ഗോതാബയ മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക്, തെരുവില്‍ പ്രതിഷേധിച്ച് ജനം, നിരവധി പേര്‍ക്ക് പരുക്ക്, ഒരു മരണം 

 
srilanka

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രതിഷേധം ശക്തമാണ്, പ്രദേശത്ത് യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ തെരുവുകളില്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചിരിക്കുകയാണ്. പൊതുമുതലുകള്‍ നശിപ്പിച്ച് ജീവന്‍ അപകടത്തിലാക്കുന്ന പ്രതിഷേധക്കാരെ തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍  സൈന്യത്തിന് അധികാരം നല്‍കിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ തടയുന്നതിന് കൊളംബോയില്‍ ജൂലൈ 14 ഉച്ചയ്ക്ക് 12 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. 

മാലിദ്വീപിലേക്ക് കടന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ, അവിടെനിന്ന് വ്യാഴാഴ്ച സിങ്കപ്പൂരിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. 
ഗോതബയ രാജപക്സെയും ഭാര്യയും സൗദി എയര്‍ലൈന്‍സിന്റെ SV788 വിമാനത്തില്‍ മാലിയില്‍ നിന്ന് സിംഗപ്പൂരിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം ഗോതാബയും കുടുംബവും സൗദിയിലേക്കെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിംഗപ്പൂരില്‍ തന്നെ തുടരുമെന്നാണ് ഒടുവില്‍ പുറത്തു വന്ന റിപോര്‍ട്ടുകള്‍. ജനങ്ങളുടെ പ്രതിഷേധം ഭയക്കുന്ന രാജപക്സെ, സിങ്കപ്പൂരിലേക്ക് പോകാന്‍ സ്വകാര്യ വിമാനം സജ്ജമാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മാലിദ്വീപ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. 

ബുധനാഴ്ച തന്നെ രാജിവെക്കുമെന്ന് ലങ്കന്‍ സ്പീക്കര്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിരുന്ന രാജപക്സെ രാജി സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരം. ബുധനാഴ്ച ലങ്കയിലെ രാഷ്ട്രീയനേതാക്കള്‍ സര്‍വകക്ഷിയോഗം ചേരുകയും പാര്‍ലമെന്റ് സ്പീക്കറെ ആക്ടിങ് പ്രസിഡന്റായി തീരുമാനിക്കുകയും ചെയ്തിരുന്നു. വിക്രമസിംഗെയോട് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊളംബോയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരാള്‍ മരിക്കുകയും 84 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ്  റിപ്പോര്‍ട്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് 26 കാരനായ യുവാവ് ശ്വാസതടസ്സം മൂലം മരിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ബുധനാഴ്ച രാവിലെ സൈനിക വിമാനത്തിലായിരുന്നു ഗോതബയയും സംഘവും മാലിദ്വീപിലേക്ക് രക്ഷപ്പെട്ടത്. ഇതിനു പിന്നാലെ താല്‍കാലിക പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ചുമതലയേറ്റു. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. രാജിവെക്കാതെയാണ് ഗോടബയ രാജ്യംവിട്ടത്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തങ്ങള്‍ പിടിച്ചെടുത്ത ഔദ്യോഗിക കെട്ടിടങ്ങള്‍ തിരികെ നല്‍കാന്‍ സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്‍ഷ്യല്‍ പാലസ്, പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ഞങ്ങള്‍ സമാധാനപരമായി പിന്‍വാങ്ങുകയാണ്, എന്നാല്‍ ഞങ്ങളുടെ സമരം തുടരുമെന്ന് പ്രതിഷേധക്കാരുടെ വക്താവ് പറഞ്ഞു. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ കൊട്ടാരം കീഴടക്കുകയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസ്  അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് സ്പീക്കര്‍ 

എത്രയും വേഗം പ്രസിഡന്റ് സ്ഥാനം രാജി കത്ത് സമര്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ ഓഫീസില്‍ നിന്ന് പുറത്താക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ പരിഗണിക്കുമെന്നും ശ്രീലങ്കന്‍ സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ഗോതബയ രാജപക്സെയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് രാജി കത്ത് നല്‍കുമെന്ന് രാഷ്ട്രപതി പ്രസിഡന്റ് ടെലഫോണില്‍ അറിയിച്ചതായി സ്പീക്കര്‍ പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലാണെന്നും എത്രയും വേഗം രാജി കത്ത് സമര്‍പ്പിക്കാന്‍ രാജപക്സെയോട് ആവശ്യപ്പെട്ടതായി സ്പീക്കര്‍ അബെവര്‍ധന പറഞ്ഞതായി  ന്യൂസ് ഫസ്റ്റ് ലങ്ക റിപ്പോര്‍ട്ട് ചെയ്തു.