കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ബൈഡന്‍

 
Joe bIden

അഫ്ഗാനിസ്ഥാനിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ, വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവാഴ്ചയോടെ, നാറ്റോ-യുഎസ് സഖ്യം അഫ്ഗാന്‍ വിടാനിരിക്കവെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ദേശീയ സുരക്ഷാ സമിതിയുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

ഏറ്റവും അപകടകരമായ സാഹചര്യമാണ് അഫ്ഗാനിലുള്ളത്. കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യത കൂടുതലാണ്. 24-36 മണിക്കൂറിനകം ആക്രമണം ഉണ്ടായേക്കാമെന്നാണ് യുഎസ് കമാന്‍ഡര്‍മാര്‍ നല്‍കിയ വിവരം. ആക്രമണം നേരിടാന്‍ യുഎസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വൈറ്റ് ഹൗസില്‍ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന അടിയന്തര ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുത്തു. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭമാണ് വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അഫ്ഗാനില്‍ നിന്നുള്ള സേനയുടെ പിന്മാറ്റം അവസാന ഘട്ടത്തിലാണ്. ആക്രമണ സാധ്യതയുണ്ടെങ്കിലും അവസാന നിമിഷംവരെ രക്ഷാദൗത്യം തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.  

ഈമാസം 31വരെയാണ് ഒഴിപ്പിക്കലിന് താലിബാന്‍ അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍, വിമാനത്താവളത്തില്‍ലേക്കുള്ള വഴികളിലും ചെക്‌പോസ്റ്റുകളിലും ഉള്‍പ്പെടെ താലിബാന്‍ കൂടുതല്‍ ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, സഖ്യസേനയ്ക്കാണ് വിമാനത്താവളത്തിനകത്തെ സുരക്ഷാച്ചുമതല. ഒഴിപ്പിക്കല്‍ ദൗത്യം മിക്കവാറും രാജ്യങ്ങള്‍ പൂര്‍ത്തിയാക്കി. ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ച യുഎസ് ദൗത്യം അവസാനഘട്ടത്തിലാണ്.