Also Read : കുടിയേറ്റ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ യുകെ ഭരണകൂടം; യുകെയില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമാകുന്നത് ?