പാകിസ്താനില്‍ കൊറോണ പടരുന്നു; രാജ്യം 'പൂര്‍ണ സ്തംഭന'ത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

 
പാകിസ്താനില്‍ കൊറോണ പടരുന്നു; രാജ്യം 'പൂര്‍ണ സ്തംഭന'ത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

പാകിസ്താനില്‍ കൊറോണ വൈറസ് ബാധ അതിരൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഇതിനകം 730 വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വലിയ പങ്കും സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 396 പേര്‍ക്കാണ് ഈ പ്രവിശ്യയില്‍ വൈറസ് ബാധ ഉണ്ടായിട്ടുള്ളത്. രാജ്യം പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ട സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പഞ്ചാബ് പ്രവിശ്യയില്‍ 137 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബലൂചിസ്താനില്‍ 103 പേര്‍ക്കും ബാല്‍ട്ടിസ്താനില്‍ 56 പേര്‍ക്കും ഖൈബര്‍ പഖ്തുഖ്വായില്‍ 10 പേര്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി മുറാദ് അലി ഷാ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭാഗികമായ സ്തംഭനത്തിലാണ് പ്രവിശ്യ ഇപ്പോഴുള്ളത്.

ഇറാനില്‍ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ 5000ത്തിലധികം വിശ്വാസികളാണ് രാജ്യത്തെമ്പാടും കൊറോണ പടര്‍ത്തിയതെന്നാണ് പാകിസ്താന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയിലൂടെയാണ് വിശ്വാസിസമൂഹം തീര്‍ത്ഥാടനത്തിന് പോയത്. ലോകത്തില്‍ ഏറ്റവുമധികം കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. വിശ്വാസികളെ വേണ്ടവിധം തടയാന്‍ ഇരുരാജ്യങ്ങളും നടപടിയെടുത്തില്ല. ആളുകളെ ഇതിനു ശേഷവും ശരിയായ വിധത്തില്‍ ഏകാന്തവാസത്തിലേക്ക് അയയ്ക്കാനും സര്‍ക്കാരുകള്‍ക്കായില്ല.

ശനിയാഴ്ച പാക് സര്‍ക്കാര്‍ എല്ലാ അന്തര്‍ദ്ദേശീയ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ 4 വരെയാണ് നിരോധനം. ട്രെയിനുകളും നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ ഓടുന്ന 142 ട്രെയിനുകളില്‍ 34 എണ്ണം സര്‍വീസ് നിര്‍ത്തിയതായി റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹ്മദ് പറഞ്ഞു. ഏപ്രില്‍ 1 മുതല്‍ 8 ട്രെയിനുകള്‍ കൂടി റദ്ദാക്കും.