പന്‍ഡോറ പേപ്പേഴ്‌സ്: അതിസമ്പന്നരുടെ രഹസ്യ സാമ്പത്തിക ഇടപാടുകള്‍ പുറത്ത്

 
Pandora Papers

പുടിന്‍, ടോണി ബ്ലെയര്‍, അനില്‍ അംബാനി, സച്ചിന്‍, ഷാക്കിറ ഉള്‍പ്പെടെ പട്ടികയില്‍ 


ലോകത്തിലെ അതിസമ്പന്നരുടെ മറച്ചുവെയ്ക്കപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പുറത്തുവിട്ട് പന്‍ഡോറ പേപ്പേഴ്‌സ്. സമ്പത്ത് രഹസ്യമായി സൂക്ഷിക്കുന്നതിനായി ലോകനേതാക്കളും സെലിബ്രിറ്റികളും ഉള്‍പ്പെടെ സമ്പന്നര്‍ സ്വീകരിച്ചിരിക്കുന്ന നൂതന മാര്‍ഗങ്ങളെക്കുറിച്ചാണ് പന്‍ഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്, ബിബിസി, ദി ഗാര്‍ഡിയന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ 117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള 600ഓളം മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യ ഉള്‍പ്പെടെ 91 രാജ്യങ്ങളിലെ ലോകനേതാക്കള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, സെലിബ്രിറ്റികള്‍ എന്നിവരുടെ രഹസ്യ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. കര്‍ശന നിയമങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നികുതി വെട്ടിപ്പ് നടത്തുന്നതിനായി സ്വീകരിച്ചിരിക്കുന്ന ഓഫ്‌ഷോര്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളും 29,000 ഓഫ്‌ഷോര്‍ കമ്പനികളുടെയും ട്രസ്റ്റുകളുടെയും ഉടമസ്ഥാവകാശത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെടെ 2.94 ടെറാബൈറ്റ് രേഖകളാണ് പന്‍ഡോറ പേപ്പേഴ്‌സ് ചോര്‍ത്തിയിരിക്കുന്നത്. 

അതിസമ്പന്നരുടെ സാമ്പത്തിക ക്രമക്കേടുകളും രഹസ്യ ഇടപാടുകളും സംബന്ധിച്ചുള്ള രേഖകള്‍ പനാമ പേപ്പേഴ്‌സ് ഉള്‍പ്പെടെ ഏഴ് തവണ ചോര്‍ത്തപ്പെട്ടിരുന്നു. തുടര്‍ന്ന് ആഗോള തലത്തില്‍ സാമ്പത്തിക റെഗുലേറ്റര്‍മാര്‍ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെയെല്ലാം മറികടക്കാനാവുന്ന വിധത്തില്‍ സമര്‍ഥവും നൂതനവുമായി വഴികള്‍ രഹസ്യ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതായി പന്‍ഡോറ പേപ്പേഴ്‌സ് വിവരച്ചോര്‍ച്ച വെളിപ്പെടുത്തുന്നു. രാജ്യത്തെ നിയമങ്ങളിലെ പാളിച്ചകള്‍, രാജ്യങ്ങളുടെ നിയമ പരിധിക്കു പുറത്തുള്ള പ്രദേശങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍, സാമ്പത്തിക നിയമങ്ങള്‍ കര്‍ശനമല്ലാത്ത ടാക്‌സ് ഹാവെന്‍ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ എന്നിങ്ങനെയുള്ള മാര്‍ഗങ്ങള്‍ മുതലെടുത്താണ് ഇത്തരം സാമ്പത്തിക തിരിമറികള്‍ നടന്നത്.

യുകെ കോടതിയില്‍ പാപ്പരത്തം പ്രഖ്യാപിച്ച അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ക്കും ജേഴ്‌സി, സൈപ്രസ് എന്നിവിടങ്ങളിലുള്ള 18 ഓഫ്‌ഷോര്‍ കമ്പനികളില്‍ കോടികളുടെ ആസ്തിയുണ്ട്. ജേഴ്‌സിയിലെ ബാറ്റിസ്റ്റ് അണ്‍ലിമിറ്റഡ്, റേഡിയം അണ്‍ലിമിറ്റഡ് എന്നീ കമ്പനികള്‍ 2007 ഡിസംബറിനും 2008 ജനുവരിക്കുമിടയില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യുകയും റിലയന്‍സ് ഇന്നോവെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഉടമസ്ഥാവകാശം നല്‍കുകയും ചെയ്തിട്ടുണ്ട്. 1.3 ബില്യണ്‍ ഡോളറിന്റെ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. 

സാമ്പത്തിക ക്രമക്കേടുകള്‍ക്കുശേഷം ഇന്ത്യ വിട്ട നീരവ് മോദിയുടെ സഹോദരി ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുന്നതിന് ഒരു മാസം മുമ്പ് ഒരു ട്രസ്റ്റ് സ്ഥാപിച്ചിരുന്നു. ബയോകോണിന്റെ പ്രൊമോട്ടറായ കിരണ്‍ മസുന്ദര്‍ ഷായുടെ ഭര്‍ത്താവ്, ഇന്‍സൈഡര്‍ ട്രേഡിംഗിനായി സെബി നിരോധിച്ച ഒരു വ്യക്തി വഴി ഉപയോഗിച്ച് ഒരു ട്രസ്റ്റ് സ്ഥാപിച്ചതായും അന്വേഷണം വെളിപ്പെടുത്തുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തല്‍ വന്ന് മൂന്നു മാസങ്ങള്‍ക്കുശേഷം ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ തന്റെ സ്ഥാപനത്തിന്റെ ലിക്വിഡേഷന്‍ പ്രക്രിയകള്‍ക്കായി ആവശ്യപ്പെട്ടു. മറ്റു പ്രമുഖ ഇന്ത്യക്കാരും പ്രവാസി ഇന്ത്യക്കാരും സമാന നടപടികള്‍ സ്വീകരിച്ചിരുന്നതായും പന്‍ഡോറ വിവരച്ചോര്‍ച്ച വെളിപ്പെടുത്തുന്നു. 

അസര്‍ബെയ്ജാന്‍ പ്രസിഡന്റ് ഇലാം അലിയേവ്, അദ്ദേഹത്തിന്റെ കുടുംബം, വിശ്വസ്തര്‍ എന്നിവരുടെ പേരില്‍ ബ്രിട്ടനില്‍ കോടികളുടെ ഭൂമി ഇടപാട് നടത്തിയിട്ടുണ്ട്. കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാത്ത, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ചെക്ക് പ്രധാനമന്ത്രി ആന്ദ്രെജ് ബാബിസ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, കൊളംബിയന്‍ ഗായിക ഷാക്കിറ, സൂപ്പര്‍ മോഡല്‍ ക്ലൗഡിയ ഷിഫെര്‍ തുടങ്ങിയവരുടെ രഹസ്യ സാമ്പത്തിക ഇടപാടുകളും രേഖകളും പന്‍ഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.