ഒരു ഫോണ്‍കോളില്‍ പാളിപ്പോയ അട്ടിമറി നീക്കം; 'സക്‌സെഷനെ' വെല്ലുന്ന റോജേഴ്‌സ് കുടുംബാധികാര തര്‍ക്കം

 
Edawrd Rogers

ടെലി കമ്മ്യൂണിക്കേഷന്‍, എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ അതികായകരാണ് റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍


എമ്മി, ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പരമ്പരയാണ് 'സക്‌സെഷന്‍'. എച്ച്ബിഒയില്‍ മൂന്നാം സീസണിലേക്കെത്തിയ പരമ്പര, അതിസമ്പന്ന കുടുംബത്തിലെ അംഗങ്ങളുടെ സാമ്പത്തിക-അധികാര വാഞ്ഛയെക്കുറിച്ചാണ് പറയുന്നത്. മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ ആഗോളതലത്തില്‍തന്നെ മുന്‍നിരയിലുള്ള വേസ്റ്റാര്‍ റോയ്‌കോ കമ്പനി ഉടമയാണ് റോയി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ, മക്കളായ കോണര്‍, കെന്‍ഡല്‍, റോമന്‍, സിയോബന്‍ എന്നിവര്‍ സമ്പത്തും അധികാരവും കൈക്കലാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സക്‌സെഷന്‍ വിവരിക്കുന്നത്. പിതാവിന്റെ കമ്പനിയില്‍ വ്യത്യസ്ത പദവികളോ ചുമതലകളോ ഒക്കെയുള്ള മക്കള്‍ നാലുപേരും തങ്ങളുടെ വഴിയില്‍ നടത്തുന്ന നീക്കങ്ങളാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. തികച്ചും സാങ്കല്‍പ്പികമായൊരു കഥയെ അതിഗംഭീരമായ രീതിയില്‍ അവതരിപ്പിച്ചാണ് ജെസി ഡേവിഡ് ആംസ്‌ട്രോംഗ് പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഇത്രയും പറയാന്‍ കാരണമുണ്ട്. സക്‌സെഷനെ വെല്ലുന്ന അധികാരതര്‍ക്കത്തിന്റെ കഥയാണ് രാജ്യാന്തര മാധ്യമങ്ങള്‍ അടുത്തിടെ പുറത്തുവിട്ടത്. കാനഡയിലെ റോജേഴ്‌സ് കുടുംബത്തിന്റേതാണ് ആരെയും അമ്പരപ്പിക്കുന്ന റിയല്‍ലൈഫ് 'സക്‌സെഷന്‍' സ്റ്റോറി. 

ഫ്‌ളാഷ്ബാക്ക് 
ടെലി കമ്മ്യൂണിക്കേഷന്‍, എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ അതികായകരാണ് റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍. മീഡിയ, പ്രൊഫഷണല്‍ ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, ബേസ്‌ബോള്‍, ഫുട്‌ബോള്‍, സോക്കര്‍ എന്നിങ്ങനെ മേഖലകളിലും തല്‍പരര്‍. ആസ്തി 30 ബില്യണ്‍ കനേഡിയന്‍ ഡോളര്‍. ഒന്റാറിയോയിലെ ടൊറോന്റോയാണ് കമ്പനിയുടെ ആസ്ഥാനം. 1925ല്‍, റേഡിയോ ട്യൂബിനായി ലോകത്തിലെ ആദ്യത്തെ എ.സി ഹീറ്റര്‍ ഫിലമെന്റ് കാതോഡ് കണ്ടുപിടിച്ച എഡ്വേഡ് എസ് റോജേഴ്‌സ് സീനിയറാണ് റോജേഴ്‌സ് കമ്മ്യൂണിക്കേഷന്റെ തുടക്കക്കാരന്‍. റോജേഴ്‌സ് വാക്വം ട്യൂബ് കമ്പനിയിലൂടെയായിരുന്നു എഡ്വേഡിന്റെ തുടക്കം. ബാറ്ററിരഹിത റേഡിയോകളുടെ വില്‍പനയായിരുന്നു പ്രധാന ബിസിനസ്. അവിടെനിന്നാണ് കമ്മ്യൂണിക്കേഷന്‍ രംഗത്തേക്കുള്ള റോജേഴ്‌സിന്റെ കുതിപ്പ്. 1931ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടെലിവിഷന്‍ സംപ്രേഷണത്തിനുള്ള ലൈസന്‍സ് റോജേഴ്‌സ് സ്വന്തമാക്കി. കമ്പനിയുടെ വളര്‍ച്ചക്കിടെ, 1939ല്‍ 38ാം വയസില്‍ എഡ്വേഡ് വിട പറഞ്ഞു. എങ്കിലും എഡ്വേഡിന്റെ വീക്ഷണങ്ങള്‍ പിന്തുടര്‍ന്ന് കമ്പനി മുന്നോട്ടുപോയി. 

