കാബൂള്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക അന്തരീക്ഷം രൂപപ്പെടും വരെ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ 

 
taliban

ആവര്‍ത്തിച്ചുള്ള ഉറപ്പുകള്‍ക്കും ലിംഗവിവേചനത്തിനും ശേഷം കാബൂള്‍ സര്‍വകലാശാലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താലിബാന്‍.  'ഒരു യഥാര്‍ത്ഥ ഇസ്ലാമിക പരിവേഷം' നല്‍കുന്നത് വരെ വിദ്യാര്‍ത്ഥിനികളോട് സര്‍വകലാശാലയില്‍ എത്തേണ്ടതില്ലെന്നാണ് താലിബാന്‍ നിയമിച്ച പുതിയ ചാന്‍സലറുടെ നിര്‍ദ്ദേശം. 

കാബൂള്‍ സര്‍വകലാശാലയില്‍ ചാന്‍സലര്‍ ആയിരുന്ന മുഹമ്മദ് ഉസ്മാന്‍ ബാബുരിയെ താലിബാന്‍ അടുത്തിടെ മാറ്റി പകരം  മുഹമ്മദ് അഷ്‌റഫ് ഗൈറത്തിനെ നിയമിച്ചിരന്നു. ഇത് എല്ലാ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോള്‍, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ഗൈറത്ത് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. സ്ത്രീകളെ കാബൂള്‍ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കാതിരിക്കുക എന്നതാണ് പുതിയ നിര്‍ദ്ദേശമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 

'ഞങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ക്ലാസുകള്‍ സജ്ജമാക്കും. ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ എല്ലാവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു ഇസ്ലാമിക അന്തരീക്ഷം നല്‍കുക എന്നതാണെന്ന് ഗൈറത്ത് നേരത്തെ പറഞ്ഞായി റിപോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ താലിബാന്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ശരീഅത്ത് നിയമത്തിന്റെ പരിധിക്കുള്ളില്‍ ജോലി ചെയ്യാനും പഠിക്കാനും അഫ്ഗാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് താലിബാന്‍ വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍  സ്ത്രീകളുടെ വിദ്യാഭ്യാസവും ഉപജീവനത്തിനുള്ള അവകാശവും വെട്ടിക്കുറയ്ക്കുന്ന താലിബാന്‍ നീക്കങ്ങള്‍ വ്യത്യസ്തമായ ചിത്രമാണ് കാണിക്കുന്നത്.  

ആഗസ്റ്റ് 15 ന് താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിവരരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട്, പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിക്കുന്നതിനായി ക്ലാസ് മുറികള്‍ കര്‍ട്ടന്‍ ഉപയോഗിച്ച് ച്ച് മറച്ചിരുന്നു.  ഒപ്പം ആണ്‍കുട്ടികളെ പഠിപ്പിക്കരുതെന്ന് വനിതാ അധ്യാപകര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇപ്പോള്‍, 'യഥാര്‍ത്ഥ ഇസ്ലാമിക അന്തരീക്ഷം എല്ലാവര്‍ക്കും നല്‍കുന്നത് വരെ സ്ത്രീകളെ സര്‍വകലാശാലകളിലേക്കോ ജോലിയിക്കോ വരാന്‍ അനുവദിക്കില്ലെന്നാണ് ചാന്‍സലര്‍ ഗൈറത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. 

'കാബൂള്‍ യൂണിവേഴ്‌സറ്റിയില്‍ ലോകമെമ്പാടുമുള്ള എല്ലാ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് കൂടുന്നതിനും ഗവേഷണം ചെയ്യുന്നതിനും പഠിക്കുന്നതിനും ആധുനിക ശാസ്ത്രത്തെ ഇസ്ലാമികവല്‍ക്കരിക്കുന്നതിനുമുള്ള ഒരു കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ഒരു യഥാര്‍ത്ഥ ഇസ്ലാമിക പരിതസ്ഥിതിയിലേക്ക് ഞങ്ങള്‍ മുസ്ലീം അനുകൂല പണ്ഡിതന്മാരെയും വിദ്യാര്‍ത്ഥികളെയും സ്വാഗതം ചെയ്യുമെന്ന് പ്രഖ്യാപിക്കുമെന്നും ഗൈറത്ത് അറിയിച്ചു. 

അഫ്ഗാനിസ്ഥാന്റെ വികാസത്തില്‍ വിദ്യാഭ്യാസം ഒരു പ്രധാന ഘടകമായി ഞങ്ങള്‍ കണക്കാക്കുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് മതപഠനമാണ് ആദ്യം, ആധുനിക ശാസ്ത്രം രണ്ടാമത്തേതാണ്. ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ രാജ്യത്തിന്റെയും നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെയും ഇസ്ലാമികവല്‍ക്കരണത്തിലായിരിക്കും അഷ്‌റഫ് ഗൈറത്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.