കടല്‍ കരയെ വിഴുങ്ങുന്ന കാലം; അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുമ്പോള്‍ കേരളവും ഭയക്കേണ്ടതുണ്ട്

 
Glacier in Antarctica
സമുദ്ര ജല നിരപ്പ് ഉയരുന്നത് ദ്വീപുകള്‍ക്കും തീരദേശ നഗരങ്ങള്‍ക്കും ഭീഷണി

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏകദേശം 500 ബില്യണ്‍ ടണ്‍ ഭാരം വരുന്ന മഞ്ഞുപാളികള്‍ അന്റാര്‍ട്ടിക്ക് ഭൂഖണ്ഡത്തില്‍നിന്ന് തകര്‍ന്ന് ആയിരക്കണക്കിന് മഞ്ഞുമലകളായി വെഡല്‍ കടലിലേക്ക് പതിച്ചു. 1,255 ചതുരശ്ര മൈല്‍ (3,250 ചതുരശ്ര കിലോമീറ്റര്‍) ലാഴ്‌സന്‍ ബി ഐസ് ഷെല്‍ഫുകള്‍ വേഗത്തില്‍ ഉരുകുമെന്നാണ് പറഞ്ഞുകേട്ടിരുന്നതെങ്കിലും, 200 മീറ്റര്‍ ഘനമുള്ള ഭീമന്‍ പാളികള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ പൂര്‍ണമായും ശിഥിലമാകുമെന്ന കാര്യം ആരുടെയും പ്രവചനങ്ങളില്‍ ഉണ്ടായിരുന്നില്ല. മഞ്ഞുപാളികളുടെ തകര്‍ച്ചയുടെ തോത് പോലെ തന്നെ, അവ ഉരുകുന്നതിന്റെ വേഗതയും ഗ്ലേഷ്യോളജിസ്റ്റുകളെ ഞെട്ടിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കനുസരിച്ച് 1,667 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള മഞ്ഞുപാളിയാണ് അന്റാര്‍ട്ടിക്ക് ഐസ് ഷെല്‍ഫില്‍ നിന്ന് വിഘടിച്ചിരിക്കുന്നത്. ആഗോള സമുദ്രജലത്തിന്റെ അളവ് രണ്ടരയടിയോളം ഉയര്‍ത്താനുള്ള ശേഷി അതിനുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ലോകസമുദ്രങ്ങളിലെ ദ്വീപുകളെയും വന്‍കരകളിലെ തീരപ്രദേശ നഗരങ്ങളെയും മുക്കിക്കളയാന്‍ അത് ധാരാളം. 

അടുത്തിടെ, ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന യോഗത്തില്‍, പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് മഞ്ഞുപാളിയില്‍ ഭയാനകമായ ചിലത് സംഭവിക്കുന്നതായി ഹിമ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നായ തൈ്വറ്റ്‌സ് ഹിമാനിയുടെ മുകളിലും താഴെയും വലിയ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ടെന്നും, അത് പല ഭാഗങ്ങളായി തകര്‍ന്നുവീഴേക്കാമെന്നും, അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ അത് സംഭവിച്ചേക്കാമെന്നും ബ്രിട്ടീഷ്, അമേരിക്കന്‍ സംഘങ്ങള്‍ വര്‍ഷങ്ങളോളം നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു. തൈ്വറ്റ്സ് ലാര്‍സന്‍ ബിയെ ഒരു ഐസിക്കിള്‍ പോലെയാക്കുന്നു. ഇത് ഏകദേശം 100 മടങ്ങ് വലുതാണ്, ഏകദേശം ബ്രിട്ടനേക്കാള്‍ വലിപ്പമുണ്ട്, മാത്രമല്ല ലോകമെമ്പാടുമുള്ള സമുദ്രനിരപ്പ് അര മീറ്ററിലധികം ഉയര്‍ത്താന്‍ ആവശ്യമായ വെള്ളം ഉള്‍ക്കൊള്ളുന്നതുമാണ്. ഇത് പ്രതിവര്‍ഷ ആഗോള സമുദ്രനിരപ്പ് വര്‍ധനയില്‍ നാല് ശതമാനം അവയുടെ സംഭാവനയാണ്. 1990 കളിലേതിനേക്കാള്‍ വളരെ വേഗത്തില്‍ അവ ഉരുകുന്നു എന്നാണ് സാറ്റലൈറ്റ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

