തോക്കിന്‍മുനയില്‍ അവസാനിക്കുന്ന മാധ്യമസ്വാതന്ത്ര്യം: മെക്‌സിക്കോ; മാധ്യമപ്രവര്‍ത്തകരുടെ ശവപ്പറമ്പ്

 
Mexico

മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു

മയക്കുമരുന്ന് മാഫിയകളുടെ തേര്‍വാഴ്ചയ്ക്കും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധമായ മെക്‌സിക്കോ, മാധ്യമപ്രവര്‍ത്തകരുടെ ശവപ്പറമ്പാണ്. ലോകത്തില്‍ ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന രാജ്യം. അവിടെ ഏറ്റവും അപകടമേറിയ ജോലിയായി മാധ്യമപ്രവര്‍ത്തനം മാറിയിരിക്കുന്നു. സത്യം പറയുന്നവരുടെ കഴുത്തറുക്കാന്‍ മടിയില്ലാത്ത സംഘങ്ങളുടെ തോക്കിന്‍മുനയിലോ, കത്തിമുനയിലോ അവസാനിക്കുന്നതാണ് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം. 24 മണിക്കൂറിനിടെ രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടെ, ഈ വര്‍ഷം കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഒമ്പതായി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുമ്പോഴും ഭരണകൂടം നിസംഗത തുടരുകയാണ്. 2021ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡെക്‌സില്‍ ഇന്ത്യക്കു പിന്നില്‍ 143ാം സ്ഥാനത്താണ് മെക്‌സിക്കോ. 

1990 മുതലാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് കൊലപാതകത്തിനിരയായ മാധ്യമപ്രവര്‍ത്തകരുടെ കണക്കെടുത്തു തുടങ്ങിയത്. ഇതിനോടകം 2,680 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ഫെഡറേഷന്റെ റിപ്പോര്‍ട്ട്. ആസൂത്രിത ആക്രമണങ്ങള്‍, വെടിവെപ്പ്, ബോംബാക്രമണം, കത്തിക്കുത്ത് എന്നിങ്ങനെ കൊലപാതകങ്ങളാണ് അധികവും. 2020ല്‍ ലോകമെമ്പാടുമായി 65 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2019ലേതിനേക്കാള്‍ 17 പേര്‍ അധികം കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ കൊലപാതക നിരക്ക് 1990ലേതിന് സമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ അക്രമത്തിനിരയായി കൊല്ലപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മെക്‌സിക്കോയാണ് മുന്നില്‍. 2020ല്‍ 14 കൊലപാതകങ്ങളാണ് രാജ്യത്തുണ്ടായത്. ഈ വര്‍ഷം ഇതുവരെ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 

ആസൂത്രിത കൊലപാതകങ്ങള്‍
തികച്ചും ആസൂത്രിതമാണ് കൊലപാതകങ്ങള്‍. വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയും അല്ലാതെയും പൊതുയിടങ്ങളിലാണ് മാധ്യമപ്രവര്‍ത്തകരെ കൊന്നുതള്ളുന്നത്. വെടിയുതിര്‍ത്താണ് കൊല്ലുന്നതെങ്കില്‍, മരണം ഉറപ്പാക്കുന്ന തരത്തില്‍ നിരവധി തവണ വെടിവെയ്ക്കും. കത്തിക്കുത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഈ വര്‍ഷം മെയ് രണ്ടിനായിരുന്നു ആദ്യ കൊലപാതകം. നോടിഷിയസ് ക്‌സൊനോയ്ഡങിന്റെ ബെഞ്ചമിന്‍ മൊറെയ്ല്‍സ് ഹെര്‍ണാണ്ടസാണ് കൊല്ലപ്പെട്ടത്. വധഭീഷണിക്കൊടുവില്‍ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിരവധി ബുള്ളറ്റ് പാടുകളാണുണ്ടായിരുന്നത്. ജൂണ്‍ 17ന് നോടിഷിയസ് മിനുറ്റോ എ മിനുറ്റോ, പനോരമ പസഫികോ ടിവിക്കായി പ്രവര്‍ത്തിച്ചിരുന്ന ഗുസ്താവോ സാഞ്ചെസ് കാബെറ കൊല്ലപ്പെട്ടു. മകനുമായി ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അക്രമികള്‍ സാഞ്ചെസിനെ വകവരുത്തിയത്. ബൈക്കില്‍ കാറിടിപ്പിച്ചശേഷം, സാഞ്ചെസിനെതിരെ വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കുകയായിരുന്നു. ജൂണ്‍ 22ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും ഡ്രോണ്‍ ക്യാമറ ഓപ്പറേറ്ററുമായ സൗള്‍ ടിജെറീന റെന്റേരിയയെ കുത്തിക്കൊലപ്പെടുത്തി. ജൂലൈ 22നാണ് ഇന്‍ഫോഗുവെയ്മസ് സ്ഥാപകനും എഡിറ്ററുമായ റിക്കാഡോ ഡൊമിഗ്യൂസ് ലോപെസ് കൊല്ലപ്പെടുന്നത്. 47ാം ജന്മദിനത്തിലായിരുന്നു അക്രമികള്‍ ലോപെസിനെ വെടിവെച്ചു കൊന്നത്. 

