ജനാധിപത്യത്തിനായുള്ള പ്രക്ഷോഭവും പ്രധാനമന്ത്രി ഹംദോക്കിന്റെ രാജിയും; സുഡാനില്‍ സംഭവിക്കുന്നത്

പരിവര്‍ത്തന കാലയളവില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി
സുഡാനില്‍ ജനാധിപത്യ ഭരണകൂടത്തിനായുള്ള പ്രതിഷേധം ശക്തമായതോടെ, പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് രാജിവച്ചു. സൈനിക പ്രാതിനിധ്യമുള്ള ഭരണകൂടത്തെ അംഗീകരിക്കാത്ത ജനാധിപത്യവാദികളുടെ പ്രക്ഷോഭം കൂടുതല്‍ രക്തരൂക്ഷിതമായതോടെയാണ് ഹംദോക്ക് സ്ഥാനമൊഴിഞ്ഞത്. മറ്റൊരാള്‍ക്ക് അവസരം നല്കാന് ആഗ്രഹിക്കുന്നതായും രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങട്ടെയെന്നും പ്രസ്താവിച്ചുകൊണ്ടാണ് ഹംദോക്കിന്റെ രാജി പ്രഖ്യാപനം. രാജ്യം ഒരു ദുരന്തത്തിലേക്ക് നീങ്ങുന്നത് തടയാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സമവായത്തിനായുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹംദോക്ക് പദവിയൊഴിയുന്നതോടെ, രാജ്യത്തിന്റെ നിയന്ത്രണം വീണ്ടും സൈന്യത്തിലേക്കാണ് എത്തിച്ചേരുന്നത്. ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തന കാലയളവില്‍ സുഡാന് വീണ്ടും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കാണ് വേദിയാവുന്നത്.

ഒമര്‍ അല്‍ ബാഷിര്‍ പുറത്തേക്ക്
2019ല്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിന്റെ മൂന്ന് പതിറ്റാണ്ടുനീണ്ട സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ചാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 2019 ജൂലൈയില്‍ ജനാധിപത്യവാദികളുടെ സഖ്യമായ ഫോഴ്സസ് ഫോര്‍ ഫ്രീഡം ആന്‍ഡ് ചേഞ്ചും സൈനിക ഭരണകൂടമായ ട്രാന്‍സിഷണല്‍ മിലിറ്ററി കൗണ്‍സിലും ചേര്‍ന്ന് ഭരണം പങ്കിടുന്നതിന് ധാരണയിലെത്തി. ആഗസ്റ്റില്‍ കരട് ഭരണഘടന പ്രഖ്യാപിച്ചുകൊണ്ട് പാതി സൈന്യവും പാതി ജനപ്രാതിനിധ്യവുമുള്ള സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി. രാജ്യത്തെ തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കാന്‍ സിവിലിയന്‍, സൈനിക പ്രാതിനിധ്യമുള്ള പരമാധികാര കൗണ്‍സിലും രൂപീകരിച്ചു. കൗണ്‍സില്‍ 21 മാസത്തേക്ക് സൈനിക ഉദ്യോഗസ്ഥനും തുടര്‍ന്നുള്ള 18 മാസത്തേക്ക് സിവിലിയനും നയിക്കണമെന്നായിരുന്നു കരാര്‍. 2023ല്‍ പൊതുതെരഞ്ഞെടുപ്പ് നടത്തി അധികാരം ജനാധിപത്യ സര്‍ക്കാരിന് കൈമാറണമെന്നും കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍, കരാറും ജനാധിപത്യത്തിലേക്കുള്ള തയ്യാറെടുപ്പുകളും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് സൈന്യം ഭരണകൂടത്തെ അട്ടിമറിച്ചത്.
