അഫ്ഗാനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്; ഭീകരത രാഷ്ട്രീയ ആയുധമാക്കരുതെന്നും പ്രധാനമന്ത്രി

 
modi

അഫ്ഗാനിസ്ഥാന്‍ മണ്ണ് തീവ്രവാദം വ്യാപിപ്പിക്കുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ 76 -ാമത് സെഷനില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ഇന്ന് ലോകം തെറ്റായ ചിന്തയിലും തീവ്രവാദത്തിനും സാക്ഷ്യം വഹിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകത്തെ ശാസ്ത്ര-അധിഷ്ഠിത, യുക്തിസഹവും പുരോഗമന ചിന്തയുടെയും പ്രദേശമാക്കി മാറ്റേണ്ടത് ആവശ്യമാണ് മോദി പറഞ്ഞു

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. തീവ്രവാദത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന പിന്‍തിരുപ്പന്‍ ചിന്താഗതിയുള്ള രാജ്യങ്ങള്‍ ഭീകരത തങ്ങള്‍ക്ക് ഒരു വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്‍ തീവ്രവാദം വ്യാപിപ്പിക്കാനോ ഭീകരാക്രമണം നടത്താനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്, അഫ്ഗാനിസ്ഥാനിലെ സാഹചര്യം മുതലെടുത്ത് ഒരു രാജ്യവും അത് സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നില്ലെന്നും  ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വികസനമെന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണമെന്ന് ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി ലോകത്തെ എല്ലാ വാക്‌സിന്‍ നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ ക്ഷണിക്കുന്നതായും പറഞ്ഞു. ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണ്. 12 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ വാക്‌സീന്‍ നല്‍കാം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നാസല്‍ വാക്‌സിനും വികസിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ പോരാടി ജീവന്‍ വെടിഞ്ഞവര്‍ക്കെല്ലാം ആദരം അര്‍പ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ സമുദ്രങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയാണ്. സമുദ്രമേഖലകള്‍ കൈവശപ്പെടുത്താനുള്ള നീക്കം തടയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയമം അടിസ്ഥാനമാക്കിയുള്ള ലോക ക്രമം ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സമൂഹം ഒറ്റ ശബ്ദത്തില്‍ സംസാരിക്കണം.  മലിനമായ വെള്ളം ഇന്ത്യക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു പ്രധാന പ്രശ്‌നമാണ്. ഈ വെല്ലുവിളി നേരിടാന്‍, ഇന്ത്യയിലുടനീളമുള്ള 17 കോടിയിലധികം വീടുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഒരു സുപ്രധാന കാമ്പയിന്‍ നടത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ഹബ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും  ആരംഭിച്ചതായും നരേന്ദ്ര മോദി പറഞ്ഞു.