കൊറോണ വൈറസിന് പുതിയ വകഭേദം; വ്യാപനശേഷി കൂടുതല്‍, വാക്‌സിനെയും അതിജീവിക്കും: പഠനം 

 
Corona Virus

ഈ വര്‍ഷം മെയിലാണ് സി.1.2 വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ പുതിയ വകഭേദം അതിതീവ്ര വ്യാപന ശേഷിയുള്ളതെന്ന് പഠനം. മറ്റു പല രാജ്യങ്ങളിലും സാന്നിധ്യമുള്ള സി.1.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതും പ്രതിരോധ വാക്‌സിനുകളെ അതിജീവിക്കാന്‍ ശേഷിയുള്ളതുമാണെന്നും പഠനം പറയുന്നു. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നേറ്റല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഈ വര്‍ഷം മെയിലാണ് സി.1.2 വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ആഗസ്റ്റ് പതിമൂന്നിനിടെ ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് ഉള്‍പ്പെടെ രാജ്യങ്ങളിലും പുതിയ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 

സി.1 വകഭേദത്തില്‍നിന്ന് പരിണമിച്ചുണ്ടായ സി.1.2ന് ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ള വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രതിമാസം, ദക്ഷിണാഫ്രിക്കയിലെ സി.1.2 വകഭേദത്തിന്റെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ 0.2 ശതമാനമാണ് സ്ഥീരികരിച്ചതെങ്കില്‍ ജൂണില്‍ 1.6 ശതമാനമായും ജൂലൈയില്‍ 2 ശതമാനമായും ആ വകഭേദം ഉയര്‍ന്നു. 41.8 ആണ് സി.1.2 വര്‍ഗത്തിന്റെ പ്രതിവര്‍ഷ പരിവര്‍ത്തന നിരക്ക്. ഇത് മറ്റു വകഭേദങ്ങളുടെ നിലവിലെ ആഗോള പരിവര്‍ത്തന നിരക്കിനേക്കാള്‍ ഇരട്ടി വേഗതയുള്ളതാണെന്നും പഠനം പറയുന്നു.

ഇത് കൂടുതല്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള വകഭേദമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ വൈറോളജിസ്റ്റ് ഉപാസന റായിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പൈക്ക് പ്രോട്ടീനില്‍ വളരെയധികം പരിവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍, ഇതിന് പ്രതിരോധങ്ങളെ അതിജീവിക്കാന്‍ സാധിച്ചേക്കും. ഇത് പടര്‍ന്നാല്‍, ലോകമെങ്ങും നടക്കുന്ന വാക്‌സിനേഷന്‍ പ്രക്രിയയ്ക്കു തന്നെ ഒരു വെല്ലുവിളിയായേക്കുമെന്നും ഉപാസന റായ് കൂട്ടിച്ചേര്‍ത്തു.