സ്‌പൈക്ക് പ്രോട്ടീനില്‍ 32 മ്യൂട്ടേഷന്‍; കൊറോണ വൈറസിന് പുതിയ വകഭേദം 

 
delta plus

മൂന്ന് രാജ്യങ്ങളിലായി 10 പേരിലാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്

കോവിഡിന് കാരണമായ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി. ഏറ്റവുമധികം മ്യൂട്ടേഷനുകള്‍ സംഭവിച്ചിട്ടുള്ള വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ തളര്‍ത്തിക്കളയുന്ന പുതിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജിനോമിക് സീക്വന്‍സിലൂടെ മൂന്ന് രാജ്യങ്ങളിലായി 10 പേര്‍ക്കാണ് ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ബോട്‌സ്വാനയിലാണ് പുതിയ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മൂന്നുപേര്‍ക്കാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ആറുപേരിലും ഹോങ്കോങ്ങില്‍ ഒരാളിലും പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

വൈറസിന്റെ ബി 1.1.529 വകഭേദത്തിന് കോവിഡിനെതിരെ ശരീരത്തെ പ്രതിരോധ സജ്ജമാക്കുന്ന സ്‌പൈക്ക് പ്രോട്ടീനില്‍ 32 മ്യൂട്ടേഷനാണുള്ളത്. ഇത് കോശങ്ങളില്‍ ബാധിക്കാനും പടരാനുമുള്ള വൈറസിന്റെ ശേഷിയെ ബാധിച്ചേക്കും. പക്ഷേ, വൈറസ്ബാധയെ ആക്രമിക്കാനുള്ള രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് തളര്‍ത്തും. വാക്‌സിനുകളെ ചെറുത്തുനില്‍ക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിന് കൈവരും. എന്നാല്‍, ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഒരു വകഭേദത്തിലും കാണാത്തത്ര ജനിതകമാറ്റങ്ങള്‍ പുതിയതില്‍ പ്രകടമാണ്. അതിനാല്‍, ഈ വകഭേദം അധികനാള്‍ സജീവമായി നിലനില്‍ക്കില്ലെന്നാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തിനാല്‍, ഡെല്‍റ്റയെപ്പോലെ തീവ്ര വ്യാപനശേഷി പുതിയ വകഭേദത്തിന് ഇല്ലെന്നും വിലയിരുത്തപ്പെടുന്നു. 

സ്‌പൈക്ക് പ്രോട്ടീനില്‍ ഉയര്‍ന്ന അളവില്‍ മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍, പുതിയ വൈറസ് വകഭേദം ശരിക്കും ആശങ്കയുളവാക്കുന്നതാണെന്ന് ലണ്ടനിലെ ഇംപീരിയലിസ്റ്റ് കോളേജിലെ വൈറോളജിസ്റ്റ് ഡോ. ടോം പീകോക്ക് പറയുന്നു. അവിശ്വസനീയമാംവിധം ഉയര്‍ന്ന അളവിലുള്ള സ്‌പൈക്ക് മ്യൂട്ടേഷനുകള്‍ യഥാര്‍ത്ഥ ആശങ്കയ്ക്ക് കാരണമാകുമെന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ ശ്രദ്ധയോടെയുള്ള നിരീക്ഷണം ആവശ്യമാണ്. അതേസമയം, ഇവ അധികം വ്യാപിക്കാത്ത തരത്തിലുള്ള വകഭേദമാണെന്നാണ് തോന്നുന്നത്. അത് അങ്ങനെയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു -ഡോ. പീകോക്ക് ട്വിറ്ററില്‍ പറഞ്ഞു.  

ലോകമെങ്ങും സാര്‍സ് കോവി 2 വകഭേദങ്ങള്‍ വികസിക്കുന്ന സാഹചര്യത്തില്‍, ലോകമെമ്പാടുമുള്ള ശാസ്ത്ര സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇക്കാര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ കോവിഡ് ഇന്‍സിഡന്റ് ഡയറക്ടര്‍ ഡോ. മീര ചന്ദ് പറഞ്ഞു. തുടര്‍ച്ചയായോ ക്രമരഹിതമായോ പരിവര്‍ത്തനം സംഭവിക്കുകയെന്നത് വൈറസുകളുടെ സ്വഭാവമാണ്. അതിനാല്‍, ചെറിയ എണ്ണം മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നതില്‍ അസാധരണത്വമില്ല. എന്നാല്‍ തീവ്രവ്യാപനം കാണിക്കുന്ന വകഭേദങ്ങള്‍ വേഗത്തില്‍ വിലയിരുത്തുപ്പെടുന്നുണ്ടെന്നും ഡോ. മീര ചന്ദ് കൂട്ടിച്ചേര്‍ത്തു. 

ബോട്‌സ്വാനയില്‍ നവംബര്‍ 11നാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനുശേഷം ദക്ഷിണാഫ്രിക്കയില്‍ ആദ്യ കേസ് രേഖപ്പെടുത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 11 വരെ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞശേഷം ഹോങ്കോങ്ങില്‍ തിരിച്ചെത്തിയയാള്‍ക്കും പുതിയ വൈറസ് ബാധ രേഖപ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍നിന്ന് യാത്ര തിരിക്കുന്നതിനു മുമ്പായി നടത്തിയ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയവേ, നവംബര്‍ 13ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

പുതിയ വകഭേദം കൂടുതല്‍ ശക്തി പ്രാപിക്കുകയും വ്യാപകമായി പടരുകയും ചെയ്യുന്നുണ്ടോയെന്ന് ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബി.1.1.529ലെ രണ്ട് മ്യൂട്ടേഷനുകള്‍ അണുബാധ വര്‍ധിപ്പിക്കുകയും ആന്റിബോഡിയുടെ തിരിച്ചറിയല്‍ ശേഷിയെ കുറച്ചതായും ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ മൈക്രോബയോളജി പ്രൊഫസറായ രവി ഗുപ്ത പറയുന്നു. നിലവിലുള്ള മ്യൂട്ടേഷനുകള്‍ കണക്കിലെടുക്കുമ്പോള്‍, ഇതൊരു പ്രധാന ആശങ്കയായി തോന്നുന്നു. എന്നിരുന്നാലും, എത്രത്തോളം സാംക്രമികമാണെന്നതാണ് ഒരു വൈറസിന്റെ അജ്ഞാതമായ ഭാഗം. ഡൈല്‍റ്റ വകഭേദത്തിലും പ്രാഥമികമായി അതാണ് സംഭവിച്ചതെന്ന് തോന്നുന്നു. എന്തും സംഭവിക്കാം എന്നതിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ള വൈറസിന്റെ രക്ഷപെടലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തിയിലെ വിട്ടുമാറാത്ത രോഗബാധക്കിടയിലോ മതിയായ ചികിത്സ ഇല്ലാത്ത എയ്ഡ്‌സ് രോഗിയിലോ പ്രവേശിച്ചപ്പോഴായിരിക്കണം ഇത്തരമൊരു ജനിതകമാറ്റം സംഭവിച്ചിരിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ജനിതകശാസ്ത്ര വിഭാഗം അധ്യാപകന്‍ പ്രൊഫസര്‍ ഫ്രാങ്കോയിസ് ബലോക്‌സ് പറയുന്നു. നിലവിലെ അവസ്ഥയില്‍ അത് എത്രത്തോളം സാംക്രമികമാകുമെന്ന് പ്രവചിക്കാനാകില്ല. ഇവയെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വേണം. സമീപഭാവിയില്‍ ഇവ ഉയരുന്നില്ലെങ്കിലും അമിതമായി ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.