ആഗസ്റ്റ് 22ന് ഒറി സ്റ്റീരിയോ എഫ്.എം റിപ്പോര്‍ട്ടര്‍ ജസിന്തോ റൊമെറോ ഫ്‌ളോറെസ് വെടിയേറ്റു കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 28ന് പോര്‍ട്ടല്‍ മൊര്‍ലൊസ് ഫേസ്ബുക്ക് ന്യൂസ് ഔട്ട്‌ലെറ്റിന്റെ സ്ഥാപകനും എഡിറ്ററുമായ മാനുവല്‍ ഗോണ്‍സാലെസ് റെയ്‌സ് കൊല്ലപ്പെട്ടു. അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്താണ് റെയ്‌സിനെ കൊല്ലപ്പെടുത്തിയത്. ഒക്ടോബര്‍ 29നാണ് രാജ്യാന്തര മാധ്യമങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന ഫ്രെഡി ലോപെസ് അരെവാലോയ്ക്ക് വെടിയേറ്റത്. അക്രമികള്‍ വീട്ടിലെത്തിയാണ് അരെവാലോയെ ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അരെവാലോ രണ്ടു ദിവസത്തിനുശേഷം മരിച്ചു. അതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 29ന് മുഖംമൂടിധാരികളായ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയ, ഫോട്ടോ ജേണലിസ്റ്റായ ആല്‍ഫ്രെഡോ കര്‍ഡോസോയെയാണ് പിറ്റേദിവസം വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. കടുത്ത മര്‍ദനമേറ്റ കര്‍ഡോസോയെയുടെ ശരീരത്തില്‍ നിരവധി ബുള്ളറ്റ് പാടുകളാണുണ്ടായിരുന്നത്. 

മയക്കുമരുന്ന് മാഫിയയും പ്രാദേശിക ഭരണകൂടവും
ഒരുകാലത്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമായിരുന്നു മെക്‌സിക്കോയ്ക്ക്. എന്നാല്‍, നിയന്ത്രണങ്ങളേതുമില്ലാതെ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളും രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുമാണ് ലോകത്തിനുമുന്നില്‍ മെക്‌സിക്കോയ്ക്ക് ചീത്തപ്പേര് സമ്മാനിക്കുന്നത്. മയക്കുമരുന്ന് നിര്‍മാണം മുതല്‍ വിപണനത്തിനും വിതരണത്തിനുമൊക്കെ പണമെറിയുന്നവര്‍ പ്രബലരാണ്. പല പ്രാദേശിക ഭരണകൂടങ്ങളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍പോലും അവര്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കായി, ഭരണനേതൃത്വത്തിലും ഉദ്യോഗസ്ഥരിലും പെട്ടവരാണ് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത്. രാഷ്ട്രീയ-ഭരണ-മാഫിയ പങ്കുകച്ചവടത്തെക്കുറിച്ചും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ഭരണനേതൃത്വത്തെയുംകുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് നിര്‍ദ്ദയം കൊല്ലപ്പെടുന്നത്. വിവിധ മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ബാക്കിപത്രമായും ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നുണ്ട്. 

ഭരണകൂടത്തിന്റെ ഇച്ഛാശക്തിയില്ലായ്മ
അക്രമികള്‍ ശിക്ഷിക്കപ്പെടാത്തതാണ് മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം വര്‍ധിക്കാന്‍ കാരണമെന്ന് വിവിധ മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പെസ് ഒബ്രഡോറിന്റെയും ഭരണകൂടത്തിന്റെയും ഇച്ഛാശക്തിയില്ലായ്മയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നും വിമര്‍ശനമുണ്ട്. കേസുകളില്‍ പലപ്പോഴും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ലെന്നതാണ് സത്യം. അന്വേഷണവും കാര്യക്ഷമമായി നടക്കാറില്ല. മതിയായ തെളിവുകളും സാക്ഷികളുമൊക്കെ ഇല്ലെന്ന പേരില്‍ അക്രമികള്‍ ശിക്ഷയില്‍നിന്നും ഊരിപ്പോരുന്നു. ഇത്തരം ഗ്യാങ്ങുകള്‍ക്കെതിരെ തെളിവ് നല്‍കാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. തെളിവുമായി മുന്നോട്ടുവരുന്നവര്‍ക്ക് മതിയായ നിയമസംരക്ഷണം പോലും ലഭിച്ചേക്കില്ല. അവരും ഏതെങ്കിലുമൊക്കെ ആക്രമണങ്ങള്‍ക്ക് ഇരയാകപ്പെടും. മരണം പതിയിരിക്കുന്നുണ്ടെന്ന് അറിഞ്ഞാലും മാധ്യമങ്ങള്‍ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ പിന്നെയും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം മാത്രമല്ല, രാജ്യത്തെ കൊലപാതക നിരക്കും വര്‍ധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2006ല്‍ അന്നത്തെ പ്രസിഡന്റ് ഫിലിപ്പ് കാല്‍ഡെറോണ്‍ മയക്കുമരുന്ന് സംഘങ്ങളെ സൈന്യത്തിന്റെ സഹായത്തോടെ അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തെ കൊലപാതക നിരക്ക് ഗണ്യമായി വര്‍ധിച്ചിരുന്നു. കോവിഡ് മഹാമാരിക്കിടെയിലും, 2020ല്‍ മെക്‌സിക്കോയില്‍ 36,773 കൊലപാതകങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2019ല്‍ അത് 36,661 ആയിരുന്നു.