പഞ്ച്ശീറിന്റെ ചെറുത്ത് നില്‍പ്പ്; താലിബാനെ  കല്ലുകള്‍കൊണ്ട് നേരിട്ട സ്ത്രീപോരാളികള്‍

 
panchshir

താലിബാന്‍  അഫ്ഗാനിസ്ഥാന്‍ പ്രവശ്യകള്‍ ഒന്നൊന്നായി മിന്നല്‍ ആക്രമണങ്ങളില്‍ പിടിച്ചെടുത്തപ്പോഴും ശക്തമായ പ്രതിരോധം സൃഷ്ടിച്ച മേഖലയാണ് പഞ്ച്ശീര്‍. താലിബാന്‍ വിരുദ്ധ കോട്ടയായി അറിയപ്പെടുന്ന പ്രവിശ്യയാണിത്. താലിബാന് പഞ്ച്ശീര്‍ വിട്ടുകൊടുക്കില്ലെന്നും സമാധാന ചര്‍ച്ചകള്‍ക്കാണ് താല്‍പര്യമെന്നും താലിബാന്‍ യുദ്ധത്തിനൊരുങ്ങിയാല്‍ തിരിച്ചടിക്കുമെന്നും പാഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ സംഘടനാ നേതാവ് അഹമ്മദ് മസൂദ് പ്രതികരിച്ചിരുന്നു. സോവിയറ്റ് യൂണിയന് എതിരേ പോരാടിയ മിലിറ്ററി കമാന്‍ഡര്‍ അഹമ്മദ് ഷാ മന്‍സൂദിന്റെ മകനാണ് അഹമ്മദ് മസൂദ്. 

അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള പര്‍വതപ്രദേശമായ പഞ്ച്ശീര്‍ പ്രവിശ്യ  പ്രതിരോധ നേതാവ് അഹമ്മദ് മസൂദ്, മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് എന്നിവരുടെ പിന്തുണയോടെ താലിബാന്‍ ആക്രമണത്തിനെതിരെ നീണ്ട ചെറുത്തുനില്‍പ് നടത്തി. ഇവിടെ താലിബാനെതിരെ തിരിച്ചടിച്ചത് പുരുഷന്മാര്‍ മാത്രമായിരുന്നില്ല, സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.  'ഞാന്‍ അവര്‍ക്കെതിരെ കല്ലുകള്‍ കൊണ്ട് പൊരുതി,' 24-കാരിയായ ലൈലുമ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. ലൈലുമയുടെ മുഴുവന്‍ കുടുംബവും ഭര്‍ത്താവ്, സഹോദരങ്ങള്‍, ബന്ധുക്കള്‍, എല്ലാവരും താലിബാനെതിരെ പോരാടി.ഇവര്‍ക്കൊപ്പം നിരവധി സ്ത്രീകളും താലിബാനെ കല്ലെറിഞ്ഞ് യുദ്ധം ചെയ്തു.

പഞ്ച്ശീറില്‍ നിന്ന് പലായനം ചെയ്ത ശേഷം ലൈലുമ ഇപ്പോള്‍ തലസ്ഥാനമായ കാബൂളിലെ ഒരു കുടിയേറ്റ ക്യാമ്പിലാണ് താമസിക്കുന്നത്. അഫ്ഗാന്‍ സൈന്യത്തില്‍ നിന്ന് പിടിച്ചെടുത്ത വലിയ ആയുധശേഖരം കൊണ്ട് താലിബാന്‍ പോരാളികള്‍ അവരുടെ നിരന്തരമായ മുന്നേറ്റം തുടരുകയും പഞ്ച്ശീര്‍ താഴ്‌വര പിടിച്ചെടുക്കുകയുമായിരുന്നു. 

പഞ്ച്ശീറില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് പ്രവിശ്യയിലെ മറ്റൊരു താമസക്കാരന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. താലിബാന്‍ പിടിയിലാകുന്നത് വരെ മുര്‍താസ പര്‍വതങ്ങളില്‍ ഒളിച്ചിരുന്ന ഇദ്ദേഹവും കാബൂളിലെ തിങ്ങി നിറഞ്ഞ ക്യാമ്പിലാണ്. അതേസമയം, 'എന്റെ അവസാന ശ്വാസം വരെ മസൂദിനെ പിന്തുടരുമെന്ന്' ലൈലുമ പ്രതിജ്ഞയെടുത്തു. ഒരിക്കലെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.

സോവിയറ്റ് സൈന്യത്തില്‍ നിന്ന് ഒരു ദശകത്തോളം തങ്ങളുടെ പര്‍വത വീടുകളെ അവര്‍ പ്രതിരോധിച്ചതും 1996-2001 ലെ ആദ്യത്തെ താലിബാന്‍ ഭരണകൂടത്തിനെതിരെയുള്ള ചെറുത്തു നില്‍പും പഞ്ച്ശീര്‍ പോരാളികള്‍ ഒരു ഐതിഹാസിക പ്രശസ്തി നേടിയിരുന്നു. 115 കിലോമീറ്റര്‍ (70 മൈല്‍) താഴ്വര മഞ്ഞുമൂടിയ കൊടുമുടികളാല്‍ ചുറ്റപ്പെട്ട പ്രകൃതിയുടെ പ്രതിരോധം ഈ ചെറുത്തു നില്‍പ്പുകള്‍ക്ക് അവരെ ഏറെ സഹായിച്ചു. 

ആഗസ്റ്റ് 30-ന്, താലിബാന്‍ മേഖലയില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം പഞ്ച്ശിരി പോരാളികള്‍ മൂന്നിലൊന്നായി ചുരുങ്ങിയെന്നും റിപോര്‍ട്ടുകളുണ്ടായി.  സെപ്റ്റംബര്‍ ആറിനാണ് താലിബാന്‍ പഞ്ച്ശീറിന്റെ തലസ്ഥാനമായ ബസാറക്ക് പിടിച്ചെടുത്ത് അവരുടെ വെളുത്ത പതാക ഉയര്‍ത്തിയത്. താലിബാനുമായി യുദ്ധത്തിന് തയ്യാറാണെന്നും അതിനുള്ള എല്ലാ സന്നാഹങ്ങളും തങ്ങളുടെ കൈവശമുണ്ടെന്നും താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ കമാന്‍ഡറായ അമീര്‍ അക്മല്‍ പറഞ്ഞിരുന്നു. താലിബാന്‍ വിരുദ്ധ സേനയിലെ കൂടുതല്‍ അംഗങ്ങളും യുവാക്കളും മുന്‍പ് അഫ്ഗാന്‍ സേനയുടെ ഭാഗമായിരുന്നവരാണ്.