ഭരണത്തില്‍ 10 വര്‍ഷം; ആണവായുധങ്ങള്‍ക്കുപകരം ഭക്ഷ്യക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്ന കിം ജോങ് ഉന്‍

 
kim jong un
ഭക്ഷ്യക്ഷാമം ലഘൂകരിക്കുക എന്നതാണ് അടുത്ത ദശകത്തിലേക്കുള്ള ലക്ഷ്യം

ഉത്തര കൊറിയന്‍ ഭരണാധികാരിയായി ഒരു ദശകം പിന്നിടുന്ന കിം ജോങ് ഉന്‍, രാജ്യത്തെ പുതിയൊരു പാതയിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ്. രൂപത്തിലും ഭാവത്തിലുമൊക്കെ അടിമുടി മാറിയ കിം ഭരണത്തിലും അത്തരമൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ആണവായുധങ്ങളെക്കുറിച്ച് പറഞ്ഞും പരീക്ഷിച്ചും പാശ്ചാത്യരാജ്യങ്ങളെ വരുതിക്കു നിര്‍ത്താന്‍ സാധിച്ച കിം ഇപ്പോള്‍ സംസാരിക്കുന്നത് ഭക്ഷ്യക്ഷാമത്തെക്കുറിച്ചാണ്. കാലങ്ങളായി രാജ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന ഭക്ഷ്യക്ഷാമം എന്ന കൊടിയ പ്രതിസന്ധി ലഘൂകരിക്കുക എന്നതാണ് അടുത്ത ദശകത്തിലേക്കുള്ള കിമ്മിന്റെ ലക്ഷ്യം. പിതാവിന്റെ ഭരണകാലം മുതല്‍ തുടരുന്ന പരിഹരിക്കപ്പെടാത്ത പ്രശ്‌നം പലപ്പോഴും കിമ്മിന്റെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. അതിനാല്‍, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഉല്‍പാദന ലക്ഷ്യങ്ങള്‍ ഘട്ടംഘട്ടമായി കൈവരിക്കുമെന്നാണ് കിം മുന്നോട്ടുവെക്കുന്ന ഉറപ്പ്. ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കിമ്മിന്റെ പ്രഖ്യാപനങ്ങള്‍, അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അഞ്ച് ദിവസത്തെ യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു 37 കാരനായ കിം ഭക്ഷ്യസുരക്ഷയെക്കുറിച്ച് വാചാലനായത്. ശനിയാഴ്ച, പുതുവത്സര ദിനത്തില്‍, ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ യോഗത്തെക്കുറിച്ചുള്ള ദീര്‍ഘമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. യുഎസിനോടും ദക്ഷിണ കൊറിയയോടുമുള്ള കിമ്മിന്റെ നയതന്ത്രപരമായ പ്രസ്താവനകളോ വെല്ലുവിളികളോ ഒന്നുമായിരുന്നില്ല അവയുടെ ഉള്ളടക്കം. ഭക്ഷ്യക്ഷാമം ലഘൂകരിക്കാനുള്ള കിമ്മിന്റെ പുതിയ നടപടികള്‍ അവതരിപ്പിക്കുന്നതിനായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രാധാന്യം നല്‍കിയത്. ഉത്തര കൊറിയയുടെ സൈനിക ശക്തി വര്‍ധിപ്പിക്കുമെന്ന കിമ്മിന്റെ പതിവ് വാഗ്ദാനങ്ങള്‍ ചെറിയ കോളങ്ങളായി മാത്രമാണ് റിപ്പോര്‍ട്ടില്‍ ഇടംനേടിയത്. 

Also Read: ആരാണ് കിം ജോംഗ് ഉന്‍ - ചിത്രങ്ങളിലൂടെ

കിമ്മിന്റെ നേതൃത്വത്തിന്റെ ഏറ്റവും വലിയ പോരായ്മയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് ഭക്ഷ്യക്ഷാമം. പത്ത് വര്‍ഷംമുമ്പ്, പിതാവായ കിം ജോങ് ഇലില്‍നിന്ന് അധികാരം ലഭിച്ചശേഷം, കിം നല്‍കിയ ആദ്യ വാഗ്ദാനം ഭക്ഷ്യക്ഷാമത്തെക്കുറിച്ചായിരുന്നു. ഉത്തര കൊറിയക്കാര്‍ക്ക് വീണ്ടും അരമുറുക്കി കഴിയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നായിരുന്നു കിം അന്ന് നല്‍കിയ ഉറപ്പ്. എന്നാല്‍, പത്ത് വര്‍ഷമായി ഉറപ്പ് വാക്കുകളില്‍ മാത്രമായി ഒതുങ്ങിനിന്നു. എന്നാല്‍, ഒരു മാസം മുമ്പ് രാജ്യത്തെ ഭക്ഷ്യ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായൊരു മുന്നറയിപ്പ് കിം നല്‍കിയിരുന്നു. കോവിഡ് മഹാമാരിയും, ആണവായുധ പദ്ധതികള്‍ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളും രാജ്യത്തെ ആശങ്കപ്പെടുത്തുന്ന ഭക്ഷ്യ സാഹചര്യങ്ങളില്‍ എത്തിച്ചിരിക്കുന്നു എന്നായിരുന്നു അന്ന് കിം തുറന്നുപറഞ്ഞത്. അതിനു പിന്നാലെയാണ് പാര്‍ട്ടി യോഗത്തില്‍, വിഷയം പ്രധാന പരിഗണനാ വിഷയമായി കിം അവതരിപ്പിച്ചത്. 

