കാലാവസ്ഥാ സംരക്ഷണം: അദാനി ഗ്രൂപ്പുമായി കരാര്‍; സയന്‍സ് മ്യൂസിയത്തിന്റെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്നു

 
Stop Adani

ഫോസില്‍ ഇന്ധന കമ്പനിയുമായുള്ള ബന്ധം എങ്ങനെ സാധൂകരിക്കാനാകും?

ഇന്ത്യന്‍ കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജിയുമായുള്ള പുതിയ പങ്കാളിത്തം ലണ്ടനിലെ സയന്‍സ് മ്യൂസിയം ഗ്രൂപ്പിനെ (എസ്എംജി) വലിയ കുഴപ്പങ്ങളിലാണ് എത്തിച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ പുതിയ എനര്‍ജി റെവലൂഷന്‍ ഗാലറിക്കായി അദാനിയുമായി കരാര്‍ ഒപ്പിട്ടതാണ് എസ്എംജിക്ക് വിനയായിരിക്കുന്നത്. കാലാവസ്ഥാ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന, ഗ്ലാസ്‌ഗോയിലെ കോപ്26 ഉച്ചകോടിയുടെ പ്രധാന ഉപദേശക സംഘത്തില്‍പ്പെട്ട എസ്എംജിയും ഫോസില്‍ ഇന്ധന വ്യവസായത്തില്‍ തല്‍പരരായ അദാനി ഗ്രൂപ്പും തമ്മിലുള്ള പുതിയ ബന്ധം എങ്ങനെ സാധൂകരിക്കാനാകുമെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, പ്രതിഷേധം രൂക്ഷമായി. മ്യൂസിയം ഉപദേശക സമിതി, ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ വിമര്‍ശനവും ആശങ്കയും പങ്കുവെച്ച് സ്ഥാനമൊഴിഞ്ഞു. ഔര്‍ ഫ്യൂച്ചര്‍ പ്ലാനറ്റ് ഗാലറിക്കായി എണ്ണ കമ്പനിയായ റോയല്‍ ഡച്ച് ഷെല്ലിനെ സ്‌പോണ്‍സറായി കൊണ്ടുവന്നതിനെ തുടര്‍ന്നുള്ള പ്രതിഷേധം കെട്ടടങ്ങുംമുമ്പാണ് അദാനി ഗ്രൂപ്പുമായി എസ്എംജി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

