താലിബാനെതിരെ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ സലീമ മസാരി പിടിയില്‍

 
d

അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരെ സായുധ പോരാട്ടം നടത്തിയ വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തുനിന്നിരുന്നു. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാന്‍ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ.

സലീമയുടെ നേതൃത്വത്തില്‍ ബല്‍ക് പ്രവിശ്യയിയെ ചഹര്‍ കിന്റ് ജില്ലയില്‍ താലിബാന് എതിരെ ശക്തമായ പോരാട്ടമാണ് നടന്നത്. കഴിഞ്ഞവര്‍ഷം സലീമയുടെ ഇടപെടലില്‍ നൂറ് താലിബാന്‍ തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു. 2018ലാണ് ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായി സലീമയെ തെരഞ്ഞെടുത്തത്. 2019ല്‍ യുവാക്കളെ ഉള്‍പ്പെടുത്തി സുരക്ഷാ കമ്മീഷന്‍ രൂപീകരിച്ചു. ഗ്രാമീണരേയും ആട്ടിടയന്‍മാരേയും തൊഴിലാളികളെയും സംഘത്തില്‍ ചേര്‍ത്ത് ശക്തിപ്പെടുത്തി.

നിരവധി തവണ സലീമയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മസാര്‍ ഇ ഷരീഫ് വീണപ്പോഴും ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി സലീമ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം സലീമയുടെ ഇടപെടലിനെ തുടര്‍ന്ന് 100 താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനില്‍ നിന്ന് ഇറാനിലേക്കു കടന്ന കുടുംബത്തില്‍പെട്ടയാളാണ് സലീമ. ഇറാനില്‍ ജനിച്ച അവര്‍ ടെഹ്റാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. തുടര്‍ന്ന് അവിടുത്തെ സര്‍വകലാശാലകളില്‍ ജോലി ചെയ്തിരുന്നു. 

-