ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് രാജി പ്രഖ്യാപിച്ചത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ പ്രസിഡന്റ് അപലിച്ചതിന് പിന്നാലെയാണ് രാജി. കൊളംബോയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം നയിച്ചവരെ രാജപക്സയുടെ അനുകൂലികള്‍ ആക്രമിച്ചിരുന്നു. ഇതിനെ അപലപിച്ച് പ്രസിഡന്റ് രംഗത്തെത്തുകയായിരുന്നു.

കൊളംബോയിലെ ആക്രമണത്തില്‍ 30ലധികം പേര്‍ക്ക് പരിക്ക് ഏറ്റിതായാണ് റിപോര്‍ട്ടുകള്‍. 76കാരനായ മഹിന്ദ രാജപക്സെ രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരാമുന (എസ്എല്‍പിപി) യില്‍നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിട്ടും രാജിവെയ്ക്കില്ലെന്ന നിലപാടായിരുന്നു രാജപക്സെ സഹോദരങ്ങളായ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയും മഹിന്ദ രാജപക്സെയും സ്വീകരിച്ചുവന്നത്.
നേരത്തെ മഹിന്ദ രാജപക്സെയുടെ അനുകൂലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. രാജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ 'മൈനഗോഗാമ'യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചരുന്നു. സംഭവത്തിനു പിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.