പ്രപഞ്ച രഹസ്യം തേടിയൊരു യാത്ര; ലോകത്തിലെ ഏറ്റവും ശേഷിയേറിയ ടെലസ്‌കോപ്പിന്റെ വിശേഷങ്ങള്‍

 
James Webb Space Telescope
ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ പിന്‍ഗാമിയാണ് ജയിംസ് വെബ്ബ്

പ്രപഞ്ച രഹസ്യങ്ങളുടെ പൊരുള്‍ തേടിയുള്ള പ്രയാണത്തിലാണ് ജയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്. ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് 5.50ഓടെ ഫ്രഞ്ച് ഗയാനയില്‍നിന്ന് ഏരിയന്‍-അഞ്ച് റോക്കറ്റ് ഭീമന്‍ ടെലസ്‌കോപ്പുമായി കുതിച്ചുയര്‍ന്നു. പറന്നുയര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ പേടകം വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. മൂന്ന് തവണ സഞ്ചാരപാത മാറ്റിയശേഷമാകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. 12 മണിക്കൂര്‍ പിന്നിടുമ്പോഴാണ് സഞ്ചാരപാത ആദ്യമായി മാറുക. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലിരട്ടി അഥവാ 15 ലക്ഷം കിലോമീറ്റര്‍ അകലെ എല്‍-രണ്ട് ഭ്രമണപഥത്തിലാണ് ജയിംസ് വെബ്ബ് സ്ഥിതി ചെയ്യുക. അവിടെയെത്താന്‍ ഒരു മാസം ആവശ്യമാണ്. എല്ലാ സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിച്ച ശേഷമായിരിക്കും ദൗത്യം ആരംഭിക്കുക. ടെലസ്‌കോപ്പ് കമ്മീഷന്‍ ചെയ്യാന്‍ ആറുമാസമെങ്കിലും വേണ്ടിവരും. അതിനുശേഷമേ ചിത്രങ്ങള്‍ കിട്ടാന്‍ തുടങ്ങൂ. സൂര്യന്റെ ശക്തമായ പ്രകാശത്തില്‍നിന്ന് ഭൂമിയും സോളാര്‍ ഷീല്‍ഡുമാണ് ടെലസ്‌കോപ്പിന് സംരക്ഷണം നല്‍കുക. പ്രപഞ്ച വിസ്മയങ്ങളിലേക്ക് ശാസ്ത്രലോകത്തെ അടുപ്പിച്ച ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ പിന്‍ഗാമിയാണ് ജയിംസ് വെബ്ബ്. 

ശാസ്ത്രലോകത്തെ പുതുചരിത്രം
1990 ഏപ്രില്‍ 24നായിരുന്ന ശാസ്ത്രലോകത്ത് പുതിയ ചരിത്രം രചിക്കപ്പെട്ടത്. അന്നാണ്, ഹബ്ബിള്‍ സ്പേസ് ടെലസ്‌കോപ്പ് നാസ വിക്ഷേപിച്ചത്. ഭൗമാന്തരീക്ഷത്തിലെ പൊടിയുടെയും പുകയുടെയും തടസങ്ങളേതുമില്ലാതെ പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള വഴിയാണ് ഹബ്ബിള്‍ തുറന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഹബ്ബിള്‍ തന്റെ സേവനം തുടരുന്നു. അഞ്ച് സര്‍വീസ് മിഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുള്ള ഹബ്ബിള്‍ 2030-40 വരെ നിലനിന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഹബ്ബിളിന്റെ വിക്ഷേപണത്തിനു പിന്നാലെ, അതിനേക്കാള്‍ മികച്ച സ്‌പേസ് ടെലസ്‌കോപ്പിനായുള്ള ഗവേഷണത്തിന് നാസ തുടക്കമിട്ടു. 'നെക്സ്റ്റ് ജനറേഷന്‍ സ്പേസ് ടെലസ്‌കോപ്പ്' എന്നായിരുന്നു അതിന് നല്‍കിയ പേര്. എന്നാല്‍, 2002ല്‍ അത് പുനര്‍നാമകരണം ചെയ്തു. നാസ മേധാവിയായിരുന്നു ജയിംസ് വെബ്ബിന്റെ പേര് ടെലസ്‌കോപ്പിന് നല്‍കി. 2007ല്‍ ടെലസ്‌കോപ്പ് വിക്ഷേപിക്കാനായിരുന്നു പദ്ധതി. 50 കോടി ഡോളറായിരുന്നു പദ്ധതിയുടെ ബജറ്റ്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പലതവണ പദ്ധതിയെ ബാധിച്ചു. 2005ല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റേണ്ടിവന്നു. അതോടെ, ചെലവും വര്‍ധിച്ചു. 2011ല്‍ പദ്ധതി റദ്ദാക്കാന്‍ യുഎസ് പ്രതിനിധിസഭ തീരുമാനിച്ചു. എന്നാല്‍, അതേവര്‍ഷം തന്നെ തീരുമാനം പുനപരിശോധിച്ചതോടെ പദ്ധതി വീണ്ടും സജീവമായി. 2016ല്‍ ടെലസ്‌കോപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി. അവസാനവട്ട പരീക്ഷണങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കി 2017-18ല്‍ വിക്ഷേപിക്കുമെന്ന കരുതിയിരുന്ന പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 

