ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം: പ്രസിഡന്റ് ഗോതബയ രാജപക്സയുടെ രാജി മൂന്ന് ദിവസത്തിനകം 

 
srilanka

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സ  ബുധനാഴ്ച രാജിവെക്കുമെന്ന് റിപോര്‍ട്ടുകള്‍. 30 ദിവസത്തേക്ക് സ്പീക്കര്‍ രാഷ്ട്രപതിയാകുമെന്നും ഈ കാലയളവില്‍ പാര്‍ലമെന്റ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നുമാണ് റിപോര്‍ട്ട്. 

കൊളംബോയിലെ ലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും അവര്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് കയറി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വാഹനങ്ങള്‍ കേടുവരുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രസിഡന്റിന്റെ വസതിയും ഓഫീസും പ്രക്ഷോഭകാരികള്‍ പിടിച്ചടക്കിയിരുന്നു.   പ്രതിഷേധക്കാർ വസതി വളഞ്ഞപ്പോൾതന്നെ പ്രസിഡന്റിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ പ്രസിഡന്റിന്റെ വാഹനവ്യൂഹം വിമാനത്താവളപരിസരത്ത് കണ്ടിരുന്നു. ഇദ്ദേഹം രാജ്യം വിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു.

മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി നിയമിതനായ വിക്രമസിംഗെയും, സര്‍ക്കാരിന്റെ തുടര്‍ച്ചയും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി തന്റെ സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന്റെ പിന്തുടര്‍ച്ചയും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയാണെന്നണ് രാജി പ്രഖ്യാപനത്തിന് പിന്നാലെ റെനില്‍ വിക്രമസിംഗെ പറഞ്ഞത്. എല്ലാ കക്ഷികളേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി താന്‍ പ്രധാനമന്ത്രിപദം രാജിവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനപരമായ അധികാര കൈമാറ്റത്തിന് പ്രസിഡന്റ് ഗോതബയ രാജപക്സെ ജൂലൈ 13ന് രാജി സമര്‍പ്പിക്കുമെന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്. ബുധനാഴ്ച വരെ രാജപക്‌സെ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ജനങ്ങള്‍ അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

കടുത്ത വിദേശനാണ്യ പ്രതിസന്ധിയില്‍ ശ്രീലങ്ക പൊറുതിമുട്ടുകയാണ്, രാജ്യത്ത് ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ ഇറക്കുമതി  പരിമിതപ്പെടുത്തിയിരിക്കുന്നു, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലായാണ് രാജ്യം എത്തി നില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയില്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ മേലാണ് കുറ്റം ആരോപിക്കുന്നത്. മാര്‍ച്ച് മുതല്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ അദ്ദേഹത്തിന്റെ രാജിക്കായി ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി നേരിട്ടതോടെ രാജ്യം ഇന്ധന ഇറക്കുമതി നിര്‍ത്തി, സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. അവശ്യ സേവനങ്ങള്‍ക്കായി പെട്രോളും ഡീസലും റേഷന്‍ നല്‍കുകിയതോടെ കഴിഞ്ഞ ആഴ്ചകളായി പ്രക്ഷോഭം കനക്കുകയായിരുന്നു.