പഞ്ച്ശീറില്‍ 600ഓളം താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ രൂപീകരണം വൈകുന്നു

 
Panjshir

ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയായ പഞ്ച്ശീര്‍ താഴ്‌വരയില്‍ അറുന്നൂറോളം താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ പ്രതിരോധ സേന നടത്തുന്ന പോരാട്ടത്തിലാണ് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സ്പുട്‌നിക് വാര്‍ത്തയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിന് ഭീകരര്‍ കീഴടങ്ങുകയോ പിടിയിലാകുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ, പഞ്ച്ശീര്‍ താലിബാന്‍ കീഴടക്കിയതായും സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടായേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നീട്ടിവെക്കുന്നതായി താലിബാന്‍ അറിയിച്ചു.

പഞ്ച്ശീറിലെ വിവിധ ജില്ലകളിലായി അറുന്നൂറോളം താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ സേന വക്താവ് ഫഫീം ദഷ്തി ട്വിറ്ററില്‍ അറിയിച്ചു. ആയിരത്തിലധികം താലിബാനികള്‍ പിടിക്കപ്പെടുകയോ സ്വമേധയാ കീഴടങ്ങുകയോ ചെയ്തിട്ടുണ്ട്. മറ്റ് പ്രവിശ്യങ്ങളില്‍നിന്ന് സാധനങ്ങള്‍ ലഭ്യമാകുന്നതില്‍ താലിബാന് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ദഷ്തി കൂട്ടിച്ചേര്‍ത്തു. പ്രതിരോധ സേനയുടെ അവകാശവാദങ്ങളെ ശരിവെക്കുന്ന തരത്തിലാണ് താലിബാന്‍ നടപടികള്‍. പഞ്ച്ശീറില്‍ പ്രതിരോധ സേനക്കെതിരായ താലിബാന്‍ മുന്നേറ്റത്തിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. മേഖലയിലെങ്ങും അഫ്ഗാന്‍ പ്രതിരോധ സേന കുഴിബോംബ് സ്ഥാപിച്ചിട്ടുള്ളതിനാലാണ് മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞതെന്നാണ് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും പ്രതിരോധ സേനയുടെ തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെ, അഫ്ഗാനിലെ സര്‍ക്കാര്‍ രുപീകരണവും വൈകുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപനം അടുത്ത ആഴ്ചത്തേക്ക് നീട്ടിവെച്ചതായാണ് താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ് അറിയിച്ചത്. പുതിയ സര്‍ക്കാരിനെയും ക്യാബിനറ്റിനെയും സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ച വക്താവ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിനുശേഷം രണ്ടാമത്തെ തവണയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നീട്ടിവക്കുന്നത്.

ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും അതിനാലാണ് കൂടുതല്‍ സമയം എടുക്കുന്നതെന്നുമാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി വിവിധ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ നിയമിക്കപ്പെട്ട കമ്മറ്റിയിലെ അംഗം ഖാലില്‍ ഹഖാനി പറയുന്നത്. താലിബാന് മാത്രമായി സര്‍ക്കാര്‍ രൂപീകരണത്തിന് കഴിയും. എന്നാല്‍ എല്ലാ പാര്‍ട്ടികളെയും വിഭാഗങ്ങളെയും ഗ്രൂപ്പുകളെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പതിപ്പിനാണ് സര്‍ക്കാര്‍ രൂപീകരണത്തിലൂടെ താലിബാന്‍ ശ്രമിക്കുന്നതെന്നും ഹഖാനി വ്യക്തമാക്കി. വിവിധ സംഘടനകളെ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരണം താലിബാന്‍ നടത്തുമെന്നാണ് യുഎസ് ഉള്‍പ്പെടുന്ന ലോകരാജ്യങ്ങള്‍ കരുതുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അഭിപ്രായപ്പെട്ടിരുന്നു. അഫ്ഗാന്‍ പിടിച്ചെടുത്തതിനു പിന്നാലെ താലിബാന് റഷ്യ, ചൈന ഉള്‍പ്പെടെ രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായും താലിബാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.