Also Read : ചൂട് ഇനിയും കൂടിയാല്‍ മനുഷ്യവാസം പോലും സാധ്യമാകില്ല; 100 കോടി ജനങ്ങളെയെങ്കിലും അത് ബാധിക്കും

തൈ്വറ്റ്‌സ് ആശങ്കാജനകമാണ്, എന്നാല്‍, അന്റാര്‍ട്ടിക് സമുദ്രം ചൂടാകുന്നതിനനുസരിച്ച് നേര്‍ക്കുകയും ഉരുകുകയും ചെയ്യുന്ന നിരവധി വലിയ ഹിമാനികള്‍ അവിടെയുണ്ട്. എന്നാല്‍, അവ സമുദ്രങ്ങളിലേക്ക് എത്തുന്നത് ഒരു കോര്‍ക്ക് പോലെ നിന്നുകൊണ്ട് തൈ്വറ്റ്‌സ് തടഞ്ഞുനിര്‍ത്തുന്നു. അതിനാല്‍, തൈ്വറ്റ്‌സ് ശിഥിലമായാല്‍ മറ്റുള്ളവ ഉരുകുന്നതും വേഗത്തിലാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മുഴുവന്‍ മഞ്ഞുപാളികളും പൊട്ടിതകരുന്നതിനൊപ്പം ആഗോള സമുദ്രനിരപ്പ് നിരവധി മീറ്ററുകള്‍ ഉയരുന്നതിനും അത് കാരണമാകും. അവ എത്ര വേഗത്തില്‍ തകര്‍ന്നുവീഴാം എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. സമുദ്രനിരപ്പ് അതിവേഗമാണ് ഉയരുന്നത്. 2006നും 2015നും ഇടയില്‍ സമുദ്രനിരപ്പിന്റെ വാര്‍ഷിക വര്‍ധന 1.4 മില്ലീമീറ്ററില്‍ നിന്ന് 3.6 മില്ലീമീറ്ററായാണ് വര്‍ധിച്ചത്. പ്രതിവര്‍ഷം സമുദ്രനിരപ്പ് ഏതാനും മില്ലിമീറ്ററുകള്‍ വര്‍ധിക്കുന്നതില്‍ അധികം ആശങ്കപ്പെടേണ്ടതില്ല. പക്ഷേ, തൈ്വറ്റ്‌സുകളുടെ ചെറിയ ഭാഗം പോലും തകരുന്നത് സമുദ്രനിരപ്പ് വര്‍ധനയുടെ തോത് കൊടുങ്കാറ്റിന്റെ തീവ്രതയേക്കാള്‍ വേഗത്തിലാക്കും. ആര്‍ട്ടിക്കിലെ മഞ്ഞുവീഴ്ച സമുദ്രനിരപ്പിനെ ബാധിക്കില്ല, കാരണം അത് കൂടുതലും കടലിലാണ് രൂപം കൊള്ളുന്നത്. അതേസമയം, അന്റാര്‍ട്ടിക്ക് ഹിമപാളികള്‍ ഭൂരിഭാഗവും കരയിലാണ്. അതിനാല്‍ ഏത് ഉരുകലും സമുദ്രനിരപ്പ് വര്‍ധിപ്പിക്കും. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ ഹിമാനികള്‍ അപ്പാടെ തകര്‍ന്നാല്‍, ജീവിതത്തിനും സമ്പദ്വ്യവസ്ഥയ്ക്കും വിനാശം തീര്‍ക്കുന്ന ചതുപ്പില്‍ താഴ്ത്തപ്പെടാത്ത ഒരു നഗരവും ലോകത്തില്‍ ഉണ്ടാകില്ല. 