എന്താണ് സയന്‍സ് മ്യൂസിയം ഗ്രൂപ്പ്
അഞ്ച് ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ ഉള്‍പ്പെടുന്നതാണ് സയന്‍സ് മ്യൂസിയം ഗ്രൂപ്പ് (എസ്എംജി). 1851ല്‍ വിക്ടോറിയ രാജ്ഞി ലണ്ടനില്‍ സംഘടിപ്പിച്ച, 'മഹത്തായ പ്രദര്‍ശനം' എന്നറിയപ്പെടുന്ന വ്യവസായ പ്രദര്‍ശനത്തില്‍ നിന്നാണ് എസ്എംജിയുടെ തുടക്കം. കോഹിനൂര്‍ രത്‌നം, സ്പിന്നിംഗ് ജെന്നി, പവര്‍ ലൂം, ലോക്കോമോട്ടീവ്, ടെലിഗ്രാഫ്, ടെലഫോണ്‍, പ്രിന്റിങ് പ്രസ് തുടങ്ങി അന്നുവരെ കണ്ടുപിടിക്കപ്പെട്ടിരുന്ന എല്ലാ യന്ത്രങ്ങളും പ്രദര്‍ശിപ്പിച്ച 'മഹത്തായ പ്രദര്‍ശനം' ഇംഗ്ലണ്ടിന്റെ വ്യവസായ വിപ്ലവത്തിന്റെ നേട്ടങ്ങളുടെ വിളംബരമായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പ്രദര്‍ശനത്തിനെത്തിയത്. അതില്‍നിന്നുള്ള പ്രചോദനമാണ് 1857ല്‍ സൗത്ത് കെന്‍സിങ്ടണില്‍ പുതിയ സയന്‍സ് മ്യൂസിയം സ്ഥാപിക്കാന്‍ കാരണമായത്. യോര്‍ക്കിലെ നാഷണല്‍ റെയില്‍വേ മ്യൂസിയം (1975), മാഞ്ചസ്റ്ററിലെ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി മ്യൂസിയം (1983), നാഷണല്‍ സയന്‍സ് ആന്‍ഡ് മീഡിയ മ്യൂസിയം (നാഷണല്‍ മ്യൂസിയം ഓഫ് ഫോട്ടോഗ്രാഫി, ഫിലിം ആന്‍ഡ് ടെലിവിഷന്‍ -1983), ഷില്‍ഡണിലെ ലോക്കോമോഷന്‍ (നാഷണല്‍ റെയില്‍വേ മ്യൂസിയം 2004) എന്നിങ്ങനെ മ്യൂസിയങ്ങള്‍ കൂടി സ്ഥാപിക്കപ്പെട്ടു. സാംസ്‌കാരിക, മാധ്യമ, കായിക വകുപ്പിന്റെ കീഴില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം മ്യൂസിയത്തിന് ലഭിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം, പ്രതിസന്ധി എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പരിപാടികളിലും സജീവമാണ് സയന്‍സ് മ്യൂസിയം. എണ്ണമറ്റ പരിപാടികളും പ്രദര്‍ശനങ്ങളും സംവാദങ്ങളുമൊക്കെ മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. 2010ല്‍ സയന്‍സ് മ്യൂസിയത്തില്‍ അറ്റ്‌മോസ്ഫിയര്‍ എന്ന പേരില്‍ ഗാലറി തുറന്നു. കാലാവസ്ഥാ ശാസ്ത്രമാണ് ഗാലറിയിലെ പ്രദര്‍ശനം. ഇതുവരെ അമ്പത് ലക്ഷത്തിലധികം ആളുകള്‍ ഗാലറി സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും കാലാവസ്ഥാ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും നേതൃസ്ഥാനത്തുണ്ട് എസ്എംജി. ഗ്ലാസ്‌ഗോയില്‍ നടന്ന കോപ്26 കാലാവസ്ഥാ ഉച്ചകോടിയുടെ ഉപദേശക സംഘത്തിലും ഉള്‍പ്പെട്ടിരുന്നു. 

2021ല്‍ കാലാവസ്ഥാ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി. അതിന്റെ ഭാഗമായാണ് ഫ്യൂച്ചര്‍ പ്ലാനെറ്റ് എന്ന താല്‍ക്കാലിക പ്രദര്‍ശനം ആരംഭിച്ചത്. കാര്‍ബണ്‍ ക്യാപ്ച്ചര്‍ ശാസ്ത്രത്തെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് പ്രദര്‍ശനത്തിലുള്ളത്. എണ്ണ കമ്പനിയായ റോയല്‍ ഡച്ച് ഷെല്ലിനെ പ്രധാന സ്‌പോണ്‍സര്‍ ആക്കിയത് വിവാദം വിളിച്ചുവരുത്തി. എന്നാല്‍, പൊതുഫണ്ടിനൊപ്പം സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു എസ്എംജി ഡയറക്ടര്‍ ഇയാന്‍ ബ്ലാച്ച്‌ഫോഡിന്റെ വാദം. പക്ഷേ, ഷെല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പിനു പിന്നാലെ, ഔവര്‍ ഫ്യൂച്ചര്‍ പ്ലാനറ്റ് ഡിസ്പ്ലേയില്‍നിന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെ മാറ്റപ്പെട്ടു. വിവാദം കെട്ടടങ്ങുംമുമ്പാണ്, ഫോസില്‍ ഇന്ധന നിര്‍മാതാക്കളായ അദാനി ഗ്രൂപ്പുമായി എസ്എംജി പുതിയ കരാറില്‍ ഏര്‍പ്പെടുന്നത്. 

