കോവിഡ് ബാധിച്ചവരില്‍ 50% ആളുകള്‍ക്കും രണ്ട് വര്‍ഷത്തിന് ശേഷവും രോഗലക്ഷണം;  ലാന്‍സെറ്റ് പഠനം പറയുന്നത് 

 
covid

കോവിഡ് രോഗമുക്തി നേടി രണ്ട് വര്‍ഷം കഴിഞ്ഞവരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റിന്റെ പഠനം. അമ്പത് ശതമാനം ആളുകള്‍ക്കെങ്കിലും ചുരുങ്ങിയത് ഒരു രോഗലക്ഷണങ്ങളെങ്കിലും ഉണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പകുതിയിലധികം ആളുകളും രോഗബാധിതരായി രണ്ട് വര്‍ഷത്തിന് ശേഷവും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും കാണിക്കുന്നു, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച ആളുകളില്‍ ഗണ്യമായ ഒരു വിഭാഗത്തിന് ഒന്നിലധികം അവയവങ്ങളിലും സിസ്റ്റങ്ങളിലും ദീര്‍ഘകാലയളവില്‍ സ്വാധീനം ചെലുത്തുന്നുവെന്നും ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനത്തില്‍ തെളിവുകള്‍ കാണിച്ചു.

2020 ജനുവരി 7 നും മെയ് 29 നും ഇടയില്‍ വുഹാനിലെ ജിന്‍ യിന്‍-ടാന്‍ ഹോസ്പിറ്റലില്‍ ആറ് മാസം, 12 മാസം, രണ്ട് വര്‍ഷം എന്നിവയുടെ ഇടവേളകളില്‍ 1,192 പങ്കാളികളെ ലാന്‍സെറ്റിന്റെ പഠനം വിലയിരുത്തി. രോഗം ബാധിക്കാത്ത ജനസംഖ്യയെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരുടെ ആരോഗ്യം മോശമാണെന്ന് പഠനം സൂചിപ്പിക്കുന്നു.

കോവിഡ് രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്നും പഠനം വിശദീകരിക്കുന്നു. ദീര്‍ഘനാളത്തെ കോവിഡ് ബാധ ഉള്ളവര്‍ക്ക് ഇത് പ്രത്യേകിച്ചും ബാധകമാണ്. രോഗം ബാധിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും ക്ഷീണം, ശ്വാസതടസ്സം, ഉറക്കത്തിനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ കാണിക്കുന്നുവെന്നും. 50 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ലക്ഷണമെങ്കിലും കാണിക്കുന്നുണ്ടെന്നും, ഗവേഷകര്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗബാധിതരാകുന്ന ആളുകളിലെ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചികിത്സാ ഇടപെടലുകള്‍ വേണമെന്നും വാക്സിനുകള്‍, ഉയര്‍ന്നുവരുന്ന ചികിത്സകള്‍, വൈറസ് വകഭേദങ്ങള്‍ എന്നിവ ദീര്‍ഘകാല ആരോഗ്യ ഫലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.