കോവിഡ് പ്രതിരോധത്തില്‍ മാസ്‌കാണ് താരം; 53 ശതമാനം രോഗവ്യാപനത്തെയും തടയുന്നതായി പഠനം

 
Kerala Covid Updates

വാക്‌സിന്‍ യജ്ഞത്തോടൊപ്പം പൊതുജനാരോഗ്യ നടപടികളും തുടരണം

മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍ എന്നിവ കോവിഡ് വ്യാപനം തടയാനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളാണ്. ഇവയില്‍ മാസ്‌ക് ധാരണമാണ് ഏറ്റവും ഫലപ്രദമെന്നാണ്, ആദ്യമായി ശാസ്ത്രീയമായ അവലോകനത്തിലൂടെയും മെറ്റാ വിശകലനത്തിലൂടെയും കണ്ടെത്തിയിരിക്കുന്നത്. ശരിയായ മാസ്‌ക് ധാരണം കോവിഡ് കേസുകള്‍ 53 ശതമാനം കുറയ്ക്കുന്നതായാണ് ആഗോള പഠനം വ്യക്തമാക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു പഠനം നടക്കുന്നതെന്നും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ പിയര്‍ റിവ്യൂ ജേണലായ ദി ബിഎംജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു. 

ഫ്‌ളൂ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളോട് പോരാടുന്നതില്‍ പൊതുജനാരോഗ്യ നടപടികള്‍ അല്ലെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇതര ഇടപെടലുകള്‍ ഏറെ പ്രയോജനകരമാണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ലോകരാജ്യങ്ങള്‍ കോവിഡ് വ്യാപനം തടയാന്‍ അവ ഉപയോഗിക്കുകയും ചെയ്തു. എന്നിരുന്നാലും, കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇത്തരം നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് വിദഗ്ധര്‍ക്ക് ഉറച്ച നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നത്ര ശക്തമായ അവലോകനങ്ങള്‍ ഉണ്ടായിട്ടില്ല. ലോകമെമ്പാടുമുള്ള മുപ്പതിലധികം പഠനങ്ങളുടെ ഫലങ്ങള്‍ വിശദമായി വിശകലനം ചെയ്തപ്പോള്‍, കോവിഡ് വ്യാപനം 53 ശതമാനം തടയുന്നതില്‍ മാസ്‌ക് ധാരണം നിര്‍ണായകമായി. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സാനിറ്റൈസ് ചെയ്യുകയോ കഴുകുകയോ ചെയ്തതിലൂടെ 35 ശതമാനം രോഗവ്യാപനം തടയാനായി. ആളകലം പാലിക്കുന്നതിലൂടെ 25 ശതമാനം രോഗവ്യാപനവും തടയാനായതായി മൊനാഷ്, എഡിന്‍ബര്‍ഗ് സര്‍വകലാശാലകളിലെ ഗവേഷകര്‍ പറയുന്നു. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, ജോലിസ്ഥാപനങ്ങള്‍ എന്നിവയുടെ അടച്ചിടല്‍, ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടത് ഉള്‍പ്പെടെ ബഹുമുഖ നടപടികള്‍ ജനങ്ങളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് കൂടുതല്‍ വിലയിരുത്തലുകളും പഠനങ്ങളും ആവശ്യമാണ്. പഠന രൂപകല്‍പന, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയില്‍ അന്തരമുള്ളതിനാല്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍, സാര്‍വത്രിക ലോക്ക്ഡൗണ്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, ജോലിസ്ഥാപനങ്ങള്‍ എന്നിവയുടെ അടച്ചിടല്‍, ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടത് ഉള്‍പ്പെടെ മറ്റു നടപടികള്‍ക്ക് വിശദമായ വിശകലനം സാധ്യമല്ലെന്ന് ഗവേഷകര്‍ പറയുന്നു. 

ആഗോളതലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഈമാസം 25 കോടി കവിഞ്ഞു. വൈറസിന്റെ ഡെല്‍റ്റ വകഭേദം കാരണം, ഓരോ 90 ദിവസത്തിലും അഞ്ച് കോടി ആളുകള്‍ക്കാണ് കോവിഡ് ബാധിക്കുന്നത്. പ്രതിദിനം ആയിരത്തിലധികം പേര്‍ രോഗബാധിതരായി മരിക്കുന്നു. ലോകമെങ്ങും ജീവന്‍ രക്ഷിക്കുന്നതില്‍ പ്രതിരോധ വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാല്‍ ഇവ 100 ശതമാനം സംരക്ഷണം നല്‍കുന്നില്ല. പല രാജ്യങ്ങളും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയിട്ടുമില്ല. മാത്രമല്ല, വൈറസുകള്‍ക്ക് ഭാവിയിലുണ്ടാകാവുന്ന വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ക്ക് കഴിയുമോയെന്ന കാര്യവും അറിവായിട്ടില്ല. ഈ സാഹചര്യത്തില്‍, വാക്‌സിന്‍ യജ്ഞത്തോടൊപ്പം മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകഴുകുന്നതും തുടരേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നതാണ് പഠനഫലം.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പല രാജ്യങ്ങളും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. രണ്ടാം തരംഗത്തില്‍ ചില രാജ്യങ്ങള്‍ ഡബിള്‍ മാസ്‌ക് വേണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം, വാക്‌സിനേഷന്‍ ആരംഭിക്കുകയും കേസുകളും മരണവും കുറയുകയും ചെയ്തതോടെ പലരും മാസ്‌ക് ഉപേക്ഷിച്ചുതുടങ്ങി. അത് കേസുകള്‍ വീണ്ടും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം വീണ്ടും ഉയര്‍ന്നതോടെ, ഡച്ച് സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. റൊമാനിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, പോളണ്ട് എന്നീ രാജ്യങ്ങളും മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയനാള്‍ മുതല്‍ ഇന്ത്യയില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്.