എസ്എംജി-അദാനി കരാര്‍  
ഒക്ടോബര്‍ 19നാണ് അദാനി ഗ്രീന്‍ എനര്‍ജിയുമായുള്ള പുതിയ കരാര്‍ എസ്എംജി പ്രഖ്യാപിച്ചത്. ഇന്ത്യയിലും ആസ്‌ട്രേലിയയിലുമായി കല്‍ക്കരി ഖനനം നടത്തുന്ന അദാനി ഗ്രൂപ്പിന്റെ, പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗ്രീന്‍ എനര്‍ജി. അടുത്തവര്‍ഷം തുറക്കാനിരിക്കുന്ന എനര്‍ജി റെവലൂഷന്‍ എന്ന കാര്‍ബണ്‍ ക്യാപ്ച്ചറുമായി ബന്ധപ്പെട്ട ഗാലറിയുടെ സ്‌പോണ്‍സര്‍ഷിപ്പാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഫോസില്‍ ഇന്ധനങ്ങളുടെ ആഗോള ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഗാലറിയുടെ ലക്ഷ്യം. കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറച്ചുകൊണ്ട് പാരിസ് ഉടമ്പടി ലക്ഷ്യങ്ങള്‍ നിറവേറ്റുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഗാലറി ലക്ഷ്യമിടുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സാങ്കേതിക വിദ്യയിലൂടെ ഭാവിയെ എങ്ങനെ കരുത്തുറ്റതാക്കാം എന്നതായിരിക്കും ഗ്രീന്‍ എനര്‍ജി ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി പറഞ്ഞത്. ദൈനംദിന ജീവിതത്തില്‍ സൂര്യന്റെയും കാറ്റിന്റെയും ശക്തിയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായിരിക്കും ഗാലറിയെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു. 

നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു
ഫോസില്‍ ഇന്ധന വ്യവസായികളായ അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തെ പരിസ്ഥിതി സംഘടനയായ എക്സ്റ്റിങ്ക്ഷന്‍ റിബല്ലിയന്‍ യുകെ നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ടുള്ളതാണ് അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചാ പദ്ധതികള്‍. അതിന് കൂട്ടുനില്‍ക്കുന്ന തരത്തിലാണ് മ്യൂസിയത്തിന്റെ ഇടപെടലുകള്‍. അവര്‍ ശാസ്ത്രത്തെയല്ല പിന്തുടരുന്നത്. ഷെല്‍, അദാനി പോലുള്ള കോര്‍പ്പറേറ്റുകളുമായി ബന്ധം സ്ഥാപിക്കുകയാണെന്നും എക്സ്റ്റിങ്ക്ഷന്‍ റിബല്ലിയന്‍ വിമര്‍ശിച്ചു. ആസ്‌ട്രേലിയയിലെ തദ്ദേശീയ ജനങ്ങളുടെ പരമ്പരാഗത ഭൂമിയും ജലസ്രോതസ്സുകളുമൊക്കെ നശിപ്പിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് നടത്തുന്ന കല്‍ക്കരി ഖനനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ വിമര്‍ശനം. 

കോപ്26 കാലാവസ്ഥാ ഉച്ചകോടിക്കു മുന്നോടിയായി, തെറ്റായ സന്ദേശമാണ് മ്യൂസിയം നല്‍കുന്നതെന്നായിരുന്നു ഗ്ലോബല്‍ വിറ്റ്‌നസ് എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രതികരണം. അതേസമയം, യുകെ സ്റ്റുഡന്റ്‌സ് ക്ലൈമറ്റ് നെറ്റ്‌വര്‍ക്ക് ലണ്ടന്‍ ബ്രാഞ്ചിലെ അംഗങ്ങള്‍ പ്രതിഷേധ സൂചകമായി സയന്‍സ് മ്യൂസിയം 'കൈയേറി'. മെഴുകുതിരികള്‍ തെളിയിച്ച് യുവ കാലാവസ്ഥാ പ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ അവിടെ ചെലവഴിച്ചു. എസ്എംജിയുടെ നിലപാടുകളെ ചോദ്യം ചെയ്ത് ഈവര്‍ഷം രണ്ടാം തവണയാണ് യുവാക്കള്‍ മ്യൂസിയത്തിനുമുന്നില്‍ പ്രതിഷേധം അറിയിച്ചത്.  