എഡ്വേഡ് മരിക്കുമ്പോള്‍ മകന്‍ ടെഡ് റോജോഴ്‌സ് ചെറിയ കുട്ടിയായിരുന്നു. 1960ലാണ് ടെഡ് കമ്പനിയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്. അതേവര്‍ഷം തന്നെയാണ് റോജേഴ്‌സ് സിഎച്ച്എഫ്‌ഐ-എഫ്എം റേഡിയോ സ്‌റ്റേഷന്‍ സ്വന്തമാക്കിയത്. പിന്നീട്, സിഎഫ്ടിഒ ടെലിവിഷന്‍ സ്റ്റേഷന്റെ സഹഉടമകളായി. റേഡിയോ സ്‌റ്റേഷന്‍, ടൊറോന്റോയിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ സ്‌റ്റേഷന്‍ എന്നിങ്ങനെ അവകാശമാക്കിയ റോജേഴ്‌സ് കനേഡിയന്‍ കേബിള്‍ സര്‍വീസസും സ്വന്തമാക്കി. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ നേതൃനിരയിലേക്ക് റോജേഴ്‌സിനെ ടെഡ് വളര്‍ത്തി. എന്നാല്‍, 2018 ഡിസംബര്‍ രണ്ടിന് ഹൃദയാഘാതം മൂലം ടെഡ് അന്തരിച്ചു. പിന്നാലെ, കമ്പനിയുടെ ബിസിനസ് തന്ത്രങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ തിരിച്ചടി നേരിട്ടു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ലാഭത്തില്‍ വലിയ ഇടിവുകളുണ്ടായി. ബിസിനസില്‍ പ്രകടനം മോശമാകുന്നതായുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അത്തരം വിമര്‍ശനങ്ങളും പോരായ്മകളും ഒഴിവാക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. ആരായിക്കും കമ്പനിയെ നയിക്കുകയെന്ന് ടെഡ് വ്യക്തമാക്കിയിട്ടില്ലായിരുന്നതിനാല്‍, അതുസംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നിരുന്നു. 

കനേഡിയന്‍ 'സക്‌സെഷന്‍' 
റോജേഴ്‌സിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നില്‍നില്‍ക്കെ, 2021ല്‍ കമ്പനി വിവാദത്തിലുംപെട്ടു. ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഷാ കമ്മ്യൂണിക്കേഷന്‍സിനെ ഏറ്റെടുക്കുന്നതായി റോജേഴ്‌സ് പ്രഖ്യാപിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ടെലഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, മൊബൈല്‍ സര്‍വീസ് സേവനദാതാക്കളില്‍ പ്രബലരായിരുന്നു ഷാ കമ്മ്യൂണിക്കേഷന്‍്. 26 ബില്യണ്‍ കനേഡിയന്‍ ഡോളറിനായിരുന്നു റോജേഴ്‌സ് ഷായെ ഏറ്റെടുത്തത്. എന്നാല്‍, ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ പ്രബലരായ നാല് എതിരാളികളില്‍ ഒരാള്‍ ഇല്ലാതാകുന്നത്, റോജേഴ്‌സിന്റെ സ്വാധീനം വര്‍ധിക്കാന്‍ ഇടയാകുമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടെയാണ് അധികാരത്തര്‍ക്കത്തിന്റെ ഉള്ളുകളികള്‍ കൂടി പുറത്തുവന്നത്. 

