പട്ടാളഭരണവും അരക്ഷിതാവസ്ഥയും; മാനുഷിക പ്രതിസന്ധിയില്‍ മ്യാന്മര്‍ ജനത

 
Myanmar Protests

30 ലക്ഷം ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യം

പട്ടാളഭരണം തുടരുന്ന മ്യാന്മറിലെ ജനത, മുമ്പെങ്ങുമില്ലാത്തവിധമുള്ള ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സംഘര്‍ഷങ്ങളും സായുധ ഏറ്റുമുട്ടലുകളും തുടരുന്നത് ജനങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. 2.20 ലക്ഷത്തിലധികം ജനങ്ങള്‍ ഇതിനോടകം പലായനം ചെയ്തു. അതിനിടെ, കോവിഡ് ഉയര്‍ത്തിയ ആശങ്കകള്‍ മനുഷ്യജീവിതത്തെ കൂടുതല്‍ നിസഹായതയിലേക്ക് തള്ളിവിട്ടിരിക്കുന്നു. മ്യാന്മര്‍ ജനത മാനുഷിക പ്രതിസന്ധി നേരിടുകയാണെന്നാണ് യുഎന്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒസിഎച്ച്എ) പറയുന്നത്. രാജ്യത്ത് ഏകദേശം 30 ലക്ഷം ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നും യുഎന്‍ വിലയിരുത്തുന്നു. 

പട്ടാള അട്ടിമറി, ജനകീയ പ്രക്ഷോഭം
കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ നാഷണല്‍ ലീഗ് വന്‍വിജയം നേടിയിരുന്നു. എന്നാല്‍ ഈ ഫലം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ആരോപിച്ച് സൈന്യം പിന്തുണ നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ, ഫെബ്രുവരിയില്‍ സ്റ്റേറ്റ് ഓഫ് കൗണ്‍സിലര്‍ പദവിയിലിരുന്ന ഓങ് സാങ് സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും സൈന്യം തടവിലാക്കി. ഭരണപക്ഷത്തുള്ള മറ്റു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും അറസ്റ്റിലായി. പിന്നാലെ, രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി സൈന്യം അറിയിച്ചു. വാര്‍ത്താവിതരണ സംവിധാനം ഉള്‍പ്പെടെ നിയന്ത്രണത്തിലാക്കിയ സൈന്യം ഒരു വര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പട്ടാള അട്ടിമറി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചു. രാജ്യം കൂടുതല്‍ പ്രക്ഷുബ്ധമായി. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ സായുധസേന തെരുവിലിറങ്ങി. അവര്‍ നിര്‍ദയം ജനങ്ങളെ നേരിട്ടതോടെ, മ്യാന്മറിന്റെ തെരുവോരങ്ങള്‍ വലിയ രക്തച്ചൊരിച്ചിലിന് സാക്ഷികളായി. ഇന്ത്യയും യുഎസും ഉള്‍പ്പെടെ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചെങ്കിലും പട്ടാള ഭരണകൂടം വഴങ്ങിയില്ല. മ്യാന്മറില്‍ വര്‍ധിക്കുന്ന ചൈനീസ് സ്വാധീനത്തിലും ലോകത്തിന് ആശങ്കയുണ്ട്.

അരക്ഷിതാവസ്ഥ, പലായനം, കോവിഡ്
ഫെബ്രുവരി ഒന്നു മുതല്‍ ജനകീയ പ്രക്ഷോഭങ്ങളും സായുധ ഏറ്റുമുട്ടലുകളും തുടരുന്നു. അരക്ഷിതാവസ്ഥ കാരണം 2.20 ലക്ഷത്തിലധികം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. യാങ്കോണ്‍, മണ്ടാലെ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ക്കും തെക്ക്-കിഴക്ക്, പടിഞ്ഞാറന്‍ മ്യാന്മറിലുള്ളവരെയുമാണ് സംഘര്‍ഷം ഏറ്റവുമധികം ബാധിച്ചത്. കച്ചിന്‍, ഷാന്‍, ചിന്‍, കയാഹ്, കെയ്ന്‍ തുടങ്ങിയ സംസ്ഥാനങ്ങളും സാഗയിംഗ്, മാഗ്വേ എന്നീ ടൗണ്‍ഷിപ്പുകളും പ്രതിസന്ധികള്‍ക്കു നടുവിലാണ്. അതിനിടെയാണ് കോവിഡ് ഭീഷണിയ സൃഷ്ടിക്കുന്നത്. സെപ്റ്റംബര്‍ 24 വരെ 4,55,000 കേസുകളും 17,000 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കണക്കും കൃത്യമല്ല. രാജ്യത്ത് കോവിഡ് പരിശോധന കുറവായതിനാല്‍, യഥാര്‍ത്ഥ കണക്കുകള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കാനാണ് സാധ്യത. 

30 ലക്ഷം ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യം 
അരക്ഷിതാവസ്ഥയും കോവിഡും മൂലം മ്യാന്മര്‍ ജനത അനുഭവിക്കുന്നത് മാനുഷിക പ്രതിസന്ധിയാണെന്നാണ് യുഎന്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് വിലയിരുത്തുന്നത്. ഏകദേശം 30 ലക്ഷം ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നും യുഎന്‍ പ്രസ്താവനയില്‍ പറയുന്നു. വെല്ലുവിളികള്‍ക്കിടയിലും അടിയന്തര സഹായമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. മെയ് മുതല്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം യാങ്കോണ്‍ മേഖലയില്‍ 8,00,000 ത്തിലധികം പേര്‍ക്ക് സഹായമെത്തിച്ചിട്ടുണ്ട്. 30 ലക്ഷം ആളുകളെ സഹായിക്കാനുള്ള മ്യാന്മര്‍ ഹുമാനിറ്റേറിയന്‍ റെസ്‌പോണ്‍സ് പ്ലാനിന് 276.7 മില്യണ്‍ യുഎസ് ഡോളറാണ് ആവശ്യം. അതില്‍ 47 ശതമാനം ഫണ്ട് ചെയ്തിട്ടുണ്ട്. 146 മില്യണ്‍ യുഎസ് ഡോളര്‍ കണ്ടെത്തേണ്ടതുണ്ടെന്നും യുഎന്‍ അറിയിച്ചു.