പഴയ ബിരുദധാരികള്‍ക്ക് തിരിച്ചടി; ബാമിയാന്‍ ബുദ്ധപ്രതിമ നിന്ന സ്ഥലങ്ങള്‍ സംരക്ഷിക്കും: താലിബാന്‍

 
d

അഫ്ഗാനിസ്ഥാനിലെ പുരാതന വസ്തുക്കളുടെയും പുരാവസ്തു മ്യൂസിയങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ബാമിയാന്‍ താഴ്‌വരയിലെ രണ്ട് ഭീമന്‍ ബുദ്ധ പ്രതിമകള്‍ നിന്നിരുന്ന സ്ഥലങ്ങള്‍ സംരക്ഷിക്കുമെന്ന വാഗ്ദാനവൃമായി താലിബാന്‍. മുന്‍ താലിബാന്‍ ഭരണകാലത്ത് ഈ പൈതൃകം ആസൂത്രിതമായി നശിപ്പിക്കപ്പെട്ടിരുന്നു. ആയിരത്തിലേറെ വർഷം പഴക്കമുള്ള പൈതൃക കേന്ദ്രവും അവിടെ വൻശിലകൊത്തിയുണ്ടാക്കിയ ബുദ്ധപ്രതിമ കളാണ്  താലിബാൻ റോക്കറ്റാക്രമണങ്ങളിലൂടെ തകർത്തെറിഞ്ഞത്. 

ആറാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രവിശ്യയിലെ മണല്‍ക്കല്‍ പാറകളില്‍ സ്ഥാപിച്ചിരുന്ന ബുദ്ധന്റെ രണ്ട് സ്മാരക പ്രതിമകള്‍ സല്‍സല്‍ ഷമാമ എന്നറിയപ്പെട്ടിരുന്നു. 2001 മാര്‍ച്ചില്‍ താലിബാന്‍ ആക്രമണത്തില്‍ ബുദ്ധപ്രതിമകള്‍ നശിപ്പിച്ചു. സല്‍സല്‍ എന്ന പുരുഷന്റെ പ്രതീകമായ പ്രതിമയ്ക്ക് 53 മീറ്ററും  സ്ത്രീയുടെ പ്രതീകമായ ഷമാമ പ്രതിമയ്ക്ക് 35 മീറ്ററുമാണ് ഉയരമുണ്ടായിരുന്നത്. 

പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ നേരത്തെ ഇവയ്ക്ക് നേരെയുണ്ടായ ആമ്രകണങ്ങളില്‍ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നതായി താലിബാന്‍ പറഞ്ഞു. എന്നിരുന്നാലും, നിലവില്‍ ബുദ്ധന്മാരുടെ ഇടങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഇത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രയോജനകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ബാമിയാനിലെ ഒരു ഇസ്ലാമിക് എമിറേറ്റിന്റെ ഉദ്യോഗസ്ഥനെന്ന നിലയില്‍, ഞങ്ങളുടെ പ്രവിശ്യയിലെ ഈ അമൂല്യവും ചരിത്രപരവുമായ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു,' ബാമിയാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടറേറ്റ് തലവന്‍ മൗലവി സൈഫ്-ഉല്‍-റഹ്‌മാന്‍ മുഹമ്മദിയെ ഉദ്ധരിച്ച് അരിയാന ന്യൂസ് പറഞ്ഞു.

താലിബാനിലെ മറ്റൊരു അംഗത്തിന്റെ അഭിപ്രായത്തില്‍, 2001 ല്‍ താലിബാന്‍ ബുദ്ധമതങ്ങള്‍ക്കെതിരെ ആമ്രകണം നടത്തിയത് അവരുടെ  മതപരമായ ആശയങ്ങള്‍ കാരണമാണെന്ന് വ്യക്തമാക്കി. 'ഇസ്ലാമിക് എമിറേറ്റ് ആ സമയത്ത് ഒരു തിടുക്കത്തിലുള്ള തീരുമാനമെടുത്തിരുന്നില്ല. 2001 ല്‍ ഇസ്ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കി അവലോകനം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്തു, തുടര്‍ന്ന് അവ നശിപ്പിക്കുകയും ചെയ്തു,' അരിയാന ന്യൂസ് റിപോര്‍ട്ട് ചെയ്തു.

കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാന്‍ ഹെറാത്തിലെ 40 ശതമാനത്തിലധികം അഫ്ഗാന്‍ ചരിത്രസ്ഥലങ്ങള്‍ അടിയന്തരമായി പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് താലിബാന്‍ അധികൃതര്‍ നേത്തെ പറഞ്ഞിരുന്നു.  'നമ്മുടെ ചരിത്ര സ്മാരകങ്ങളില്‍ നാല്പത് ശതമാനവും അടിയന്തിരമായി പുനസ്ഥാപിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, രാജ്യത്തിന്റെസമ്പദ്‌വ്യവസ്ഥ സ്ഥിരമല്ല,' ഹെറാത്തിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സല്‍മയ് സഫ പറഞ്ഞു. സിറാഡല്‍, മുസല്ല സമുച്ചയം, ഗവാര്‍ ഷാദിന്റെ ശവകുടീരം, വലിയ പള്ളി എന്നിവയുള്‍പ്പെടെ ഏകദേശം 780 ചരിത്ര സ്മാരകങ്ങള്‍ ഹെറാത്ത് പ്രവിശ്യയില്‍ കാണാം.

2000 മുതല്‍ 2020 വരെ പഠിച്ചിറങ്ങിയ ബിരുദധാരികള്‍ക്ക് തിരിച്ചടി

താലിബാന്‍ ഭരിക്കുന്നതിന് മുമ്പുള്ള രണ്ട് പതിറ്റാണ്ടുകളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലെന്നാണ്‌
താലിബാന്‍ അറിയിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ താത്കാലിക ചുമതലയുള്ള മന്ത്രി അബ്ദുല്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോലോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

2000-നും 2020-നും ഇടയില്‍ പഠിച്ചിറങ്ങിവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലെന്നാണ് ഹഖാനി പറഞ്ഞത്. കാബൂള്‍ സര്‍വകലാശാലയിലെ അധ്യാപകരുമായുള്ള  കൂടിക്കാഴ്ചക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശം. താലിബാന്‍ ആദ്യ തവണ പുറത്തായ ശേഷം യുഎസ് പിന്തുണയോടെയുള്ള സര്‍ക്കാരാണ് അഫ്ഗാന്‍ ഭരിച്ചിരുന്നത്. അക്കാലത്ത് ബിരുദം എടുത്തവരുടെ സര്‍ടിഫിക്കറ്റുകളാണ് ഒരു വിലയുമില്ലാത്തതെന്ന് മന്ത്രി പറഞ്ഞത്. 

വരും തലമുറകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിവുള്ള അധ്യാപകരെയാണ് തങ്ങള്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഹഖാനി പറഞ്ഞു. എന്നാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ അഫ്ഗാനിസ്ഥാന്റെ ഭാവിക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കൂ എന്നും ഹഖാനി പറഞ്ഞു.