വിഖ്യാത എഴുത്തുകാരന്‍ മിലാന്‍ കുന്ദേരയ്ക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം റദ്ദാക്കിയ പൗരത്വം ചെക്ക് റിപ്പബ്ലിക്ക് തിരിച്ചുനല്‍കി

 
വിഖ്യാത എഴുത്തുകാരന്‍ മിലാന്‍ കുന്ദേരയ്ക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം റദ്ദാക്കിയ പൗരത്വം ചെക്ക് റിപ്പബ്ലിക്ക് തിരിച്ചുനല്‍കി

വിഖ്യാത എഴുത്തുകാരൻ മിലാന്‍ കുന്ദേരക്ക് ചെക്ക് റിപ്പബ്ലിക്ക് പൗരത്വം തിരിച്ചു നല്‍കി. 40 വര്‍ഷത്തിനുശേഷമാണ് കുന്ദേരയ്ക്ക് ജനിച്ച നാട് പൗരത്വം തിരിച്ചേല്‍പ്പിക്കുന്നത്. ചക്കോസ്ലാവാക്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുമ്പോഴാണ് കുന്ദേരയ്ക്ക് പൗരത്വം നിഷേിധിച്ചത്. പിന്നീട് ഫ്രാന്‍സിലാണ് കുന്ദേരയുടെയും ഭാര്യയുടെയും താമസം.

ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസഡര്‍ പീറ്റര്‍ ഡ്രൂലക് കുന്ദേരയെ നേരിട്ട് പോയി കണ്ട് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറുകയായിരുന്നു. 'ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ രാജ്യം തിരികെ കൊണ്ടുവരുന്നതിന്റെ ഏറ്റവും ഉന്നതമായ മുഹൂര്‍ത്തമാണ് അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് ഉണ്ടായതെന്ന്' ഡ്രൂലക് പറഞ്ഞു.

ചെക്കോസ്ലാവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് അനഭിമതനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പല തവണ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. അവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭരണത്തിലും പരിഷ്‌ക്കരണം ആവശ്യപ്പെട്ട് നടന്ന പ്രാഗ് വസന്തമെന്ന അറിയപ്പെട്ട രാഷ്ട്രീയ നീക്കത്തിലും കുന്ദേര പങ്കാളിയായിരുന്നു. പ്രാഗ് വസന്തം എന്ന പേരിൽ പ്രശസ്തമായ ജനകീയ മുന്നേറ്റത്തെ സോവിയറ്റ് യൂണിയന്‍ അടിച്ചമര്‍ത്തുകയായിരുന്നു.

പിന്നീടാണ് 1979 ല്‍ അദ്ദേഹത്തിന്റെ പൗരത്വം ഭരണകൂടം റദ്ദാക്കിയത്. പിന്നീട് ഫ്രാന്‍സിലായി താമസം.

1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് പൗരത്വം നല്‍കി.

'ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്ങ്', 'ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്ങ്', എന്നീ കൃതികള്‍ ഫ്രഞ്ച് ഭാഷയിലാണ് എഴുതിയത്. ഇത് രണ്ടും ചെക്കോസ്ലാവാക്യയില്‍ നിരോധിച്ചിരുന്നു. 1988 ല്‍ എഴുതിയ ഇമ്മോര്‍ട്ടാലിറ്റിയാണ് അദ്ദേഹം ചെക്ക് ഭാഷയില്‍ എഴുതിയ അവസാന നോവല്‍. 2014 ല്‍ പ്രസിദ്ധീകരിച്ച ഫെസ്റ്റവെ്ല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് അവസാനം പ്രസിദ്ധീകരിച്ച നോവല്‍.

മാധ്യമങ്ങളില്‍നിന്ന് അകന്നു കഴിയുന്ന കുന്ദേര 1984 ല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ

അഭിമുഖത്തില്‍

വീട് ദേശം എന്ന സങ്കല്‍പ്പങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. വീട് എന്നത് തനിക്കൊരു അവ്യക്ത ആശയമാണെന്നാണ് അദ്ദേഹം ആ അഭിമുഖത്തില്‍ വിശദീകരിച്ചത്. 'വീട്, ദേശം എന്നീ സങ്കല്‍പങ്ങള്‍ ഒരു തോന്നലാണ്, മിഥ്യയാണ്. ' കുന്ദേര പറഞ്ഞു.

കുന്ദേരക്ക് പൗരത്വം തിരിക നല്‍കണമെന്ന് വര്‍ഷങ്ങളായി ചെക്ക് റിപ്പബ്ലിക്കിലെ ഭരണകൂടം ആലോചിക്കുന്ന കാര്യമാണ്. 2018 നവംബറില്‍, പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിസ് കുന്ദേരരയ്ക്കും ഭാര്യക്കും പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുവരേയും പ്രധാനമന്ത്രിതന്നെ നേരിട്ടുപോയി കണ്ട് കാര്യങ്ങള്‍ അവതരുപ്പിക്കുകയും ചെയ്തിരുന്നു. 2008-ല്‍ കുന്ദേരയ്ക്ക് സാഹിത്യത്തിനുള്ള ചെക്ക് ദേശീയ പുരസ്‌കാരം നല്‍കിയെങ്കിലും അദ്ദേഹമത് സ്വീകരിക്കാന്‍ പോയില്ല. 2009 ല്‍, 1929-ല്‍ അദ്ദേഹം ജനിച്ച നഗരമായ ബ്രനോ അദ്ദേഹത്തിന് ഓണററി പൗരത്വം നല്‍കിയെങ്കിലും അദ്ദേഹം ഫ്രാന്‍സില്‍തന്നെ തുടരുകയായിരുന്നു.

നോബെൽ സമ്മാനം പ്രഖ്യാപിക്കുന്ന അവസരങ്ങളിൽ സ്ഥിരമായി പറഞ്ഞുകേൾക്കാറുള്ള പേരാണ് കുന്ദേരയുടേത്. മറവിക്കെതിരായ ഓര്‍മ്മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പെന്ന് കുന്ദേരയുടെ ലാഫ്റ്റര്‍ ആന്റ് ഫോര്‍ഗെറ്റിംങ് എന്ന പുസതകത്തിലെ വരികള്‍ വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതാണ്.