ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ റിഷി സുനക് മുന്നില്‍; അറിയേണ്ടതെല്ലാം 

 
rishi sunak

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ റിഷി സുനക് മുന്നില്‍. ബോറിസ് ജോണ്‍സണ് പകരക്കാരനാകാനുള്ള ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ 88 വോട്ടുകള്‍ വോട്ടുകള്‍ നേടിയാണ് റിഷി മുന്നിലെത്തിയത്. മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും ട്രഷറി മേധാവി നദീം സഹവിക്കും മത്സരത്തില്‍ തുടരാന്‍ ആവശ്യമായ കണ്‍സര്‍വേറ്റീവ് അംഗങ്ങളുടെ 30 വോട്ടുകളെന്ന ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല.

കണ്‍സര്‍വേറ്റീവ് അംഗങ്ങളുടെ വോട്ടെടുപ്പില്‍ 67 വോട്ടുകള്‍ നേടിയ വാണിജ്യ മന്ത്രി പെന്നി മോര്‍ഡൗണ്ടും 50 വോട്ടുകള്‍ നേടിയ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസും ആണ് സുറകിന് പിന്നിലുള്ളത്. ടോം തുഗെന്‍ദാറ്റ്, മുന്‍ തുല്യതാ മന്ത്രി കെമി ബാഡെനോക്ക്, അറ്റോര്‍ണി ജനറല്‍ സുല്ല ബ്രാവര്‍മാന്‍ എന്നിവരും ബാലറ്റിലുണ്ട്. ഇതോടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സര രംഗത്ത് ആറു പേര്‍ മാത്രമായി. രണ്ട് പേര്‍ മാത്രം മത്സര രംഗത്ത് ശേഷിക്കും വരെ പല ഘട്ടങ്ങളായി എം പിമാര്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടക്കും. ജൂലൈ 21 ന് ഈ ദീര്‍ഘമായ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ട് മത്സരാര്‍ത്ഥികളുടെ വിജയം രാജ്യത്തെ 180,000 കണ്‍സര്‍വേറ്റീവ് അംഗങ്ങളുടെ വോട്ടിനെ അടിസ്ഥാനമാക്കിയിരിക്കും.വിജയി ദേശീയ തെരഞ്ഞെടുപ്പില്ലാതെ പ്രധാനമന്ത്രി പദത്തിലെത്തും. സെപ്റ്റംബര്‍ 5-നായിരിക്കും പ്രഖ്യാപനം.  358 കൺസർവേറ്റീവ് എം.പിമാർ പ​ങ്കെടുക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്.

രണ്ടാം ഘട്ടത്തിലേക്ക് പോകാന്‍ ചുരുങ്ങിയത് 30 എം പിമാരുടെ പിന്തുണയാണ് സുനകിന് വേണ്ടിയിരുന്നത്. നേരത്തെ തന്നെ ഇന്ത്യന്‍ വംശജനായ റിഷി സുനകിന് പ്രധാനമന്ത്രി പദത്തിലെത്തുന്നതിനുള്ള സാധ്യത പ്രവചിച്ചിരുന്നു. ബോറിസ് ജോണ്‍സന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന റിഷി സുനക് ആയിരുന്നു. പ്രധാനമന്ത്രിയായാല്‍ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും റിഷി സുനക്. 2015ലാണ് ഋഷി സുനക് ആദ്യമായി എം.പിയായത്. യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച പ്രധാന നേതാവായിരുന്നു.

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷി സുനകിന്റെ ഭാര്യ. ഫാര്‍മസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജനറല്‍ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായി ബ്രിട്ടനിലെ സതാംപ്ടണില്‍ ആണ് സുനക് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് സുനക് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.