എസ്എംജി ബോര്‍ഡ് അംഗങ്ങളുടെ രാജി 
അദാനിയുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ സയന്‍സ് മ്യൂസിയം മുന്‍ ഡയറക്ടര്‍ കൂടിയായ ക്രിസ് റാപ്‌ലി മ്യൂസിയത്തിന്റെ ഉപദേശക സമിതിയില്‍ നിന്നും രാജിവച്ചിരുന്നു. കഴിഞ്ഞദിവസം എസ്എംജി ബോര്‍ഡ് അംഗങ്ങളായ ജോ ഫോസ്റ്ററും ഹന്ന ഫ്രൈയും രാജിവച്ചു. ഏറെ നിര്‍ണായകമായ കോപ്26 കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്‌ഗോയില്‍ തുടക്കമിടുന്നതിന് തൊട്ടുതലേന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ സ്‌കൂള്‍സ് ഡയറക്ടറായ ഫോസ്റ്ററും ടെലിവിഷന്‍-ടിവി പ്രോഗ്രാമുകളിലൂടെ പ്രശസ്തയായ ഫ്രൈയും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. അദാനിയുമായുള്ള കരാറിനെ പിന്തുണക്കുന്നില്ലെന്ന് ഫ്രൈ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു. ഫോസില്‍ ഇന്ധന വ്യവസായത്തെ പിന്തുണയ്ക്കുന്ന അദാനിയുടെ സ്‌പോണ്‍സര്‍ഷിപ്പിനെ എതിര്‍ക്കേണ്ട ന്യായമായ ആശങ്കകളുമായി മ്യൂസിയം സജീവമായി മുന്നോട്ടുവരേണ്ടതുണ്ടെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍, കാലാവസ്ഥാ പ്രതിസന്ധി സംബന്ധിച്ച ദേശീയ ചര്‍ച്ചകളിലെ സുപ്രധാന നേതൃസ്ഥാനം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു. 

ദി ടൈംസിന് നല്‍കിയ പ്രതികരണത്തിലും ഫ്രൈ ഊര്‍ജ കമ്പനികളെക്കുറിച്ചുള്ള തന്റെ ആശങ്ക മറച്ചുവെച്ചില്ല. പുതിയ ഖനികള്‍ സൃഷ്ടിക്കുന്നതിനും പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്താനും വലിയ തുകകള്‍ മുടക്കുമ്പോള്‍ തന്നെയാണ് മാറ്റത്തിന്റെ പാതയിലാണെന്ന് ഊര്‍ജ കമ്പനികള്‍ സ്വയം വിശേഷിക്കുന്നത്. പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജ മേഖലയിലും കാര്‍ബണ്‍ ക്യാപ്ചര്‍ സ്റ്റോറേജിലും നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് എത്ര എളുപ്പത്തിലാണ് അവര്‍ നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. ഇത്തരം കമ്പനികളുമായി പൊതുബന്ധം അനുവദിക്കുന്നതിലൂടെ, കാലാവസ്ഥാ പ്രതിസന്ധി ഒഴിവാക്കാന്‍ ഫോസില്‍ ഇന്ധന കമ്പനികളുടെ നിലവിലെ ശ്രമങ്ങള്‍ പര്യാപ്തമാണെന്ന് ശാസ്ത്രജ്ഞരും വിശ്വസിക്കുന്നുവെന്ന തെറ്റായ ധാരണയാകും എസ്എംജി പൊതുസമൂഹത്തിന് നല്‍കുകയെന്നും ഭയപ്പെടുന്നു. ഫോസില്‍ ഇന്ധന കമ്പനികളുമായുള്ള പങ്കാളിത്തം എസ്എംജിയുടെ പൊതുവിശ്വാസ്യതയും നഷ്ടപ്പെടുത്തിയേക്കാം. ദേശീയതലത്തിലുള്ള സംവാദങ്ങളില്‍ എസ്എംജി നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുകയും കാലാവസ്ഥാ വിഷയങ്ങളില്‍ ശാസ്ത്രീയമായ പ്രചോദനത്തിന് വേദി സൃഷ്ടിക്കുകയും വേണം. എന്നാല്‍, ഇതുപോലുള്ള വിഷയങ്ങളില്‍ തുറന്നു സംസാരിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, എസ്എംജിക്ക് അതിന് കഴിയുമെന്ന് കരുതുന്നില്ല. 

കഴിഞ്ഞവാരം, യുവ കാലാവസ്ഥാ പ്രവര്‍ത്തകര്‍ രാത്രിയോടെ മ്യൂസിയം വളഞ്ഞതിനു പിന്നാലെ, മാറ്റത്തിനായുള്ള ന്യായമായ മുറവിളികളോട് എസ്എംജി ധിക്കാരപരമായി പ്രതികരിച്ചതിനെയും ഫ്രൈ വിമര്‍ശിച്ചു. ഇത് യുവാക്കളുടെ നേതൃത്വത്തിലുള്ള സംവാദമാണ്. ആരെ പ്രചോദിപ്പിക്കാനാണോ എസ്എംജി രുപീകരിക്കപ്പെട്ടത് അവരുമായി സജീവമായി ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍, ഈ സ്ഥാനത്ത് മനസാക്ഷിയോടെ തുടരാന്‍ സാധിക്കില്ലെന്ന് ഫ്രൈ കൂട്ടിച്ചേര്‍ത്തു.   

