പ്രസിഡന്റിന്റെ രാജി പ്രതീക്ഷിച്ച് പ്രതിഷേധക്കാര്‍; ഗോതബായ രജപക്സെ മാലിദ്വീപില്‍

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യം വിട്ടതായാണ് റിപോര്‍ട്ടുകള്‍. ഗോതബായ മാലിദ്വീപിലെത്തിയതായാണ് പേര് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നത്. സൈനിക വിമാനത്തില്‍ ഭാര്യ ലോമ രാജപക്സെയുമൊന്നിച്ചാണ് ഗോതബായ മാലിദ്വീപിലെത്തിയത്. ഗോതബായയും കുടുംബവും കഴിഞ്ഞ ദിവസം രണ്ട് വട്ടം രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തടഞ്ഞിരുന്നു.

രാജ്യത്തെ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ തന്റെ സര്‍ക്കാരിന്റെ പരാജയത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് രാജപക്സെ പ്രസിഡന്റ് സ്ഥാനമൊഴിയേണ്ട ദിവസം തന്നെ ശ്രീലങ്ക വിട്ടത്. 73 കാരനായ ഗോതബായ ഭാര്യയും രണ്ട് അംഗരക്ഷകരും ശ്രീലങ്കന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ രാജ്യം വിട്ടതായി അജ്ഞാത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് പറഞ്ഞു. മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീക്കര്‍ മജ്ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. മാലിയില്‍ ഇറങ്ങിയ രാജപക്സെയെ പൊലീസ് അകമ്പടിയോടെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീലങ്കയില്‍ സമാധാനപരമായ അധികാര പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നതിനായി ബുധനാഴ്ച രാജിവെക്കുമെന്ന് കഴിഞ്ഞ ആഴ്ച രാജപക്സെ പറഞ്ഞിരുന്നു. സുരക്ഷിതമായി രാജ്യം വിടാന്‍ അനുവദിച്ചാല്‍ രാജി നല്‍കാമെന്ന ഉപാധിയാണ് രാജപക്സെ മുന്നോട്ട് വച്ചിരുന്നത്.
എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചിനിടെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കീഴടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം സ്ഥലം വിട്ടിരുന്നു.
പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിയിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതും അടുക്കളയിലെത്തി വിഭവങ്ങള്‍ കഴിക്കുന്നതും,
പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ട്രെഡ്മില്ലില് പരിശീലിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കുന്നതിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. ഗോതബായ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്റ് ആരാകുമെന്നതാണ് ചോദ്യം. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തിയതായാണ് വിവരം. ജൂലൈ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം കൊളംബോയിലേക്ക് ഡല്‍ഹിയില്‍ നിന്ന് സൈന്യത്തെ അയച്ചെന്ന വാര്‍ത്ത ഇന്ത്യന്‍ ഹൈക്കമീഷന് നിഷേധിച്ചു. ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഇപ്പോള്‍ നടക്കുന്നത് ലങ്കയിലെ ആഭ്യന്തര കാര്യമാണ്. ഈ റിപ്പോര്‍ട്ടുകളും അത്തരം വീക്ഷണങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലന്ന് ഇന്ത്യന്‍ ഹൈകമ്മീഷന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.