യാത്രയ്ക്കും വസ്ത്ര ധാരണത്തിനും കര്‍ശന നിര്‍ദ്ദേശങ്ങള്‍; അഫ്ഗാനില്‍ സ്ത്രീകള്‍ തടവുകാരോ?

 
d

അഫ്ഗാനിസ്ഥാനല്‍ സ്ത്രീകളുടെ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി താലിബാന്‍. ദീര്‍ഘദൂര യാത്ര ആഗ്രഹിക്കുന്ന സ്ത്രീകള്‍ അടുത്ത ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ റോഡ് ഗതാഗതം അനുവദിക്കില്ലെന്നാണ് താലിബാന്‍ അധികൃതര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 
യാത്രകളില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകള്‍ ഉറപ്പു വരുത്തണമെന്നും  അല്ലാത്ത പക്ഷം യാത്രകള്‍ അനുവദിക്കില്ലെന്നും താലിബാന്‍ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മനുഷ്യാകകാശ സംഘടനകള്‍ ഉന്നയിച്ചത്. 

ആഗസ്റ്റ് 15-ന് അധികാരം പിടിച്ചെടുത്തതിന് ശേഷം പൊതുമേഖലാ സ്ഥാനത്തുള്ള നിരവധി സ്ത്രീകളെ ജോലിയില്‍ തിരിച്ചെത്തുന്നതിന് താലിബാന്‍ തടഞ്ഞിരുന്നു. ഇതിന് ശേഷമാണ് പുതിയ നീക്കം. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം വിലക്കുന്നതുള്‍പ്പെടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെ ശക്തമായ നിയന്ത്രണങ്ങളും താലിബാന്‍ കൊണ്ടുവന്നിരുന്നു. 

ഇപ്പോള്‍ സ്ത്രീകളുടെ ദീര്‍ഘദൂര യാത്രകള്‍ക്കാണ്  ബന്ധുക്കളായ പുരുഷന്മാര്‍ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചത്. 72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാര്‍ ഉണ്ടാകേണ്ടത്. ബന്ധുക്കളായ പുരുഷന്മാര്‍ കൂടെ ഇല്ലെങ്കില്‍ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കെരുതെന്നാണ് നിര്‍ദ്ദേശം. 

സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വാഹനങ്ങളില്‍ സംഗീതം പ്ലേ ചെയ്യുന്നത് നിര്‍ത്താനും ആവശ്യപ്പെടുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് വനിതാ അഭിനേതാക്കളെ അവതരിപ്പിക്കുന്ന നാടകങ്ങളും ഓപ്പറകളും പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്താന്‍ അഫ്ഗാനിസ്ഥാനിലെ ടെലിവിഷന്‍ ചാനലുകളോട് മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമം പ്രഖ്യാപിക്കപ്പെട്ടത്. വനിതാ ടിവി മാധ്യമപ്രവര്‍ത്തകരോട് അവതരണം നടത്തുമ്പോള്‍ ശിരോവസ്ത്രം ധരിക്കാനും ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍, മുടി മറയ്ക്കുന്നത് മുതല്‍ മുഖം മൂടുകയോ ശരീരം മുഴുവന്‍ മൂടുകയോ ചെയ്യാവുന്ന ഹിജാബിനെക്കുറിച്ചുള്ള താലിബാന്റെ വ്യാഖ്യാനം വ്യക്തമല്ല. അഫ്ഗാന്‍ സ്ത്രീകളില്‍ ഭൂരിഭാഗവും താലിബാന്റെ രണ്ടാം വരവോടെ ശിരോവസ്ത്രം ധരിക്കുന്നത് പതിവാക്കിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഈ മാസം ആദ്യം, സ്ത്രീകളുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കികൊണ്ട് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് അവരുടെ പരമോന്നത നേതാവിന്റെ പേരില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത്. 

