സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭയെ നിയമിച്ച് ഗോതബയ രാജപക്സെ 

 
srilanka

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ 17 പേരുള്‍പ്പെടുന്ന പുതിയ മന്ത്രിസഭയെ നിയമിച്ചതായി ശ്രീലങ്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ക്യാബിനറ്റില്‍'രണ്ട് രാജപക്സെ സഹോദരന്മാരും (ചമല്‍, ബേസില്‍ രാജപക്സെ), അവരുടെ അനന്തരവന്‍ നമല്‍ രാജപക്സെ എന്നിവരുമില്ല, സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ വഹിച്ചിരുന്ന ഇവര്‍ ഭരണ വിരുദ്ധ ജനരോഷത്തില്‍ ഏപ്രില്‍ 3 ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാജിവച്ചിരുന്നു. എന്നാല്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടും പ്രസിഡന്റ് ഗോതബയ രാജപക്സെയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പദവിയില്‍ നിന്നിറങ്ങാതെ അധികാരത്തില്‍ തുടരുകയാണ്. 

ഭക്ഷണ സാധനങ്ങള്‍, പാചക വാതകം, ഇന്ധനം എന്നിവയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ ലഭിക്കാന്‍ പൗരന്മാര്‍ പാടുപെടുന്നതിനിടെയാണ് ശ്രീലങ്കയില്‍ പുതിയ സംഭവവികാസങ്ങള്‍. കഴിഞ്ഞയാഴ്ച, ശ്രീലങ്ക തങ്ങളുടെ 50 ബില്യണ്‍ ഡോളര്‍ വിദേശ കടം തിരിച്ചടയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.  ഈ ആഴ്ച, ഒരു പ്രതിനിധി സംഘം വാഷിംഗ്ടണ്‍ ഡിസിയില്‍ അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നും റിപോര്‍ട്ട് പറയുന്നു. 

അതിനിടെ, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൊളംബോയുടെ ഗാലി ഫെയ്സില്‍ പ്രതിഷേധിക്കുന്നത് തുടരുകയാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, തലസ്ഥാനത്ത് പ്രതിഷേധിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലയോര മേഖലയിലെ ബദുള്ള, തെക്കന്‍ ഗാലെ ജില്ല, വടക്ക് ജാഫ്ന എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പൗരന്മാര്‍ തെരുവിലിറങ്ങി. 

ഏപ്രില്‍ 19 ന് പുതിയ കാബിനറ്റ് മന്ത്രിമാരുമായി പാര്‍ലമെന്റ് യോഗം ചേരും, അതേസമയം പ്രതിഷേധം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചതായും റിപോര്‍ട്ട് പറയുന്നു.