കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

 
Kabul

വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം; ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കും

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു. മരിച്ചവരെല്ലാം അഫ്ഗാന്‍ പൗരന്മാരാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യം വിടാനെത്തിയ ആള്‍ക്കൂട്ടത്തിനിടെയുണ്ടായ തിക്കും തിരക്കും സംഘര്‍ഷത്തിനു കാരണമായെന്നും അതാണ് മരണത്തിനിടയാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്. 

രാജ്യത്ത് താലിബാന്‍ വീണ്ടും അധികാരത്തിലേറിയതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് ദിവസവും അഫ്ഗാന്‍ വിട്ടുപോകുന്നത്. സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും യുഎസും ഉള്‍പ്പെടെ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടെന്നും ഈ മാസം അവസാനം വരെ രക്ഷാദൗത്യം തുടരുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. 

രാജ്യം വിടുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കാനും മറ്റു രാജ്യങ്ങള്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, താലിബാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് എത്തുന്നവരെ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചോദ്യം ചെയ്തതിനുംശേഷമാണ് പലരെയും വിമാനത്താവളത്തിലേക്ക് കടത്തിവിടുന്നത്. കൂട്ടഒഴിപ്പിക്കലിന് ഇത് തടസമാകുന്നുണ്ട്.