ജയിംസ് വെബ്ബ് എന്ന അതിശയം
14 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും 30 വര്‍ഷത്തെ പരിശ്രമഫലമാണ് ജയിംസ് വെബ്ബ്. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ സംയുക്തമായാണ് ടെലിസ്‌കോപ്പ് നിര്‍മിച്ചത്. പത്ത് ബില്യണ്‍ യുഎസ് ഡോളറാണ് ആകെ ചെലവ്. പത്ത് വര്‍ഷമാണ് ടെലസ്‌കോപ്പിന്റെ കാലാവധി. പ്രപഞ്ചത്തിന്റെ പിറവി, ശൈശവദശ, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവയുടെ ആദിമകാലം എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് ജയിംസ് വെബ്ബിന്റെ ലക്ഷ്യം. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടെ ദൗത്യം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയെ കൂടാതെ ജീവനുള്ള മറ്റു ഗ്രഹങ്ങളുണ്ടോയെന്ന അന്വേഷണങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ജയിംസ് വെബ്ബിന് കഴിഞ്ഞേക്കും. 

James Webb Space Telescope

ലോകത്തില്‍ ഇന്നേവരെ നിര്‍മിച്ചതില്‍ ഏറ്റവും ശേഷിയേറിയ ടെലിസ്‌കോപ്പ് എന്നാണ് ജയിംസ് വെബ് വിശേഷിപ്പിക്കപ്പെടുന്നത്. 31 വര്‍ഷമായി ബഹിരാകാശത്തുള്ള ഹബ്ബിളിനേക്കാള്‍ നൂറിരട്ടി നിരീക്ഷണ ശേഷിയാണ് ജയിംസ് വെബ്ബിനുള്ളത്. നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ, നിയര്‍-ഇന്‍ഫ്രാറെഡ് സ്പെക്ട്രോഗ്രാഫ്, മിഡ്-ഇന്‍ഫ്രാറേഡ് ഇന്‍സ്ട്രുമെന്റ്, ഫൈന്‍ ഗൈഡന്‍സ് സെന്‍സര്‍/നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സ്ലിറ്റ്ലെസ്സ് സ്പെക്ട്രോഗ്രാഫ് എന്നിങ്ങനെ നാല് ഉപകരണങ്ങളാണ് ടെലസ്‌കോപ്പിനുള്ളത്. നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറയാണ് ടെലസ്‌കോപ്പിന്റെ പ്രൈമറി ഇമേജര്‍. പ്രകാശ, യു.വി കിരണങ്ങള്‍ ഉപയോഗിച്ചാണ് ഹബ്ബിള്‍ ചിത്രങ്ങളെടുത്തിരുന്നത്. ഇന്‍ഫ്രാ റെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് ജയിംസ് വെബ്ബ് പ്രവര്‍ത്തിക്കുക. ഹബ്ബിളിന്റെ 2.4 മീറ്റര്‍ വ്യാസമുള്ള പ്രൈമറി മിററുമായി താരതമ്യം ചെയ്യുമ്പോള്‍ 6.5 മീറ്റര്‍ വ്യാസമുള്ള മിററാണ് ജെയിംസ് വെബ്ബിനുള്ളത്. സ്വര്‍ണംപൂശിയ 18 ബെരിലിയം ഭാഗങ്ങള്‍ ചേര്‍ന്നതാണ് ജയിംസ് വെബ്ബിന്റെ മെയിന്‍ മിറര്‍. പതിനെട്ട് ഭാഗങ്ങളും ചേര്‍ന്നാണ് വിദൂരവസ്തുക്കളെ ഒറ്റ ദൃശ്യമായി ഫോക്കസ് ചെയ്യുക.