അതേസമയം പുതിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നിലേക്ക് സഹായം തിരികെ ലഭിക്കുന്നതിനുമുള്ള താലിബാന്റെ പോരാട്ടം സ്ത്രീകള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലേക്ക് നയിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളോടുള്ള ആദരവ്, സഹായം പുനഃസ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായി പ്രധാന ആഗോള ദാതാക്കള്‍ ആവര്‍ത്തിച്ച് ഉദ്ധരിച്ചിട്ടുണ്ട്. അതേസമയം ഈ ശൈത്യകാലത്ത് അഫ്ഗാനിസ്ഥാന്‍ കൊടിയ പട്ടിണിയെ അഭിമുഖീകരിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 22 ദശലക്ഷം പൗരന്മാര്‍ ഭക്ഷ്യക്ഷാമം നേരിടുമെന്നാണ് കണക്കാക്കുന്നത്. 

പുതിയ ഉത്തരവ് പ്രധാനമായും നീങ്ങുന്നത് സ്ത്രീകളെ തടവുകാരാക്കുന്ന ദിശയിലേക്കാണ് പോകുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ  സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന അസോസിയേറ്റ് ഡയറക്ടര്‍ ഹെതര്‍ ബാര്‍ എഎഫ്പിയോട് പറഞ്ഞു. 'അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യാനും ബിസിനസ്സ് ചെയ്യാനും (അല്ലെങ്കില്‍) അവര്‍ വീട്ടില്‍ അക്രമം നേരിടുകയാണെങ്കില്‍ രക്ഷപ്പെടാനുമുള്ള അവസരങ്ങളെ ഇത് തടയുന്നു', അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം, താലിബാന്‍ അവരുടെ പരമോന്നത നേതാവിന്റെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനത്തെ പരാമര്‍ശിച്ചിരുന്നില്ല. അധികൃതര്‍ വിഷയം ചര്‍ച്ച ചെയ്യുകയാണെന്ന് ഞായറാഴ്ച അഫ്ഗാനിസ്ഥാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാഖി ഹഖാനി പറഞ്ഞു. ഇസ്ലാമിക് എമിറേറ്റ് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ലെന്നും സഹവിദ്യാഭ്യാസത്തിന് എതിരാണെന്നും ഹഖാനി മാധ്യമങ്ങളോട് പറഞ്ഞു. 'സ്ത്രീകള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ഒരു ഇസ്ലാമിക അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയാണ്... അതിന് കുറച്ച് സമയമെടുത്തേക്കാം,' രാജ്യത്തുടനീളമുള്ള സ്‌കൂള്‍, യൂണിവേഴ്സിറ്റി ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ എപ്പോള്‍ മടങ്ങിവരുമെന്ന് വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അനാവശ്യ മന്ത്രാലയങ്ങളെന്ന മുദ്രകുത്തി വനിതാകാര്യ മന്ത്രാലയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് മന്ത്രാലയവും സമാധാന മന്ത്രാലയവും പാര്‍ലമെന്ററി കാര്യ മന്ത്രാലയവും താലിബാന്‍ നിര്‍ത്തലാക്കി. രാജ്യം അതിഭീകരമായ ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ പോവുകയാണെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് താലിബാന്റെ പുതിയ ഭരണ പരിഷ്‌ക്കാരങ്ങള്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്രവും ആദരവും നല്‍കണമെന്നാണ് ആഗോള സാമ്പത്തിക ദാതാക്കള്‍ താലിബാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

താലിബാന്റെ മുന്‍ ഭരണകാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖ ധരിക്കാന്‍ അഫ്ഗാനിലെ സ്ത്രീകള്‍ നിര്‍ബന്ധിതരായി. കുടുംബത്തിലെ പുരുഷനൊപ്പമല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനോ, ജോലിക്കോ എന്തിന് സ്‌കൂളിലേക്ക് പോലും പോകുന്നത് വിലക്കപ്പെട്ടിരുന്നു.