ശരിയായ സമീപനമെന്ന് എസ്എംജി ഡയറക്ടര്‍
അതേസമയം, ഫോസില്‍ ഇന്ധന വ്യവസായവുമായുള്ള പങ്കാളിത്തത്തെ എസ്എംജി ഡയറക്ടര്‍ ഇയാന്‍ ബ്ലാച്ച്‌ഫോഡ് ന്യായീകരിച്ചു. അത്തരം കമ്പനികളുമായി ഇടപഴകുക, സംവാദനം നടത്തുക, വെല്ലുവിളിക്കുക എന്നതാണ് ശരിയായ സമീപനമെന്നാണ് ഇയാന്‍ ബ്ലാച്ച്‌ഫോഡിന്റെ പക്ഷം. ഫോസില്‍ ഇന്ധനങ്ങളുമായി നേരിട്ടോ അല്ലാതെയോയുള്ള പങ്കാളിത്തത്തിലൂടെ 'കളങ്കിത'രായി മാറുന്ന എല്ലാ സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് പറയുന്ന ചിലരുടെ വാദം ട്രസ്റ്റികള്‍ക്ക് പൂര്‍ണമായും മനസിലാക്കാനാകുന്നില്ല എന്നായിരുന്നു സയന്‍സ് മ്യൂസിയത്തിന്റെ പുതിയ എനര്‍ജി റെവലൂഷന്‍ ഗാലറിക്കായി ഫണ്ട് ചെയ്യാനൊരുങ്ങുന്ന അദാനിയുമായുള്ള കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് ബ്ലാച്ച്‌ഫോഡ് അഭിപ്രായപ്പെട്ടത്. 

കൂടുതല്‍ കല്‍ക്കരി ഖനികള്‍ തുറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമ്പോള്‍ തന്നെയാണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പ്രോജക്ടുകളുടെ പ്രധാന പ്രായോജകരായി ഷെല്‍, അദാനി പോലുള്ള കമ്പനികള്‍ കടന്നുവരുന്നത്. കാലാവസ്ഥാ പ്രതിസന്ധി ഒഴിവാക്കാന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കപ്പെടുന്നുവെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്നുവെന്നതാണ് അവരുടെ നേട്ടം. കാലാവസ്ഥാ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകളിലും പൊതുവേദികളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും അവര്‍ക്ക് കഴിയുന്നു. അത് തിരിച്ചറിഞ്ഞാണ്, കാലാവസ്ഥാ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന യുവാക്കളും സംഘടനകളുമൊക്കെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഉപദേശക സമിതിയില്‍നിന്നും ബോര്‍ഡില്‍നിന്നും രാജിവെച്ച അംഗങ്ങളും മ്യൂസിയത്തിന്റെ നിലപാടില്‍ അതൃപ്തിയും ആശങ്കയുമാണ് പങ്കുവെച്ചത്. എന്നാല്‍, വിമര്‍ശനങ്ങള്‍ കടുപ്പിക്കുമ്പോഴും എണ്ണ കമ്പനികളുമായുള്ള കരാറിനെ ന്യായീകരിക്കുകയാണ് എസ്എംജി. കോപ് 26 പോലുള്ള കാലാവസ്ഥാ ഉച്ചകോടികളുടെ ഉള്‍പ്പെടെ മുഖ്യ ഉപദേഷ്ടാക്കളായി നിലനില്‍ക്കെ തന്നെ, ഫോസില്‍ ഇന്ധന നിര്‍മാതാക്കളെയും അവര്‍ ചേര്‍ത്തുപിടിക്കുന്നു. വന്‍തുക കൈമറിയുന്ന സ്‌പോണ്‍സര്‍ഷിപ്പുകളില്‍, കാലാവസ്ഥാ സംരക്ഷണം സംബന്ധിച്ച പ്രതിബദ്ധതയാണ് മുങ്ങിപ്പോകുന്നത്.