രാജിവെക്കില്ലെന്നാവര്‍ത്തിച്ച് മഹിന്ദ രജപക്‌സെ; ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

 
srilanka

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്റിന്റെ  നടപടി. ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. അതേസമയം, രാജിവെക്കില്ലെന്നാണ് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ആവര്‍ത്തിച്ച് വ്യകതമാക്കുന്നത്.

കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ പാര്‍ലമെന്റ് സമ്മേളനം 17 വരെ നിര്‍ത്തി വച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ നടപടി. വിവിധ സംഘടനകള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമസക്തമായിരുന്നു. 

പൊതുസുരക്ഷ ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് രജപക്സെ പറയുന്നത്. രണ്ടാം തവണയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും തുടരുകയാണ്. വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്.

ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് നിലവിലെ ലങ്കയുടെ കരുതല്‍ ധനശേഖരം 50 മില്യണ്‍ ഡോളറിലും താഴെയാണ്. അത് പാപ്പരാകുന്ന അവസ്ഥയിലും മോശമാണ് എന്ന് എസ്‌ജെബി എംപി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. ഇനിയും അത് ഇടിഞ്ഞാല്‍ രാജ്യത്തെ നാണയപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.