Also Read : കാലാവസ്ഥാ പ്രതിസന്ധി: വികസിത രാജ്യങ്ങളുടെ വെറുംവാക്കില്‍ ഇനിയും കാര്യമില്ല

സമുദ്ര ജല നിരപ്പ് ഉയരുന്നത് ദ്വീപുകള്‍ക്കു മാത്രമല്ല, ലോകത്തിലെ പല തീരദേശ നഗരങ്ങള്‍ക്കും ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) നടത്തിയ പഠനം വിലയിരുത്തുന്നു. തീരപ്രദേശങ്ങള്‍, ദ്വീപുകള്‍, ദ്വീപസമൂഹങ്ങള്‍ എന്നിവ കടലില്‍ മുങ്ങും. പസഫിക്ക് സമുദ്രത്തിലെ കിരിബാറ്റി ദ്വീപ് സമൂഹം, തെക്കന്‍ പസഫിക്കിലെ കാര്‍ട്ടറേറ്റ ദ്വീപുകള്‍, മാലിദ്വീപ്, ലക്ഷദ്വീപ്, ശ്രീലങ്ക എന്നിങ്ങനെ ദ്വീപസമൂഹങ്ങളെ സാരമായി ബാധിക്കും. ലോകസമുദ്രത്തിലാകമാനം ചിതറിക്കിടക്കുന്ന ദ്വീപുകളിലായി ആറ് കോടിയിലധികം ജനങ്ങളാണുള്ളത്. ആ ജനതയും അവരുടെ സംസ്‌കാരവുമൊക്കെ നാമാവശേഷമാകും. ചൈനയില്‍ ഷാങ്ഹായി, നിങ്ബോ, തായ്ഷോ അടക്കം അരഡസന്‍ തീര നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. യുഎസില്‍ മിയാമി, ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളും, യൂറോപ്പില്‍ ആംസ്റ്റര്‍ഡാം, വെനീസ്, ഹാംബര്‍ഗ് തുടങ്ങിയവയും ഭീഷണി നേരിടേണ്ടിവരും. നിലവിലെ അവസ്ഥയില്‍, 2050ഓടെ സമുദ്രനിരപ്പിനോടു ചേര്‍ന്നുകിടക്കുന്ന നഗരങ്ങളും ചെറുദ്വീപുകളും മുങ്ങിപ്പോകാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയില്‍ കൊച്ചി, മുംബൈ ചെന്നെ നഗരങ്ങള്‍ കടലിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

Also Read : 'കാലാവസ്ഥാ പ്രതിസന്ധി ഏറെ ബാധിക്കുന്നത് സ്ത്രീകളെ; ലിംഗ അസമത്വം പരിഹരിക്കണം'

മത്സ്യസമ്പത്തിന്റെ അനിയന്ത്രിതമായ നാശം, ചുഴലിക്കാറ്റ് ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ വഴിയുള്ള നാശനഷ്ടങ്ങളുടെ വര്‍ധന, കരകളെ കടലെടുക്കുന്ന പ്രവണത ഇവയെല്ലാം വലിയൊരു വിനാശത്തിന്റെ സൂചനകളാണെന്നാണ് ഐപിസിസി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യജീവിതത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവും ചരിത്രപരവുമായ സകല നിര്‍മിതികള്‍ക്കുമൊപ്പം, ജന്തുജാലങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും നാശത്തിലേക്കാണ് സമുദ്ര ജലനിരപ്പിന്റെ വര്‍ധന വഴിതുറക്കുന്നത്. ഇത്തരത്തില്‍ കടല്‍ കരയെ വിഴുങ്ങുന്ന കാലത്തിലേക്ക് അധിക ദൂരമില്ലെന്നാണ് പുതിയ പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. വന്‍കരയിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അവസരം ലഭിച്ചേക്കും. എന്നാല്‍, ദ്വീപുകളില്‍ കഴിയുന്നവര്‍ക്ക് അത്തരമൊരു സാധ്യത ആലോചിക്കാന്‍ കൂടി കഴിയില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ലോകത്തിന്റെ ചര്‍ച്ചകള്‍ ഫലപ്രദമായ തീരുമാനങ്ങളിലേക്ക് എത്താത്ത കാലത്തോളം, ഈ ഭീഷണി നിലനില്‍ക്കും.