ലോകരാജ്യങ്ങളുടെ മുന്നറിയിപ്പും ഫലം കണ്ടില്ല; മന്ത്രിസഭാ വിപുലീകരണത്തിന്റെ അവസാന പ്രഖ്യാപനത്തിലും സ്ത്രീകളില്ല

 
taliban

അഫ്ഗാനില്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ലംഘിപ്പെടുന്നുണ്ടോ എന്നതനുസരിച്ചാകും താലിബാന്‍ ഭരണകൂടത്തെ വിലയിരുകയെന്ന ലോകരാജ്യങ്ങളുടെ മുന്നറിയപ്പുകള്‍ക്കിടെ മന്ത്രിസഭയിലെ ശേഷിക്കുന്ന സ്ഥാനങ്ങളുടെ പട്ടികയിലും സ്ത്രീകള്‍ക്ക് ഇടമില്ല.
താലിബാന്‍ ചൊവ്വാഴ്ച ഡെപ്യൂട്ടി മന്ത്രിമാരുടെ ശേഷിക്കുന്ന  പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഒരു സ്ത്രീയുടെയും പേരുണ്ടായില്ല.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന പത്രസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദാണ് മന്ത്രിസഭാ വിപൂലീകരണ പട്ടിക പ്രഖ്യാപിച്ചത്. മന്ത്രിസഭാ വിപുലീകരണത്തില്‍ ഹസാറസ് പോലുള്ള വംശീയ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് പറഞ്ഞ മുജാഹിദ് 
സ്ത്രീകളെ പിന്നീട് ചേര്‍ക്കുമെന്നുമാണ് അറിയിച്ചത്. 

അതേസമയം അഫ്ഗാനിസ്താനിലെ വിദ്യാര്‍ത്ഥികളെയും പുരുഷ അധ്യാപകരേയും  എത്രയും വേഗം സ്‌കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്നും  സബീഹുല്ല മുജാഹിദ് പറഞ്ഞു. വാരാന്ത്യത്തില്‍ പുരുഷ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സെക്കന്‍ഡറി സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടതിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണ പ്രഖ്യാപനം. പക്ഷേ രാജ്യത്തെ വനിതാ അധ്യാപകരെയും പെണ്‍കുട്ടികളെയും കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല.

കഴിഞ്ഞദിവസം നിര്‍ത്തലാക്കിയ വനിതകാര്യ മന്ത്രാലയത്തെ സംബന്ധിച്ചും താലിബാന്‍ വക്താവ് പ്രതികരിച്ചില്ല. ഗൈഡന്‍സ് മന്ത്രാലയം എന്നാണ് പുതിയ പേര്. ആരോഗ്യ മന്ത്രാലയത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രീതിയിലെ പരിഷ്‌കാരങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു ക്ലാസ്മുറിയില്‍ പഠിക്കുന്ന സമ്പ്രദായം ഇനിയുണ്ടാകില്ലെന്നായിരുന്നു അത്. 

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍  അഫ്ഗാനിസ്ഥാന്‍ ഭരിക്കാന്‍ ഒരു ഇടക്കാല ഭരണ സംധിധാനം പ്രഖ്യാപിച്ച താലിബാന്‍, സ്ഥാപക അംഗമായ മുഹമ്മദ് ഹസ്സന്‍ അഖുന്ദ് നേതൃത്വം നല്‍കുമെന്ന് പറഞ്ഞു. പിന്നീട് ഹഖാനി ശൃംഖലയുടെ നിരവധി നേതാക്കളെ അവര്‍ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു. ഹഖാനി സ്ഥാപകന്റെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയെ പുതിയ അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. അല്‍ഖ്വയ്ദയുമായുള്ള ചാവേര്‍ ആക്രമണങ്ങളിലും ബന്ധങ്ങളിലും ഏര്‍പ്പെട്ടതിനാല്‍ എഫ്ബിഐ പിടികിട്ടാപ്പിള്ളിയായി പ്രഖ്യാപിച്ചവരില്‍ ഒരാളിയരുന്നു ഇദ്ദേഹം. മത, രാഷ്ട്രീയ, സുരക്ഷാ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്ന പരമോന്നത നേതാവായി താലിബാന്‍ തലവന്‍ ഹൈബത്തുള്ള അഖുന്‍സാദയെയും താലിബാന്‍ തിരഞ്ഞെടുത്തിരുന്നു.