'മ്യാന്‍മറില്‍ പട്ടാളഭരണവും അരക്ഷിതാവസ്ഥയും; ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത് 15,000 ലധികം പേര്‍'

 
d

മ്യാന്‍മറില്‍ ഫെബ്രുവരിയില്‍ നടന്ന സൈനിക അട്ടിമറിക്ക് ശേഷം 15,000 ത്തിലധികം പേര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയതായി യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസ് പൊതുസഭയില്‍ പറഞ്ഞു.  സായുധ ഏറ്റുമുട്ടലുകളില്‍ അതിര്‍ത്തി രാജ്യങ്ങളായ തായ്ലന്‍ഡ്, ചൈന, ഇന്ത്യ എന്നിവര്‍ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.    

മ്യാന്‍മാറിലെ രോഹിങ്ക്യന്‍ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശത്തെ കുറിച്ചും ഗുട്ടെറസ് ചൂണ്ടികാട്ടി. ഫെബ്രുവരി ഒന്നു മുതല്‍ ജനകീയ പ്രക്ഷോഭങ്ങളും സായുധ ഏറ്റുമുട്ടലുകളെയും തുടര്‍ന്ന് സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് ഏകദേശം 336,000 ആളുകള്‍ പലയിടങ്ങളിലേക്ക് മാറേണ്ടി വന്നു. സംഘര്‍ഷങ്ങളും അക്രമങ്ങളും കാരണം 2.20 ലക്ഷത്തിലധികം ജനങ്ങള്‍  പലായനം ചെയ്തു.  കൂടാതെ, 15,000 ത്തിലധികം ആളുകള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതായി കണക്കാക്കപ്പെടുന്നു. 7,000 ല്‍ പരം ആളുകള്‍ തായ്‌ലന്‍ഡിലേക്കും കടന്നു, ഇവരെല്ലാം തിരിച്ചെത്തി ഇപ്പോള്‍ മ്യാന്‍മാറില്‍  കുടിയൊഴിപ്പിക്കപ്പെട്ടവരായി കണക്കാക്കുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു,  2020 ആഗസ്റ്റ് 15 മുതല്‍ 2021 ആഗസ്റ്റ് 14 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളാണിവ.

മ്യാന്‍മര്‍ ഇന്ത്യയുമായി അതിര്‍ത്തി തിരിക്കാതെ 1600 കിലോമീറ്ററോളം കരഭാഗവും ബംഗാള്‍ ഉള്‍ക്കടലിലെ സമുദ്രാതിര്‍ത്തിയും പങ്കിടുന്നു. നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം എന്നിവ മ്യാന്‍മാറുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്നുണ്ട്.

ഫെബ്രുവരി മുതല്‍ രാജ്യത്തുടനീളം സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതായും 2015 മുതല്‍ രാജ്യവ്യാപകമായ വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങങ്ങളില്‍  മ്യാന്‍മര്‍ സൈന്യം അധികാരം പിടിച്ചെടുക്കുകയും ഓങ് സാന്‍ സൂചിയും പ്രസിഡന്റ് യു വിന്‍ മൈന്റും ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവയ്ക്കുകയും ചെയ്തതായി  ഗുട്ടെറസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

തായ്‌ലന്‍ഡ്, ചൈന, ഇന്ത്യ എന്നിവയുടെ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും, ടാറ്റ്മാഡോ, വംശീയ സായുധ സംഘടനകള്‍, പുതുതായി രൂപീകരിച്ച സിവിലിയന്‍ പീപ്പിള്‍സ് പ്രതിരോധ സേന എന്നിവയ്ക്കിടയില്‍ സായുധ സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, ഇത് പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തി. റോഹിങ്ക്യകള്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുടനീളം അപകടകരമായ യാത്രകള്‍ തുടരുകയാണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണില്‍, ഡസന്‍ കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി ഒരു ബോട്ട് ബംഗ്ലാദേശ് അല്ലെങ്കില്‍ മ്യാന്‍മര്‍ വിട്ടതിന് ശേഷം ഇന്തോനേഷ്യയിലെ ആസേയില്‍ എത്തി, എഞ്ചിന്‍ തകരാറ് അത് മാസങ്ങളോളം ആന്‍ഡമാന്‍ കടലില്‍ കുടുങ്ങി കിടക്കുകയും  ചില അഭയാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. എന്നാല്‍ സമാന രീതിയില്‍ കുടുങ്ങിയ മറ്റൊരു ബോട്ട് ഫെബ്രുവരിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

