പ്രസിഡന്റിന്റെ വസതിയൊഴിഞ്ഞ് പ്രതിഷേധക്കാര്‍; റനില്‍ വിക്രമസിംഗെ ശ്രീലങ്കയെ കരകയറ്റുമോ?

ശ്രീലങ്കയുടെ എട്ടാമത്തെ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറകള്‍ക്ക് ശേഷം അഗ്രാലയയില് അവസാനം പിടിച്ചെടുത്ത പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് പ്രതിഷേധക്കാര്‍ ഒഴിഞ്ഞു. കനത്ത സുരക്ഷയില്‍ പാര്‍ലമെന്റ് മന്ദിരത്തിലാണ് എഴുപത്തിമൂന്നുകാരനായ റനില്‍ സത്യപ്രതിജ്ഞ ചെയ്തത്. റനിലിനോടു താല്പര്യമില്ലെങ്കിലും ലങ്കയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ റനിലിന് ആകുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാര്‍. ''ഞങ്ങള്‍ കെട്ടിടം ഒഴിയാന്‍ തീരുമാനിച്ചു, അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ റനിലിന് ന്യായമായ സമയം നല്‍കും.' അവര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ നേരത്തെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളും പ്രധാനമന്ത്രിയുടെ ഓഫീസും ഒഴിഞ്ഞിരുന്നുവെങ്കിലും അപ്പോഴും ഗല്ലേ ഫേസിലെ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലെ ചില മുറികളില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു.

പുതിയ സാഹചര്യത്തില്‍ യുവതലമുറയുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം വിക്രമസിംഗെ പറഞ്ഞിരുന്നു. രണ്ട് വിരുദ്ധ വിഭാഗങ്ങളുടെയും തെറ്റായ തീരമാനങ്ങള്‍ രാജ്യത്തെ രാജ്യത്തെ നശിപ്പിച്ചുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രം കെട്ടിപ്പടുക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് രാജ്യത്തെ യുവാക്കള്‍ ചോദിക്കുന്നു, പാര്‍ലമെന്റിനെ പ്രതിനിധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനകീയ സമരത്തിന്റെ മറവില്‍ വീടുകള്‍ കത്തിക്കുന്നതും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസ് കൈക്കലാക്കുന്നതും ജനാധിപത്യ പരമല്ലെന്നും നിയമ വിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രിസഭയെ വെള്ളിയാഴ്ച നിയമിക്കുമെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഫ്ളവര്‍ റോഡിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
വ്യാഴാഴ്ച നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പുതുതായി വിക്രമസിംഗെയുമായി ചര്‍ച്ച നടത്തി.
രാജ്യത്തെ പ്രതിസന്ധിയും ആഭ്യന്തരകലാപവും ഒഴിവാക്കുന്നതിന് പിന്തുണ നല്‍കുമെന്ന് ആവര്‍ത്തിച്ചതായി പ്രേമദാസ പറഞ്ഞു. രാഷ്ട്രീയ അവസരവാദികള്‍ക്ക് മന്ത്രിപദവികള്‍ വിട്ടുനല്‍കാതെ ദേശീയ സമവായം കൈവരിക്കുന്നതിന് പാര്‍ലമെന്റില്‍ കമ്മിറ്റി സംവിധാനം ശക്തിപ്പെടുത്താനും താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ജനങ്ങള്‍ ഞങ്ങളോട് പഴയ രാഷ്ട്രീയം ആവശ്യപ്പെടുന്നില്ല. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയോടും മുന്‍ പ്രസിഡന്റുമാരായ രാജപക്സെയും മൈത്രിപാല സിരിസേനയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളോടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കണം,'' ''കഴിഞ്ഞ 48 മണിക്കൂറുകളായി ഞങ്ങള്‍ ഭിന്നിച്ചു. ആ കാലഘട്ടം ഇപ്പോള്‍ കഴിഞ്ഞു. നമുക്ക് ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം, '' തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ വിക്രമസിംഗെ പറഞ്ഞു.
രാജ്യത്തെ രക്ഷിക്കുന്നതിനായുള്ള പായ്ക്കേജിനായി രാജ്യാന്തര നാണ്യനിധിയുമായുള്ള (ഐഎംഎഫ്) കൂടിക്കാഴ്ച റനിലിന്റെ നേതൃത്വത്തില്‍ ഇനി പുരോഗമിക്കും. രാജ്യം വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് പോകുന്നതെന്നും വലിയ വെല്ലുവിളികളാണ് മുന്നിലെന്നും റനില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു.
രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ ആഭ്യന്തരകലാപം ശക്തമായപ്പോള്‍ രാജ്യം വിട്ട ഗോതബയ രാജപക്സെ്ക്ക്
പകരകാരനായാണ് വിക്രമസിംഗെ അധികാരമേറ്റത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 225 അംഗ സഭയില്‍ വിക്രമസിംഗെക്ക് 134 വോട്ടും അളഹപ്പെരുമയ്ക്ക് 82 വോട്ടും ഇടതുപക്ഷ ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്.