പാര്‍ലമെന്റില്‍ 134 പേര് പിന്തുണച്ചു; ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റനില്‍ വിക്രമസിംഗെ

ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുത്തു. 2024 വരെ അധികാരത്തിലിരിക്കുന്ന അദ്ദേഹം നിലവില്‍ ശ്രീലങ്കയുടെ ആക്ടിംഗ് പ്രസിഡന്റാണ്. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 134 പേരാണ് റനിലിനെ അനുകൂലിച്ചത്. 113 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എതിരാളിയായ ഡള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ഇടതുപക്ഷ പാര്‍ട്ടിയായ ജിവിപിയുടെ അനുറ കുമാര ദിസ്സനായകെയ്ക്കേ മൂന്നു വോട്ടാണ് കിട്ടിയത്.

'രാജ്യം വളരെ പ്രയാസകരമായ സാഹചര്യത്തിലാണ്, ഞങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ മുന്നിലുണ്ട്, പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് തൊട്ടുപിന്നാലെ, ആറ് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച റനില്‍ വിക്രമസിംഗെ പറഞ്ഞു.
ഭരണകക്ഷി അംഗമായ ഡള്ളാസ് അലഹപ്പെരുമ പ്രതിഷേധക്കാര്‍ക്കും പ്രതിപക്ഷത്തിനും കൂടുതല്‍ സ്വീകാര്യനായിരുന്നു, എന്നാല്‍ രാജ്യത്തെ ഉന്നതതല ഭരണപരിചയമൊന്നും ഉണ്ടായിരുന്നില്ല. ശ്രീലങ്കയിലെ സാധാരണക്കാര്‍ എതിര്‍ത്ത വിക്രമസിംഗെയുടെ വിജയം കൂടുതല്‍ പ്രധിഷേധങ്ങളിലേക്ക് നയിച്ചേക്കാം. മാസങ്ങളായി ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുടെ കടുത്ത ക്ഷാമത്തിന് ശേഷം രാജ്യത്തെ നിവാസികള്‍ ഭരണവര്‍ഗത്തിനെതിരെ രോഷാകുലരാണ്.
225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് പ്രസിഡന്റിന തെരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. രണ്ടു പേര് വിട്ടുനിന്നു. നാലു വോട്ട് അസാധുവായി.ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബായ രജപക്സെ രാജിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ഗോതബായയുടെ ശേഷിച്ച കാലയളവിലായിരിക്കും റനില്‍ വിക്രമ സിംഗെ പ്രസിഡന്റാവുക. കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഇതാദ്യമാണ് പാര്‍ലമെന്റ് നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. സാധാരണ ജനകീയ വോട്ടിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.