Also Read: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ യുദ്ധം; ബംഗ്ലാദേശിന്റെ പിറവി
സഖ്യ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുന്നു
സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യത്തിന്റ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി, 2021 സെപ്റ്റംബറില്‍ ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. പിന്നാലെ, നാല്‍പ്പതോളം സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഒരു മാസത്തിനുശേഷം സൈന്യം തങ്ങളുടെ ശ്രമത്തില്‍ വിജയിച്ചു. ഒക്ടോബറില്‍, സഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അട്ടിമറിയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതോടെ പ്രധാനമന്ത്രി ഹംദോക്കിനെയും മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളെയും സര്‍ക്കാര്‍ അനുകൂല നേതാക്കളെയും തടവിലാക്കി. എന്നാല്‍, രാജ്യത്തിനകത്തും അന്തര്‍ദേശീയ തലത്തിലും പ്രതിഷേധം ശക്തമായതോടെ, സൈന്യം ഹംദോക്കിനെ വിട്ടയയ്ക്കാന് നിര്‍ബന്ധിതരായി. 2021 നവംബറില്‍ സൈന്യവുമായുള്ള പുതിയ രാഷ്ട്രീയ ധാരണകള്‍ പ്രകാരം, ഹംദോക്ക് വീണ്ടും പ്രധാനമന്ത്രിയായി.
ജനാധിപത്യത്തിനായി പ്രക്ഷോഭം
അതേസമയം, സൈന്യത്തിന് പ്രാതിനിധ്യമുള്ള സര്‍ക്കാരിനെ അംഗീകരിക്കാന്‍ ജനാധിപത്യവാദികള്‍ തയ്യാറായിരുന്നില്ല. സൈന്യവുമായി കരാറൊപ്പിട്ട് അധികാരത്തില്‍ തുടര്‍ന്ന ഹംദോക്കിനെതിരെ വിമര്‍ശനവും പ്രതിഷേധവും ശക്തമായി. സൈനിക നിയന്ത്രണത്തില്‍നിന്ന് പൂര്‍ണമായും മുക്തി വേണമെന്നും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ രാജ്യമെങ്ങും വ്യാപിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ കടുത്തതോടെ, വിഷയത്തില്‍ ഇടപെട്ട യുഎന്‍ സുഡാന് ഉപരോധം ഏര്‍പ്പെടുത്തി. രാജ്യത്ത് സിവിലയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയില്ലെങ്കില്‍ ഉപരോധം തുടരുമെന്നും യുഎന്‍ അറിയിച്ചു. സൈന്യത്തിനും അട്ടിമറിക്കുമെതിരെ തുടരുന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സുരക്ഷാ സേനയും തെരുവിലിറങ്ങി. ഞായറാഴ്ച നടന്ന പ്രക്ഷോഭം രക്തരൂക്ഷിതമായി. പ്രക്ഷോഭകരില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലര്‍ക്കും വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു.
Also Read: ആണവായുധങ്ങള്‍ക്കുപകരം ഭക്ഷ്യക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്ന കിം ജോങ് ഉന്‍
രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങള്‍ക്കു പിന്നാലെയാണ്, പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നതായി ഹംദോക്ക് അറിയിച്ചത്. ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രാജ്യം അപകടകരമായ ഭീഷണിയെയാണ് നേരിടുന്നതെന്ന് ഹംദോക്ക് പറഞ്ഞു. രാജ്യം ഒരു ദുരന്തത്തിലേക്ക് നീങ്ങുന്നത് തടയാന്‍ പരമാവധി ശ്രമിച്ചു. സമവായത്തിനായുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല. അതിനാല്‍, പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. ഈ മഹത്തായ രാജ്യത്തെ നയിക്കാന്‍ മറ്റൊരു പുരുഷനോ സ്ത്രീക്കോ അവസരം നല്കാന് ആഗ്രഹിക്കുന്നു. അതുവഴി രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങട്ടെ എന്നും പറഞ്ഞാണ് ഹംദോക്ക് പദവിയൊഴിഞ്ഞത്. ഇതോടെ, കടുത്ത പ്രതിസന്ധിയാകും സുഡാന് അഭിമുഖീകരിക്കേണ്ടിവരിക. രാജ്യം സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് എത്തുന്നതോടെ, ജനാധിപത്യത്തിലേക്കുള്ള ദൂരം കൂടാനാണ് സാധ്യത.