വെള്ളിയാഴ്ച സമാപിച്ച പാര്‍ട്ടി യോഗത്തില്‍, കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും ഭക്ഷ്യ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്നുമാണ് കിം നല്‍കിയ ഉറപ്പ്. അടുത്ത പത്തു വര്‍ഷത്തിനിടെ, ഉല്‍പാദന ലക്ഷ്യങ്ങള്‍ ഘട്ടം ഘട്ടമായി കൈവരിക്കുമെന്നാണ് കിം അറിയിച്ചിരിക്കുന്നതെന്ന് ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എല്ലാ സഹകരണ ഫാമുകളുടെയും സര്‍ക്കാരിലേക്കുള്ള കടങ്ങള്‍ എഴുതിത്തള്ളിയതല്ലാതെ കാര്യമായ കാര്‍ഷിക നടപടികളൊന്നും അവതരിപ്പിക്കാന്‍ കിം തയ്യാറായില്ല. കൂടുതല്‍ യന്ത്രങ്ങള്‍, ഹരിതഗൃഹങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍ എന്നിവ ഉപയോഗിക്കണമെന്ന പാര്‍ട്ടിയുടെ പഴയ ഉദ്‌ബോധനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടി, ഭരണകൂടം, സാമൂഹിക വ്യവസ്ഥ എന്നിവയുടെ മഹത്വവും ആദരവും മനസിലാക്കുകയും ചിന്തയിലും ജീവിതത്തിലും കൂട്ടായ്മക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തര കൊറിയന്‍ സമ്പദ്വ്യവസ്ഥയെ വളര്‍ത്തിയെടുക്കാനുള്ള ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ചൈനയും വിയറ്റ്നാമും ദശാബ്ദങ്ങള്‍ക്കുമുമ്പ് നടപ്പാക്കിയ തരത്തിലുള്ള ധീരമായ, വിപണിയധിഷ്ഠിത നയമൊന്നും കിം ഒരിക്കലും രാജ്യത്ത് കൊണ്ടുവന്നില്ല. പകരം, അദ്ദേഹം രാജ്യത്തെ ഒറ്റയ്ക്കുനിര്‍ത്തി. പുറത്തുനിന്നുള്ള വിവരങ്ങളുടെ സ്വാധീനശക്തിയെ അടിച്ചമര്‍ത്തി. നിരവധി ഉത്തര കൊറിയക്കാര്‍ അതിജീവനത്തിനായി ആശ്രയിക്കുന്ന അനൗപചാരിക വിപണികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കിം ഒരിക്കലും പാശ്ചാത്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു പരിഷ്‌കര്‍ത്താവാകാന്‍ പോകുന്നില്ലെന്നാണ് സോളിലെ ഇവാ വുമണ്‍സ് യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര പഠന പ്രൊഫസറായ ലീഫ് എറിക് ഈസ്‌ലി പറയുന്നത്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഒന്നും പറയാതെ, ദേശീയ സുരക്ഷ, സമൃദ്ധി, നിയമവാഴ്ച എന്നിവയ്ക്കപ്പുറം തന്റെ കുടുംബ താല്‍പര്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്നും പ്രൊഫ. ലീഫ് ഈസ്‌ലി പറയുന്നു. 

Also Read: യുഎസിന്റേത് ശത്രുതാപരമായ നയം; ദക്ഷിണ കൊറിയയുമായി ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിക്കാന്‍ കിം ജോങ് ഉന്‍

27 വയസില്‍ അധികാരമേറ്റെടുക്കുമ്പോള്‍, ഭരണത്തില്‍ അനുഭവസമ്പത്തില്ലാത്ത നേതാവ് എന്നതായിരുന്നു കിമ്മിനെതിരായ പ്രധാന വിമര്‍ശനം. കിം ഏറെക്കാലം അധികാരത്തില്‍ തുടര്‍ന്നേക്കില്ലെന്നും വിലയിരുത്തലുകളുണ്ടായി. എന്നാല്‍, അദ്ദേഹം പെട്ടെന്നുതന്നെ അധികാരത്തില്‍ പിടിമുറുക്കി. ഉത്തര കൊറിയയില്‍ 'ഭീകരവാഴ്ച' എന്ന ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരുടെ ആരോപണത്തില്‍നിന്ന് കിമ്മിന്റെ നേതൃഗുണം മനസിലാക്കാം. ആണവ മിസൈല്‍ ഉപയോഗിച്ച് യുഎസിനെ ഭീഷണിപ്പെടുത്താന്‍ കഴിയുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഉത്തര കൊറിയ മാറിയത് കിം ഭരണത്തിലാണ്. ഉത്തര കൊറിയ നടത്തിയ ആറ് ആണവ പരീക്ഷണങ്ങളില്‍ നാലെണ്ണം അദ്ദേഹത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മൂന്ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. യുഎസിലെ ആണവ പോര്‍മുനകളിലേക്ക് മുഴുവനായോ ഭാഗികമായോ എത്തിച്ചേരാനുള്ള കഴിവ് അവയ്ക്കുണ്ടെന്നായിരുന്നു അവകാശ വാദം. ഉത്തര കൊറിയ ആണവ ഭീഷണിയായി ഉയര്‍ന്നുവരുന്നു എന്ന ഒറ്റക്കാരണമാണ്, 2018ലും 2019ലുമായി മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നിര്‍ബന്ധിതനാക്കിയത്. 

