ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പാര്‍ലമെന്ററി വോട്ടിങ്ങിലൂടെ തെരഞ്ഞെടുപ്പ്, അറിയാം ഇക്കാര്യങ്ങള്‍ 

 
srilank

ആഭ്യന്തരകലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട ഗോതബയ രാജപക്സെക്ക് പകരം പുതിയ പ്രസിഡന്റിനായി ശ്രീലങ്കന്‍ പാര്‍ലമെന്റ് ഇന്ന് വോട്ടെടുപ്പ് നടത്തും. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ശ്രീലങ്കയുടെ 44 ചരിത്രത്തില്‍ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാര്‍ലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. 

റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സര രംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രധാന പ്രതിപക്ഷമായ എസ്‌ജെബി തങ്ങളുടെ സ്ഥാനാര്‍ഥി സജിത് പ്രമേദാസയെ അവസാന നിമിഷം പിന്‍വലിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെയാണ് നിലവില്‍ ആക്ടിംഗ് പ്രസിഡന്റ്. എന്നാല്‍ റനില്‍ വിക്രസിംഗയെ രാജപക്സെയുടെ സഖ്യകക്ഷിയായാണ് ജനം കാണുന്നത്. അതുകൊണ്ട് തന്നെ ഇദ്ദേഹം പ്രസിഡന്റായി എത്തിയാല്‍ ഇനിയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് റിപോര്‍ട്ട്.  എന്നാല്‍ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പൊലീസിനും സുരക്ഷാ സേനയ്ക്കും വ്യാപകമായ അധികാരം നല്‍കുന്ന വിധം രാജ്യത്തെ അടിയന്തരാവസ്ഥ അദ്ദേഹം നീട്ടിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സിംഗപ്പൂരില്‍ നിന്ന് രാജപക്സെ രാജി ഇമെയില്‍ മുഖേന അയക്കുകയായിരുന്നു. രാജപക്സെയുടെ വിടവാങ്ങല്‍, കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഒരു കാലത്തെ ശക്തമായ ഭരണ വംശത്തെ മുറിവേല്‍പ്പിക്കുന്നു, അദ്ദേഹത്തിന്റെ സഹോദരന്മാരും ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി, ധനമന്ത്രി സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.

225 അംഗ സഭയില്‍ 113 പേരുടെ പിന്തുണയാണ് പ്രസിഡന്റിന് വിജയിക്കാന്‍ വേണ്ടത്. റെനില്‍ വിക്രമസിംഗെയ്ക്ക് 13 പേരുടെയും ഡള്ളസ് അളഹപ്പെരുമ്മയ്ക്ക് 25 വോട്ടുകളുടെയും കുറവാണുള്ളത്. എസ്എല്‍പിപി യിലെ 45 അംഗങ്ങള്‍ തനിക്ക് ഒപ്പം നില്‍ക്കുമെന്നാണ് ഡള്ളസ് അളഹപ്പെരുമയുടെ അവകാശവാദം. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്‌ജെബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ ഉറപ്പാക്കുകയും ഭരണകക്ഷി വോട്ടുകള്‍ ചോരുകയും ചെയ്താല്‍ അളഹപ്പെരുമയ്ക്ക് വിജയസാധ്യത ഏറും. 

ആറ് തവണം പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗെ തന്നെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മേല്‍കോയ്മ. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പാര്‍ലമെന്റിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള വിക്രമസിംഗെയുടെ കടുത്ത നിലപാടില്‍ എസ്എല്‍പിപി നിയമസഭാംഗങ്ങളും അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നും ഒരു പ്രതിപക്ഷ എംപി പറഞ്ഞു. ക്രമസമാധാന സ്ഥാനാര്‍ത്ഥിയായി റനില്‍ ഉയര്‍ന്നുവരുകയാണെന്ന് തമിഴ് എംപി ധര്‍മ്മലിംഗം സിതത്തന്‍ എഎഫ്പിയോട് പറഞ്ഞു.

എസ്എല്‍പിപി വിമതനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഡള്ളസ് അളഹപ്പെരുമയാണ് വിക്രമസിംഗെയുടെ പ്രധാന എതിരാളി,  'നമ്മുടെ ചരിത്രത്തിലാദ്യമായി ഒരു യഥാര്‍ത്ഥ സമവായ സര്‍ക്കാര്‍' രൂപീകരിക്കുമെന്നാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ അളഹപ്പെരുമ വിജയ പ്രതീക്ഷ പങ്കുവെച്ച് പറഞ്ഞത്. ജയിച്ചാല്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ അളഹപ്പെരുമ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരരംഗത്തുള്ള മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ അനുര ദിസനായകെയുടെ ഇടതുപക്ഷ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിന്(ജെവിപി) മൂന്ന് പാര്‍ലമെന്റ് സീറ്റുകള്‍ മാത്രമാണുള്ളത്. മുന്‍ കൃഷി ജലവിഭവ മന്ത്രി. മുന്‍ എന്‍പിപി നേതാവ്. 2019 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്നീ നിലകളില്‍ ശ്രദ്ധനേടിയിരുന്നു അനുര ദിസനായകെ.