സൈനിക ഏറ്റെടുക്കലിനെ എതിര്‍ക്കുന്ന ആളുകള്‍ക്കെതിരെയും, ജനകീയ സമരം നടത്തുന്നവര്‍ക്കെതിരെയും  സ്വയം പ്രഖ്യാപിത തദ്ദേശീയ ഭരണകൂടത്തിനെതിരെയും സുരക്ഷാ സേന നടത്തിയ ക്രൂരത വ്യാപകമായിരുന്നുവെന്ന്  റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. സൈന്യത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരും ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ ചേരുന്നവരും, അവരുടെ ബന്ധുക്കളും കൂട്ടാളികളും, ഏകപക്ഷീയമായ കൊലപാതകങ്ങള്‍ക്കും തടങ്കലുകള്‍ക്കും, തിരോധാനങ്ങള്‍, രാത്രി റെയ്ഡുകള്‍, ഭീഷണിപ്പെടുത്തലുകള്‍, പീഡനങ്ങള്‍ എന്നിവയ്ക്ക് വിധേയരായിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

സുരക്ഷാ സേന നടത്തിയ അക്രമങ്ങള്‍ കൂടാതെ സൈന്യവുമായി സഹകരിച്ചതായി സംശയിക്കുന്ന വ്യക്തികളെ കൊല്ലുന്നതടക്കമുള്ള അക്രമങ്ങളും സുരക്ഷാ സേനയെ ലക്ഷ്യം വച്ചുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. വിഷയത്തില്‍ എല്ലാ ഭാഗത്തു നിന്നും പരമാവധി സംയമനം പാലിക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഇഷ്ടത്തെ മാനിക്കണമെന്നും അക്രമത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും രാജ്യത്ത് സമാധാനത്തിന്റെയും സുസ്ഥിരതയുടെയും താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കണമെന്നും സൈന്യത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു.

പ്രസിഡന്റ് വിന്‍ മൈന്റ്, സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചി എന്നിവരടക്കമുള്ള സര്‍ക്കാര്‍ അംഗങ്ങളെ ഏകപക്ഷീയമായി തടഞ്ഞുവെക്കുന്നതില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും, തുടര്‍ച്ചയായ അക്രമത്തെ അപലപിക്കുകയും അതേസമയം തടങ്കലിലാക്കിയ എല്ലാവരെയും ഉടന്‍ മോചിപ്പിക്കാനും ആവശ്യപ്പെട്ടു. 'അയല്‍ രാജ്യങ്ങള്‍ക്ക് സൈന്യത്തിന്മേലുള്ള അവരുടെ സ്വാധീനം പ്രയോജനപ്പെടുത്താനും ജനങ്ങളുടെ താല്‍പര്യത്തെ മാനിക്കാനും രാജ്യത്തിനകത്തു  സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ കഴിയണമെന്നും,' അദ്ദേഹം പറഞ്ഞു.

മ്യാന്‍മര്‍ ദീര്‍ഘകാലമായി അരക്ഷിതാവസ്ഥയും അസ്ഥിരതയും നേരിടുന്നതില്‍ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു, ജനങ്ങളുടെ മനസറിഞ്ഞുള്ള  ഭരണം പ്രാപ്തമാക്കുന്നതിന് ആഭ്യന്തര, പ്രാദേശിക, അന്തര്‍ദേശീയ നേതാക്കള്‍ക്കിടയില്‍ യോജിച്ച ശ്രമങ്ങള്‍ നടത്തേണ്ടത് പ്രധാനമാണ്. വലിയ തോതിലുള്ള സായുധ സംഘട്ടനത്തിന്റെ അപകടസാധ്യതയില്‍ തെക്ക്-കിഴക്കന്‍ ഏഷ്യയുടെ ഹൃദയഭാഗത്ത് മഹാവിപത്ത് തടയാന്‍ ഒരു കൂട്ടായ സമീപനം ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു.

'അതിവേഗം വഷളാകുന്ന ഭക്ഷ്യസുരക്ഷ, വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍, ദുര്‍ബലമായ പൊതുജനാരോഗ്യ സംവിധാനം എന്നിവ ഉള്‍പ്പെടുന്ന ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങള്‍, കോവിഡിന്റെ പുതിയ തരംഗം, തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ഒരു ഏകോപിത സമീപനം ആവശ്യമാണ്,' ഗുട്ടെറസ് പറഞ്ഞു. മ്യാന്‍മറിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനും കൂടുതല്‍ പ്രാദേശിക പ്രത്യാഘാതങ്ങള്‍ തടയുന്നതിനും സഹായിക്കുന്നതിനും ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.