കുടുംബത്തിനു പുറത്തുള്ളവരും ഉള്‍പ്പെട്ട പൊതുകമ്പനിയെന്ന നിലയില്‍ റോജേഴ്‌സ് ഇരട്ട ഓഹരി ഘടനയാണ് പിന്തുടര്‍ന്നിരുന്നത്. അതേസമയം, വോട്ടിംഗ് നിയന്ത്രണം കുടുംബത്തിന്റെ കൈവശമായിരുന്നു. റോജേഴ്‌സിന്റെ നേതൃസ്ഥാനത്തേക്ക് ആരെ തീരുമാനിക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ്, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ജോ നതാലെയെ മാറ്റി പകരം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ടോണി സ്റ്റാഫിയേരിയെ നിയമിക്കാന്‍ ടെഡിന്റെ മകന്‍ എഡ്വേഡ് റോജേഴ്‌സ് നടത്തിയ രഹസ്യനീക്കം പുറത്തുവന്നത്. റോജേഴ്‌സിന്റെ ചീഫ് ലീഗല്‍ ഓഫീസറായ ഡേവിഡ് മില്ലറുമായി, എഡ്വേഡിന്റെ പിന്തുണയോടെ നതാലെയെയും മറ്റു എക്സിക്യൂട്ടീവുകളെയും സ്ഥാനഭ്രഷ്ടനാക്കാനുള്ള പദ്ധതികള്‍ സ്റ്റാഫിയേരി ചര്‍ച്ച ചെയ്തതാണ് പുറത്തായത്. ഡേവിഡ് മില്ലറുമായി സംസാരിക്കുന്നതിനിടെ, ആകസ്മികമായി സ്റ്റാഫിയേരിക്ക് നതാലെയുടെ ഫോണ്‍ വരുന്നു. അബദ്ധത്തില്‍ നതാലെയുടെ കോള്‍ കണക്ട് ആവുന്നു. സംസാരത്തിനിടെ സ്റ്റാഫിയേരി ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. മില്ലറും സ്റ്റാഫിയേരിയും തമ്മിലുള്ള സംഭാഷണം 21 മിനിറ്റോളം നതാലെ കേട്ടുകൊണ്ടിരുന്നു. 

എഡ്വേഡിന്റെ നേതൃത്വത്തില്‍, കമ്പനിയുടെ അധികാരം പിടിക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന ഗൂഢനീക്കങ്ങള്‍ അറിഞ്ഞ നതാലെ, റോജേഴ്‌സ് കുടുംബത്തെയും കമ്പനി ബോര്‍ഡ് അംഗങ്ങളെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ ബോര്‍ഡ് യോഗം ചേര്‍ന്നു. ഭൂരിഭാഗം ബോര്‍ഡ് അംഗങ്ങളും റോജേഴ്സ് കുടുംബവും നതാലെയെയും അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീമിനെയും പിന്തുണച്ചു. അതേസമയം, ഈ സംഭവങ്ങളുണ്ടായി മൂന്ന് ദിവസത്തിനുശേഷം സ്റ്റാഫിയേരി കമ്പനി വിട്ടു. എന്നാല്‍ അപ്പോഴേക്കും ബോര്‍ഡ് അംഗങ്ങള്‍ രണ്ട് പക്ഷമായിരുന്നു. അത് റോജേഴ്‌സ് കുടുംബത്തിന്റെ പിളര്‍പ്പിനും കാരണമായി. ഒരു ഭാഗത്ത് എഡ്വേഡും മറുഭാഗത്ത് അമ്മ ലൊറെറ്റ റോജേഴ്‌സും സഹോദരിമാരായ മാര്‍ത്ത റോജേഴ്‌സും, മെലിന്‍ഡ കമ്പനി റോജേഴ്‌സും (കമ്പനി ഉപാധ്യക്ഷ). കമ്പനി ഡയറക്ടര്‍മാരെന്ന നിലയില്‍ മൂവരും ചേര്‍ന്ന് റോജേഴ്‌സ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എഡ്വേഡിനെ പുറത്താക്കി. എന്നാല്‍, എഡ്വേഡ് തിരിച്ചടിച്ചു. കമ്പനിയുടെ അഞ്ച് ബോര്‍ഡ് ഡയറക്ടര്‍മാരെ മാറ്റി പകരം സ്വന്തം ആളുകളെ പ്രഖ്യാപിച്ചു. അവര്‍ എഡ്വേഡിനെ വീണ്ടും ചെയര്‍മാനായി തിരഞ്ഞെടുത്തു. പരിഹാസവുമായി മാര്‍ത്ത രംഗത്തെത്തി. എഡ്വേഡ് സ്വയം ചെയര്‍മാനായി നിയമിച്ചതായി കാണുമ്പോള്‍ പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു. എന്നാല്‍, അദ്ദേഹം സ്വയം ഇംഗ്ലണ്ടിലെ രാജാവായി നിയമിച്ചതുപോലെ ഇതിനെ ഗൗരവമായി കാണണം എന്നായിരുന്ന മാര്‍ത്ത ട്വീറ്റ് ചെയ്തത്. കമ്പനിയുടെ ബോര്‍ഡ് റൂമുകളിലും മീറ്റിംഗുകളിലും മാത്രമായി ഒതുങ്ങിയ വിഷയം പുറംലോകമറിഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി.

