ഗാല്‍വന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് കാരണക്കാര്‍ ഇന്ത്യയെന്ന ചൈനയുടെ ആരോപണത്തെ
തള്ളി വിദേശകാര്യ മന്ത്രാലയം

 
d

ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്ന ചൈനയുടെ ആരോപണത്തെ പൂര്‍ണമായും തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ നിയമവിരുദ്ധമായി അതിക്രമിച്ച് കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ചൈന അവകാശവാദം ഉന്നയിച്ചത്.  

'ഇന്ത്യ എല്ലാ ഉടമ്പടികളും ലംഘിക്കുകയും നിയമവിരുദ്ധമായി ചൈനയുടെ പ്രദേശം കൈയേറി അതിര്‍ത്തി കടക്കുകയും ചെയ്തുവെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ആരോപണമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയത്. ചൈനയുടെ ആക്രമണാത്മക പെരുമാറ്റവും കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമാധാനം തകര്‍ക്കുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് നടപടികള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു.

'ചൈനയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രസ്താവനകള്‍ ഞങ്ങള്‍ തള്ളികളയുകയാണ്.  കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവവികാസങ്ങള്‍ സംബന്ധിച്ച ഞങ്ങളുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്.  എല്ലാ ഉഭയകക്ഷി കരാറുകളും ലംഘിച്ച ചൈനീസ് പക്ഷത്തിന്റെ പ്രകോപനപരമായ പെരുമാറ്റവും ഏകപക്ഷീയമായ ശ്രമങ്ങളുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന സമീപനങ്ങളില്‍ വിള്ളലുണ്ടായതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

'ഇത് ഉഭയകക്ഷി ബന്ധങ്ങളെയും ബാധിച്ചു. ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയില്‍ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചൈനീസ് ഭാഗം പ്രവര്‍ത്തിക്കുമെന്നതാണ് ഞങ്ങളുടെ പ്രതീക്ഷ.  വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

2020 ജൂണ്‍ 15-16 രാത്രിയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തിന് 20 സൈനികരുടെ ജീവനാണ് നഷ്ടമായത്. എന്നാല്‍ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷവും  തങ്ങളുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ചൈന ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചില്ല, അതേസമയം ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് 35-40 സൈനികരെ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.