ഗോതബായ രാജപക്സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; അറിയേണ്ട പത്ത് കാര്യങ്ങള്‍

മാസങ്ങള്‍ നീണ്ട പ്രതിഷേധത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രാജപക്സെ രാജ്യം വിട്ടതിനു പിന്നാലെ ആഭ്യന്തരകലാപം രൂക്ഷമായ സാഹചര്യത്തില്‍
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിശാനിയമം ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസിനുനേരെ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുകയും ലങ്കന്‍ പാര്‍ലമെന്റിന്റെ കവാടത്തിന് പുറത്ത് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ടിവി സ്റ്റേഷനില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കയുടെ ദേശീയ ടിവി ശൃംഖലയായ രൂപവാഹിനി കോര്പ്പറേഷന് സംപ്രേക്ഷണം നിര്‍ത്തിവച്ചു.
വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ കൊളംബോ ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുടനീളം അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപകാരികളെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി സുരക്ഷാ സേനയോട് ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കൊളംബോയിലെ ഔദ്യോഗിക വസതിയില്‍ പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ട പ്രസിഡന്റ് ഗോതബയ രാജപക്സെ ബുധനാഴ്ച രാജിവെക്കുമെന്നും സമാധാനപരമായ അധികാര പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
വിദേശത്തായിരിക്കെ പ്രധാനമന്ത്രി വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി ഗോതബായ രാജപക്സെ നിയമിച്ചതായി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന അറിയിച്ചു.
പ്രതിഷേധം ശക്തമായിരിക്കെ അറസ്റ്റ് ഒഴിവാക്കാനും തടങ്കലില്‍ അടയ്ക്കുമെന്ന ഭയത്താലാണ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മുമ്പ് ഗോതബയ രാജപക്സെ വിദേശത്തേക്ക് കടക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. ഗോതബയെും ഭാര്യയും രണ്ട് അംഗരക്ഷകരുമാണ് ലങ്കയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാലിദ്വീപിലെത്തിയതായാണ് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട്.
ജനക്കൂട്ടം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കയറുന്നത് തടയാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. സര്‍വകക്ഷി സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനും ജൂലൈ 20 ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുമുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രസിഡന്റ് എന്ന നിലയില്‍, പ്രതിരോധ സേനയുടെ പരമോന്നത കമാന്ഡറാര് ഇപ്പോഴും രാജപക്സെ തന്നെയാണ്. ഈ അധികാരം ഉപയോഗിച്ചാണ് സേനാ വിമാനത്തില്‍ ഗോതബയെ രാജ്യം വിട്ടത്.
മാലിദ്വീപില്‍ എത്തിയപ്പോള്‍, പ്രസിഡന്റ് രാജപക്സെയെയും ഭാര്യയെയും അംഗരക്ഷകരെയും പോലീസ് അകമ്പടിയോടെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി, മാലിയിലെ ഒരു വിമാനത്താവള ഉദ്യോഗസ്ഥന് പറഞ്ഞു. പ്രസിഡന്റിന്റെ ഇളയ സഹോദരനും മുന്‍ ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റ് രാജപക്സെയെയും സഹോദരന് ബേസിലിനെയും രാജ്യം വിടുന്നതിന് ഇന്ത്യ സഹായിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് തള്ളി.
നേരത്തെ, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്ക് അനുമതി നല്‍കാത്തതിനാലും മറ്റ് യാത്രക്കാര്‍ പ്രതിഷേധിച്ചതിനാലും ഗോതബയ രാജപക്സെയുടെയും ബേസില്‍ രാജപക്സെയുടെയും രാജ്യം വിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.