പാക്കിസ്ഥാന്‍ 12 ഭീകര സംഘടനകളുടെ കേന്ദ്രം, അഞ്ചെണ്ണം ഇന്ത്യയെ ലക്ഷ്യമിട്ടു: യുഎസ് റിപ്പോര്‍ട്ട് 

 
d

പാക്കിസ്ഥാനില്‍ 'വിദേശ തീവ്രവാദ സംഘടനകള്‍' എന്ന പേരില്‍ ചുരുങ്ങിയത് 12 സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായും അവയില്‍ അഞ്ചെണ്ണം ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതാണെന്നും തീവ്രവാദത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് പറയുന്നു. പാക്കിസ്ഥാന്‍ ഈ ഭീകരസംഘനകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് 1980 മുതല്‍ നിലവിലുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച  നടന്ന ചരിത്രപരമായ ക്വാഡ് ഉച്ചകോടിയുടെ തലേന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ഗവേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഭീകര സംഘടനകളെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നവ, അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നവ, ഇന്ത്യയെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവ, പാകിസ്ഥാനില്‍ തന്നെ പ്രവര്‍ത്തിക്കുന്നവ, വംശീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തരം തിരിക്കാമെന്നും പറയുന്നു.

ഇന്ത്യയിലെ പ്രധാന ആക്രമണങ്ങള്‍

ലഷ്‌കറെ ത്വയ്യിബയാണ് പാക് ഭീകര സംഘടനകളില്‍ ഇന്ത്യയെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയില്‍ ഒന്നാമത്. എണ്‍പതുകളില്‍ രൂപീകരിക്കപ്പെട്ട ലഷ്‌കറിനെ 2001ല്‍ യുഎസ് ഭീകര പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 2008ലെ മുംബൈ ആക്രമണം അടക്കം ഇന്ത്യയില്‍ നടന്ന ഒട്ടേറെ ഭീകര ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്‌കറെയാണ്. 2000 ല്‍ കശ്മീരി തീവ്രവാദി നേതാവ് മസൂദ് അസ്ഹര്‍ സ്ഥാപിച്ച ജെയ്ഷെ മുഹമ്മദ് (ജെഇഎം) നെയും 2001ല്‍ ജയ്ഷിനെയും യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. ലഷ്‌കറുമായി ചേര്‍ന്ന് ജയ്ഷെയാണ് 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആക്രമണം നടത്തിയത്. യുഎസിനെതിരെയും ജയ്ഷെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സോവിയറ്റ് സൈന്യത്തോട് പോരാടാനായി 1980 ല്‍ അഫ്ഗാനിസ്ഥാനില്‍ ഹരകത്ത് ഉള്‍ ജിഹാദ് ഇസ്ലാമി (എച്ച്യുജെഐ) രൂപീകരിക്കപ്പെട്ടു, 
1989നു ശേഷം അവര്‍ പ്രവര്‍ത്തനം ഇന്ത്യയെ ലക്ഷ്യമിട്ടാക്കി. അഫ്ഗാന്‍ താലിബാനെ ശക്തിപ്പെടുത്തുന്നതിനു പിന്നിലും ഇവര്‍ ഉണ്ടായിരുന്നു. 2010ല്‍ ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്ലാമിയെ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചു. നിലവില്‍ ഇവര്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കശ്മീര്‍ പാകിസ്ഥാനില്‍ ചേര്‍ക്കുക എന്നത് ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  1989ല്‍ രൂപീകരിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയുടെ തീവ്രവാദ വിഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2017 ല്‍ ഹിസ്ബുലിനെ യുഎസ് ഭീകര പട്ടികയില്‍ പെടുത്തി. ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലുതും പഴയതുമായ തീവ്രവാദ ഗ്രൂപ്പുകളില്‍ ഒന്നാണിത്.

പാക്കിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് തീവ്രവാദ ഗ്രൂപ്പുകളില്‍ അല്‍ഖ്വയ്ദയും ഗോത്ര മേഖലകളിലും കറാച്ചിയിലെ മെഗാസിറ്റിയിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിച്ചതായി സിആര്‍എസ് പറഞ്ഞു. 2011 മുതല്‍ അയ്മന്‍ അല്‍ സവാഹിരിയുടെ നേതൃത്വത്തില്‍ രാജ്യത്തിനകത്തുള്ള നിരവധി ഗ്രൂപ്പുകളുടെ പിന്തുണയോടെ ബന്ധം നിലനിര്‍ത്തുന്നതായും റിപോര്‍ട്ട് പറയുന്നു. 

പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീവ്രവാദത്തെക്കുറിച്ചുള്ള  2019 ലെ  റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, പാകിസ്ഥാന്‍ പ്രാദേശിക ശ്രദ്ധയുള്ള ചില തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി തുടരുന്നു,അഫ്ഗാനിസ്ഥാനെ ലക്ഷ്യമിടുന്ന ഗ്രൂപ്പുകളെയും ഇന്ത്യയെ ലക്ഷ്യമിടുന്ന ഗ്രൂപ്പുകളെയും  പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. 2019 ലെ ജമ്മു കശ്മീരിലെ  ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്രവാദ ധനസഹായത്തെ തടയുന്നതിനും ഇന്ത്യയെ ലക്ഷ്യമിട്ട ചില തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിനും പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മിതമായ നടപടികളും റിപോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. 

ഇന്ത്യയെയും  അഫ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചുള്ള തീവ്രവാദികള്‍ക്കെതിരെ ഇസ്ലാമാബാദ് ഇതുവരെ നിര്‍ണായകമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ല, തീവ്രവാദത്തെ നേരിടാനുള്ള 2015 -ലെ ദേശീയ കര്‍മ്മപദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല. പ്രത്യേകിച്ചും എല്ലാ ഭീകര സംഘടനകളെയും കാലതാമസവും വിവേചനവും ഇല്ലാതെ നശിപ്പിക്കുമെന്ന പ്രതിജ്ഞ. 'തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍' എന്ന വിഷയത്തില്‍, പാക്കിസ്ഥാന്‍ സര്‍ക്കാരും സൈന്യവും പൊരുത്തക്കേടുകളോടെയാണ് പ്രവര്‍ത്തിച്ചതെന്നും  ചില തീവ്രവാദ ഗ്രൂപ്പുകളും വ്യക്തികളും രാജ്യത്ത് പരസ്യമായി പ്രവര്‍ത്തിക്കുന്നത് തടയാന്‍ അധികാരികള്‍ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍; ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ (എക്യൂഐഎസ്), ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്‍ പ്രവിശ്യ (ഐഎസ്‌കെപി) എന്നിവയാണ് അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല, തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ജുദല്ല (ജയ്ഷ് അല്‍-അദ്ല്‍), സിപ-ഇ-സഹാബ പാകിസ്ഥാന്‍ (എസ്എസ്പി), ലഷ്‌കര്‍-ഇ-ജാംഗ്വി (എല്‍ഇജി). സിആര്‍എസ് റിപ്പോര്‍ട്ടുകള്‍ യുഎസ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല. യുഎസ് നിയമനിര്‍മ്മാതാക്കള്‍ക്ക് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്വതന്ത്ര വിദഗ്ധര്‍ ആനുകാലിക ഇടവേളകളില്‍ ഈ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു.