അഫ്ഗാനിലെ രക്ഷാദൗത്യം; സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ യുഎസ് തീരുമാനം ഇന്ന്

 
Joe bIden

ജി-7 രാജ്യങ്ങളുടെ വിര്‍ച്ച്വല്‍ യോഗവും ഇന്ന്

അഫ്ഗാനിസ്താനിലെ രക്ഷാദൗത്യത്തിന്റെ സമയം ദീര്‍ഘിപ്പിക്കണമോ എന്ന കാര്യത്തില്‍ യുഎസ് തീരുമാനം ഇന്നറിയാം. പ്രസിഡന്റ് ജോ ബൈഡന്‍ വൈകാതെ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിലെ രക്ഷാദൗത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങളുടെ വിര്‍ച്ച്വല്‍ യോഗം ഇന്ന് ചേരുന്നുണ്ട്. യോഗത്തില്‍ ബൈഡന്‍ നിലപാട് വ്യക്തമാക്കും. രക്ഷാദൗത്യം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് സേനാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബൈഡന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമയം ദീര്‍ഘിപ്പിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

ആഗസ്റ്റ് 31നകം രാജ്യം വിടണമെന്നാണ് താലിബാന്റെ നിര്‍ദേശം. സമയം നീട്ടാന്‍ വിദേശസേന ആവശ്യപ്പെട്ടാലും അനുമതി നല്‍കില്ലെന്നും താലിബാന്‍ നേത്യത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനുള്ള തീയതി നീട്ടണമെന്നാണ് യുകെ, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ ജി7 രാജ്യങ്ങളുടെ ആവശ്യം. ജി-7 സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. താലിബാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യവും ചര്‍ച്ചയാകും. 

അതേസമയം, ഇന്നലെ മാത്രം 10,900 പേരെ അഫ്ഗാനില്‍നിന്ന് തിരിച്ചെത്തിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചെത്തിക്കും. ആരെയും കൈവിടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ആഗസ്റ്റ് 14നുശേഷം ഏകദേശം 48,000 പേരെയാണ് അഫ്ഗാനില്‍ നിന്ന് യുഎസ് തിരിച്ചെത്തിച്ചത്.