കുടുംബാംഗങ്ങള്‍ക്കും കമ്പനി ബോര്‍ഡ് അംഗങ്ങള്‍ക്കുമിടയിലെ ശത്രുത അവസാനിക്കാതെ നീണ്ടപ്പോള്‍, ടൊറന്റോ മോയര്‍ ജോണ്‍ ടെറി മധ്യസ്ഥനായി. എന്നാല്‍, ഈ ഇടപെടല്‍ ജോണ്‍ ടെറിക്ക് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാക്കി. കമ്പനിയില്‍ ബോര്‍ഡ് അംഗം കൂടിയായിരുന്ന ടോറി റോജേഴ്‌സ് കുടുംബത്തിന്റെ ദീര്‍ഘകാല സുഹൃത്തും ആയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 100,000 കനേഡിയന്‍ ഡോളര്‍ വാര്‍ഷിക പ്രതിഫലമായി ടോറി ഈടാക്കിയിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു, ഏറെ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടിവന്നു. 

ക്ലൈമാക്‌സ്
റോജേഴ്‌സ് കുടുംബത്തിന്റെ പിളര്‍പ്പും പരസ്പര വൈരവും ആഴ്ചകളോളം കനേഡിയന്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു. അമ്മയും പെണ്‍മക്കളും ഉള്‍പ്പെടുന്ന പക്ഷവും മകന്റെ നേതൃത്വത്തിലുള്ള മറുപക്ഷവും തമ്മിലുള്ള അധികാരതര്‍ക്കത്തില്‍ കമ്പനി ഓഹരി ഉടമകളുടെ അവകാശങ്ങളും ചൂടേറിയ ചര്‍ച്ചയായി. രാജ്യാതിര്‍ത്തിപോലും കടന്ന നാടകീയ സംഭവങ്ങള്‍ക്ക് വെള്ളിയാഴ്ച കനേഡിയന്‍ കോടതിയുടെ വിധിയോടെ ഏറെക്കുറെ അവസാനമായിരിക്കുന്നു. എഡ്വേഡ് റോജേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് അനുകൂലമായിരുന്നു കോടതി വിധി. ഓഹരി ഉടമകളുടെ ഔദ്യോഗിക യോഗം പോലും വിളിക്കാതെ, ഡയറക്ടര്‍മാരെ മാറ്റാന്‍ നിയമപരമായ അധികാരം എഡ്വേഡിനുണ്ടെന്ന് കോടതി വിധിച്ചു. ഓഹരി ഉടമകളുടെ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി എഡ്വേഡിനെതിരായ പോരാട്ടത്തിന് കച്ചകെട്ടിയവര്‍ക്ക് കോടതി വിധി തിരിച്ചടിയായി. 

അതേസമയം, സദ്ഭരണത്തെയും ഓഹരി ഉടമകളുടെ അവകാശങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധിയെന്നായിരുന്നു ലോറെറ്റ, മാര്‍ത്ത, മെലിന്‍ഡ എന്നിവരുടെ പ്രതികരണം. പൊതു കമ്പനിയുടെ സ്വതന്ത്ര ഡയറക്ടര്‍മാരെ അനുവദിച്ചുകൊണ്ട് കാനഡയുടെ മൂലധന വിപണികള്‍ക്ക് അപകടകരമായ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതാണ് വിധിയെന്നും അവര്‍ പറഞ്ഞു. 

ഷേക്‌സ്പിയര്‍ നാടകങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന 'കുടുംബ കലഹം' എന്നാണ് റോജേഴ്‌സ് സംഭവപരമ്പരയെക്കുറിച്ച് ജസ്റ്റിസ് ഷെല്ലി ഫിറ്റ്‌സ്പാട്രിക് വിധിന്യായത്തില്‍ എഴുതിയത്. കാനഡയിലെ വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ പരസ്പരം വൈരത്തില്‍ പലരും ഗുഢമായി അഭിരമിച്ചിരുന്നുവെന്നതാണ് സത്യം. രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ റോജോഴ്‌സിന്റെ പതനംപോലും പലരും പ്രതീക്ഷിച്ചിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതെല്ലാംകൊണ്ടാണ് സക്‌സെഷനെ വെല്ലുന്ന കുടുംബാധികാര തര്‍ക്കവും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടവും കൂടുതല്‍ പൊതുശ്രദ്ധ നേടിയത്.