ട്രംപ് അധികാരമൊഴിഞ്ഞിട്ടും അവസാനിക്കാത്ത വെല്ലുവിളികള്‍; ജനാധിപത്യത്തെ അട്ടിമറിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ 

 
Donald Trump
41 സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചത് 262 ബില്ലുകള്‍

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ, ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട നീക്കങ്ങള്‍ സംസ്ഥാന നിയമനിര്‍മാണ സഭകളിലുടനീളം പ്രതിഫലിക്കുന്നതായി റിപ്പോര്‍ട്ട്. സ്വതന്ത്രവും നീതി യുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ വര്‍ധിക്കുകയാണ്. കാപ്പിറ്റോള്‍ കലാപത്തോടെ ആരംഭിച്ച ജനാധിപത്യവിരുദ്ധ അക്രമങ്ങള്‍ ബില്ലുകളുടെ രൂപത്തിലാണ് വിവിധ സംസ്ഥാന നിയമനിര്‍മാണ സഭകളില്‍ അവതരിപ്പിക്കപ്പെട്ടത്. പക്ഷപാതരഹിതമായ തെരഞ്ഞെടുപ്പ് ഭരണത്തെ അട്ടിമറിക്കാനോ, രാഷ്ട്രീയവത്കരിക്കാനോ, ക്രിമിനത്‌വരിക്കാനോ ആണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനായി, 41 സംസ്ഥാനങ്ങളിലായി 262ഓളം ബില്ലുകള്‍ അവതരിപ്പിച്ചുവെന്നാണ് സ്റ്റേറ്റ്‌സ് യുണൈറ്റഡ് ഡെമോക്രസി സെന്റര്‍, പ്രൊട്ടക്ട് ഡെമോക്രസി, ലോ ഫോര്‍വേഡ് എന്നീ ജനാധിപത്യവാദി സംഘങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ഇവയില്‍ 32 ബില്ലുകള്‍ 17 സംസ്ഥാനങ്ങളില്‍ നിയമമായതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജോ ബൈഡനോട് പരാജയപ്പെട്ടതിനു പിന്നാലെ, സമാധാനപരമായ അധികാര കൈമാറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ട്രംപ് കൊണ്ടുവന്ന 'സ്‌റ്റോപ് ദി സ്റ്റീല്‍' പ്രചാരണം പ്രബലമായ സംസ്ഥാനങ്ങളിലാണ് ഇത്തരം ബില്ലുകളില്‍ അധികവും അവതരിപ്പിക്കപ്പെട്ടത്. ബൈഡന്റെ വിജയത്തെ വെല്ലുവിളിച്ചുകൊണ്ട് വോട്ടെടുപ്പില്‍ ഓഡിറ്റ് വേണമെന്ന് ട്രംപ് അനുയായികള്‍ ആവശ്യപ്പെട്ട അരിസോണയില്‍ 20 ബില്ലുകളാണ് അവതരിപ്പിക്കപ്പെട്ടത്. തനിക്ക് അധിക വോട്ടുകള്‍ കണ്ടെത്തുന്നതിനുവേണ്ടി ട്രംപ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച ജോര്‍ജിയ സംസ്ഥാനത്ത് 15 ബില്ലുകളാണ് അവതരിപ്പിക്കപ്പെട്ടത്. അതേസമയം, റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്‌സാസില്‍ 59 ബില്ലുകളാണ് അവതരിപ്പിച്ചത്. 

ആത്യന്തികമായി, രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളെയാകെ അട്ടിമറിച്ചുകൊണ്ട് യുഎസ് ജനതയില്‍നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് പ്രകടമാകുന്നതെന്ന്, സ്റ്റേറ്റ്‌സ് യുണൈറ്റഡ് ഡെമോക്രസി സെന്റര്‍ സിഇഒ ജോയന്ന ലിഡ്‌ഗേറ്റ് പറയുന്നു. രാഷ്ട്രീയക്കാര്‍ നമ്മുടെ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നത് ആഗ്രഹിക്കുന്നില്ലെങ്കില്‍, ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും ജോയന്ന ലിഡ്‌ഗേറ്റ് പറഞ്ഞു. 

നിലവിലെ സാഹചര്യങ്ങള്‍ മാറിയില്ലെങ്കിലും ഭാവിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ആഹ്വാനം റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ ഏറ്റെടുത്തത്. വോട്ടെണ്ണലില്‍ നിയമനിര്‍മാണ സഭകള്‍ക്ക് നിയന്ത്രണാധികാരം നല്‍കുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റാനാണ് ശ്രമങ്ങളുണ്ടായത്. അതേസമയം പെന്‍സില്‍വാനിയയില്‍, ട്രംപിന്റെ തോല്‍വിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിയമം തിരുത്താന്‍ നിര്‍ദേശിച്ച ബില്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ടോം വുള്‍ഫ് വീറ്റോ ചെയ്തു. എന്നാല്‍, കടുത്ത വലതുപക്ഷ നിയമനിര്‍മാതാക്കള്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിച്ചുകൊണ്ട് വുള്‍ഫിന്റെ വീറ്റോ അധികാരം മറികടക്കാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ദുര്‍ബലപ്പെടുത്താനും, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കു വിധേയമായി വോട്ടെണ്ണലുകളില്‍ സ്ഥിരമായൊരു ഓഡിറ്റ് സൃഷ്ടിക്കാനുമുള്ള അധികാരം നിയമനിര്‍മാണ സഭയ്ക്ക് നല്‍കുന്നതാണ് ഭേദഗതി. 

പല സംസ്ഥാനങ്ങളിലും, കാലങ്ങളായി നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റി പകരം തികഞ്ഞ പക്ഷപാതികളായ ഗൂഢാലോചന സിദ്ധാന്തക്കാരെയും ട്രംപിന്റെ വ്യാജ വാദങ്ങളുടെ വക്താക്കളെയുമാണ് നിയമിക്കുന്നത്. മിഷിഗണില്‍, പ്രഗത്ഭരായ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ മാറ്റി തീവ്ര 'സ്റ്റോപ് ദി സ്റ്റീല്‍' വാദികളെയാണ് നിയമിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചുമതലയുള്ള ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ സംസ്ഥാന സെക്രട്ടറിമാര്‍ക്ക്, 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച തീവ്ര റിപ്പബ്ലിക്കന്മാര്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചെന്നും രണ്ടാം തവണയും അധികാരമേറുമെന്നും അവകാശപ്പെട്ട അരിസോണയിലെ മാര്‍ക്ക് ഫിഞ്ചെം, ജോര്‍ജിയയിലെ ജോഡി ഹൈസ്, മിഷിഗണിലെ ക്രിസ്റ്റീന കരാമോ എന്നിവരെ അംഗീകരിച്ചുകൊണ്ട് ട്രംപ് അവരെ പിന്തുണച്ചിരുന്നു. ഇത്തരത്തില്‍, സ്വതന്ത്രരും പക്ഷപാതരഹിതരുമായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള സംസ്ഥാന നിയമനിര്‍മാണ സഭകളുടെ ശ്രമങ്ങള്‍ പരകോടിയിലാണെന്ന് പ്രൊട്ടക്ട് ഡെമോക്രസിയിലെ കൗണ്‍സല്‍ ജെസ് മാഴ്‌സ്ഡന്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലേക്കുള്ള ജനാധിപത്യ വിരുദ്ധ പാതയിലേക്കാണ് ഇത് നമ്മെ നയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.