താലിബാന്‍ സര്‍ക്കാരിനായി വാദിച്ച് പാകിസ്ഥാന്‍; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

 
taliban

എത്‌നിക് സമൂഹത്തിന്റെ പോലും പ്രാതിനിധ്യമോ പിന്തുണയോ ഇല്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പൊതുവികാരം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയെയും പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ സാര്‍ക്ക് വാര്‍ഷിക സമ്മേളനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 25ന്, ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിക്കൊപ്പം നിശ്ചയിച്ചിരുന്ന സാര്‍ക്ക് വിദേശ മന്ത്രിമാരുടെ സമ്മേളനമാണ് റദ്ദാക്കിയത്. പാകിസ്ഥാന്റെ ആവശ്യം ഇന്ത്യ ഉള്‍പ്പെടെ അംഗരാജ്യങ്ങള്‍ തള്ളി. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ സമന്വയം ഇല്ലാത്തതിനാല്‍ സമ്മേളനം നടക്കില്ലെന്ന് സാര്‍ക്ക് അധ്യക്ഷ പദം വഹിക്കുന്ന നേപ്പാള്‍ സംഘടനയുടെ സെക്രട്ടറിയേറ്റിനെ അറിയിച്ചതായും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കാന്‍ താലിബാനെ അനുവദിക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. എന്നാല്‍, എത്‌നിക് സമൂഹത്തിന്റെ പോലും പ്രാതിനിധ്യമോ പിന്തുണയോ ഇല്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പൊതുവികാരം. യുഎസും സഖ്യകക്ഷികളും സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെയായിരുന്നു താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തത്. പഷ്തൂണ്‍ ഒഴികെ ഏതെങ്കിലും എത്‌നിക് സമൂഹത്തിന്റെ പ്രാതിനിധ്യമില്ലാതെയാണ് താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മത ന്യൂനപക്ഷങ്ങളുടെയോ സ്ത്രീകളുടെയോ പ്രാതിനിധ്യവുമില്ല.

സമവായമോ ചര്‍ച്ചകളോ ഇല്ലാതെ രൂപീകൃതമായ താലിബാന്‍ സര്‍ക്കാരിന് നിയമസാധുതയില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം. അഫ്ഗാനിലെ പുതിയ സര്‍ക്കാരിനെ അംഗീകരിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. സമാന കാഴ്ചപ്പാടാണ് മിക്ക രാജ്യങ്ങളും പുലര്‍ത്തുന്നത്. ഇതേത്തുടര്‍ന്നാണ്, യുഎന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ചേരാറുള്ള സാര്‍ക്ക് സമ്മേളനം റദ്ദാക്കിയത്.