ബ്രെക്സിറ്റ് അനുകൂല നിലപാട്; ബോറിസ് ജോണ്‍സന് പകരക്കാരനായി ഇന്ത്യന്‍ വംശജന്‍ എത്തുമോ? 

 
rishi-sunak

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചുള്ള ഔദ്യോഗിക പ്രചാരണം ഔപചാരികമായി ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക്. പ്രാധാനമന്ത്രി പദത്തിലെത്താന്‍ മത്സരരംഗത്ത് വേറെയും പ്രമുഖരുണ്ടെങ്കിലും ബോറിസ് ജോണ്‍സന്റെ പടിയിറക്കത്തിനു കാരണമായ രാജി പരമ്പരയ്ക്ക് തുടക്കം കുറിച്ച ഋഷി സുനക് തന്നെ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനായ ഋഷി സുനകിന് കോമണ്‍സ് നേതാവ് മാര്‍ക്ക് സ്‌പെന്‍സര്‍, മുന്‍ പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡന്‍, മുന്‍ ക്യാബിനറ്റ് മന്ത്രി ലിയാം ഫോക്‌സ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ടോറി പാര്‍ലമെന്റംഗങ്ങളുടെ പരസ്യ പിന്തുണ ലഭിച്ചിട്ടുണ്ട്. യുകെ ചാന്‍സലറായി സുനക്കിന്റെ പിന്‍ഗാമി, ഇറാഖി വംശജനായ നദീം സഹവി, ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവരും ശനിയാഴ്ച സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. 

2020 ഫെബ്രുവരിയിലാണ് ഋഷിയെ ധനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്. കോവിഡ് കാലത്ത് ബിസിനസുകാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഋഷി അവതരിപ്പിച്ച പദ്ധതികള്‍ക്ക് ഏറെ ജനപിന്തുണ ലഭിച്ചിരുന്നു. വിശ്വസനീയരായ സ്ഥാനാര്‍ത്ഥികളായി കണക്കാക്കപ്പെടുന്നതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മന്ത്രി സഭയിലെ പ്രമുഖര്‍ മത്സരരംഗത്തുണ്ടായേക്കുമെന്നാണ് റിപോര്‍ട്ട് പറയുന്നത്. വിഭജിക്കപ്പെട്ട ഭരണകക്ഷിയെ ഒന്നിപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന സുനക് ആണെന്നും മുന്‍ ചാന്‍സലര്‍ എന്ന നിലയില്‍ യുകെ നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഏറ്റവും മികച്ച നേതാവായിരിക്കും ഋഷി സുനകെന്നുമാണ് ഇദ്ദേഹത്തെ പിന്തുണക്കുന്നവരുടെ വാദം. ക്യാബിനറ്റ് മന്ത്രിമാരില്‍ ഒരാളായ യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് മത്സരത്തില്‍ നിന്ന് പുറത്തായതോടെ സുനകിന്റെ സ്ഥാനം കൂടുതല്‍ ശക്തമായതായുമാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. 

''ഞങ്ങള്‍ കോവിഡിന്റെ പേടിസ്വപ്നം നേരിട്ട ഏറ്റവും പ്രയാസകരമായ സമയങ്ങളില്‍ ഞാന്‍ സര്‍ക്കാരിലെ ഏറ്റവും കഠിനമായ വകുപ്പ് കൈകാര്യം ചെയ്തു,'' സുനക് തന്റെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ലോഞ്ച് വീഡിയോയില്‍ പറഞ്ഞു. ''നമ്മുടെ രാജ്യം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു, ഒരു തലമുറയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരമാണ്. ആരെങ്കിലും ഈ സമയം ശരിയായ തീരുമാനങ്ങള്‍ എടുക്കണം,'' Ready4Rishi കാമ്പെയ്ന്‍ വെബ്സൈറ്റിലെ അദ്ദേഹത്തിന്റെ സന്ദേശം പറയുന്നു. എന്നാല്‍, ബോറിസ് ജോണ്‍സന്റെ രാജിയിലേക്ക് നയിച്ച കാബിനറ്റ് മന്ത്രിമാരുടെ കൂട്ടരാജിക്ക് തുടക്കമിട്ട സുനക് പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടാണെന്ന് ബോറിസ് ജോണ്‍സന്റെ വിശ്വസ്തരില്‍ നിന്ന് വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. 

മന്ത്രിസഭയിലെ രണ്ടാമനായി 2020 ഫെബ്രുവരിയിലാണ് ഋഷിയെ ധനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ നിയമിച്ചത്. പഞ്ചാബില്‍നിന്നാണ് ഋഷിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. യു.കെയിലാണ് ഋഷി സുനക്ക് ജനിച്ചത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെയാണ് ഋഷി വിവാഹം കഴിച്ചത്. 

2020 ജൂണില്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ജോണ്‍സണൊപ്പം സുനകിനും പൊലീസ് പിഴ ചുമത്തിയിരുന്നു. ജീവിതച്ചെലവ് പരിഹരിക്കാന്‍ അടിയന്തര പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതും ഭാര്യ അക്ഷത മൂര്‍ത്തിയുടെ ടാക്‌സ് വിവാദവും ഋഷിക്ക് തിരിച്ചടിയായി. ഐടി കമ്പനികളില്‍ ഷെയറുകളുള്ള അക്ഷത ആഗോളപരമായി ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ബ്രിട്ടനില്‍ ടാക്‌സ് അടയ്ക്കുന്നില്ലെന്നതാണ് വിവാദത്തിന് ഇടയാക്കിയത്.