യുഎസില്‍ പാക് പിന്തുണയോടെ ഖലിസ്ഥാന്‍ സംഘങ്ങള്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്

 
Khalistan

1980കളിലേതുപോലുള്ള ഖലിസ്ഥാന്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം

പാകിസ്ഥാന്‍ പിന്തുണയുള്ള ഖലിസ്ഥാന്‍ സംഘങ്ങള്‍ യുഎസില്‍ അടിത്തറ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ സംഘങ്ങളുടെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനകളില്‍ യുഎസ് ഭരണകൂടം നിസംഗത തുടരുന്നതിനിടെയാണ് ഹസ്ഡണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. 'Pakistan's Destabilization Playbook: Khalistani Activism in the US' എന്ന റിപ്പോര്‍ട്ടിലാണ് യുഎസിലെ ഖലിസ്ഥാന്‍ സംഘങ്ങളെയും കാശ്മീര്‍ വിമോചന സംഘങ്ങളെയും അവര്‍ക്കുള്ള പാകിസ്ഥാന്‍ പിന്തുണയെയും കുറിച്ച് ഹസ്ഡണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. 

ഇന്ത്യയിലെ തീവ്രവാദ സംഘടനകളുമായി ഇത്തരം സംഘങ്ങള്‍ക്കുള്ള ബന്ധവും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം യുഎസിന്റെ ദക്ഷിണേഷ്യയിലെ വിദേശനയത്തിലുണ്ടാകുന്ന ദോഷകരമായ പ്രത്യാഘാതങ്ങളും റിപ്പോര്‍ട്ട് പരിശോധിക്കുന്നു. പാക് ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനകളെപ്പോലെ ഖലിസ്ഥാന്‍ സംഘങ്ങള്‍ പുതിയ പേരുകളില്‍ ഉയര്‍ന്നുവന്നേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുകെ, കാനഡ, യുഎസ് എന്നിങ്ങനെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ സംഘടനകള്‍ക്കും പ്രചാരണങ്ങള്‍ക്കും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍, ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളെ യുഎസ് ഭരണകൂടം ഗൗരവത്തിലെടുക്കാറില്ല. ഖലിസ്ഥാനുമായി ബന്ധപ്പെട്ട അതിക്രമങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും യുഎസ് ഭരണകൂടം പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ലെങ്കില്‍, ഇന്ത്യയില്‍ പഞ്ചാബില്‍ അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെയോ അതിനായി തയ്യാറെടുക്കുന്നവരെയോ മനസിലാക്കാന്‍ സാധിക്കില്ല. ശരിയായി അന്വേഷിക്കുന്നില്ലെങ്കില്‍ ഒന്നും കണ്ടെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുന്‍കരുതല്‍ സ്വീകരിക്കുക എന്നത് ദേശീയ സുരക്ഷാ ആസൂത്രണത്തിന്റെ നിര്‍ണായക ഭാഗമാണ്. അതിനാല്‍, നിയമാനുസൃതമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്, വടക്കേ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും 1980കളിലേതുപോലുള്ള ഖലിസ്ഥാന്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാവുകയും വേണം. ചൈനക്കെതിരെ ഇന്ത്യയും-യുഎസും സഹകരിക്കുമ്പോള്‍ തന്നെയാണ് യുഎസില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും സമീപകാലത്തെ അവരുടെ ഏകോപിത ജനനീക്കവും ഒരു മുന്നറിയിപ്പാണ്. ആ ഭീഷണി മുന്‍കൂട്ടി കണ്ട് തടയുന്നില്ലെങ്കില്‍, അതിനെതിരായ നടപടികള്‍ വൈകുന്നുവെങ്കില്‍ വലിയ തോതിലുള്ള ജീവഹാനി തടയുന്നതിലും പിന്നോക്കം പോകുമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. 

ഇന്ത്യയുടെ ആശങ്കകള്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്നും രഹസ്യാന്വേഷണ, നിയമ നിര്‍വഹണ സംവിധാനങ്ങളുടെ സഹായത്തോടെ അവയ്ക്ക് പരിഹാരം കാണണമെന്നും റിപ്പോര്‍ട്ട് യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ എല്ലാ സംഘടനകളെയും യുഎസ് തങ്ങളുടെ ആഗോള ഭീകര ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഇത്തരം ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നവരെ ഭീകരരായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.