എന്നാല്‍, കിമ്മിന്റെ ആണവായുധ മോഹങ്ങള്‍ക്ക് രാജ്യം കടുത്ത വില നല്‍കേണ്ടിവന്നു. യുഎന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. ഉത്തര കൊറിയയുടെ എല്ലാ പ്രധാന കയറ്റുമതികളും നിരോധിച്ചു. ദക്ഷിണ കൊറിയയിലെ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 2017ല്‍ 3.5 ശതമാനവും 2018ല്‍ 4.1 ശതമാനവും കുറഞ്ഞു. 2019 ചെറിയതോതില്‍ തിരിച്ചുവരവ് സാധ്യമായി. എന്നാല്‍, കോവിഡ് മഹാമാരി ബാധിച്ചതോടെ മേഖല വീണ്ടും ഒറ്റപ്പെടലിലേക്കു പോയി. സമ്പദ്വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 4.5 ശതമാനം ചുരുങ്ങി. 2019ല്‍, ട്രംപുമായുള്ള നയതന്ത്ര ശ്രമങ്ങള്‍ കരാറിലേക്ക് എത്താതിരുന്നതോടെ, ഉപരോധത്തെ മറികടക്കാനുള്ള കിമ്മിന്റെ ശ്രമങ്ങള്‍ പൊളിഞ്ഞു. ജനുവരിയില്‍ നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനുള്ള തന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി കിമ്മിന് സമ്മതിക്കേണ്ടിവന്നു. 

1990കളുടെ അവസാനത്തില്‍ ഉത്തര കൊറിയ അനുഭവിച്ചതുപോലുള്ള വിനാശകരമായ ക്ഷാമത്തിന്റെ അപകടസൂചനകളൊന്നും നിലവിലില്ല. ദക്ഷിണ കൊറിയയിലെ റൂറല്‍ ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന്‍ ഈ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 4.69 ദശലക്ഷം ടണ്‍ ആയിരുന്നു 2021ലെ ധാന്യ ഉല്‍പാദനം. 800,000 ടണ്ണിന്റെ കുറവാണ് പ്രകടം. അതേസമയം, ഉത്തര കൊറിയയിലെ 16.3 ദശലക്ഷം ആളുകള്‍ അഥവാ ജനസംഖ്യയുടെ 63.1 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ജൂലൈയില്‍, യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ കണക്കാക്കിയത്. മുന്‍കാലങ്ങളില്‍, വിദേശ സഹായവും ഇറക്കുമതിയും ഉപയോഗിച്ച് ഉത്തര കൊറിയ കാര്‍ഷിക മേഖലയിലെ തങ്ങളുടെ പോരായ്മകള്‍ മറികടന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, പുറംസഹായങ്ങള്‍ നിരസിച്ചതിനൊപ്പം അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്തിരുന്നു. അയല്‍രാജ്യവും ഉത്തര കൊറിയയുടെ ഏക വ്യാപാര പങ്കാളിയുമായ ചൈനയില്‍നിന്ന് കാര്‍ഷിക ഉപകരണങ്ങളോ വളമോ പോലും ഇറക്കുമതി ചെയ്യുന്നത് അതോടെ ബുദ്ധിമുട്ടിലായി. കോവിഡ് നിയന്ത്രണങ്ങള്‍, ഭക്ഷ്യവിതരണത്തെ ഏറെ സഹായിക്കുന്ന രാജ്യത്തെ അനൗദ്യോഗിക വിപണികളെയും സാരമായി ബാധിച്ചു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് കിമ്മിന്റെ പുതിയ നീക്കമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം തുടരുമ്പോള്‍ തന്നെ, 'സ്വയം ആശ്രയത്വം അല്ലെങ്കില്‍ സ്വയം പര്യാപ്തത' എന്ന സാമ്പത്തിക നയത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കിമ്മിന്റെ തീവ്ര ആഗ്രഹമാണ് ഭക്ഷ്യ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടിയില്‍നിന്ന് വ്യക്തമാകുന്നത്. ചൈനയുമായുള്ള വ്യാപാര-വാണിജ്യ ബന്ധം പോലും പരമാവധി കുറച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.