താലിബാന്‍ നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്

 
d

താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരിക്കാമെന്ന് എന്‍ഡിടിവി റിപോര്‍ട്ട്. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ പങ്കുവച്ച വിവരങ്ങളുടെയും താലിബാന്‍ നേതാക്കള്‍ തമ്മിലുള്ള സംഭാഷങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിച്ച് വരികയാണെന്നും റിപോര്‍ട്ട് പറയുന്നു. 

കഴിഞ്ഞ ആറുമാസമായി ഹിബത്തുള്ള അഖുന്‍സാദയെ താലിബാന്‍ നേതാക്കളോ സൈന്യമോ നേരിട്ട് കണ്ടിട്ടില്ല. അഖുന്‍സാദ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായിരിക്കാമെന്നാണ് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സുചന നല്‍കുന്നത്.  മെയ് മാസത്തില്‍ റമദാനോടനുബന്ധിച്ചായിരുന്നു ആകുന്‍സാദയുടെ അവസാന പൊതുപ്രസ്ഥാവന പുറത്തുവന്നത്. പാക്കിസ്ഥാന്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഇന്ത്യ ഉറ്റുനോക്കുകയാണെന്നുമാണ് റിപോര്‍ട്ട്. 

മുന്‍ നേതാവ് അക്തര്‍ മന്‍സൂര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2016 മേയില്‍ താലിബാന്‍ തലവനായി ഹൈബത്തുള്ള അഖുസാദയെ നിയമിച്ചു. മന്‍സൂറിന്റെ രണ്ട് ഡെപ്യൂട്ടികളിലൊരാളായ അഖുന്‍സാദയെ് പാകിസ്ഥാനില്‍ നടന്ന ഒരു യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിച്ചതായി ആ സമയം  താലിബാന്‍ പങ്കുവച്ച വീഡിയോ പ്രസ്താവനയില്‍ പറയുന്നു.

വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് അമ്പതുകാരനായ അഖുന്‍സാദ  നേതാവ് എന്നതിലുപരി തീവ്ര ഇസ്ലാമിക് ആശയങ്ങളില്‍ താലിബാന്‍ സംഘങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന പണ്ഡിതനായാണ് വിശേഷിപ്പിച്ചിരുന്നത്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഭരണകൂടത്തിന്റെ തലപ്പത്ത് എത്തിയേക്കുമെന്ന് കരുതുന്ന ഏഴ്  നേതാക്കളില്‍ ഒരാളാണ് അഖുന്‍സാദയെന്നും റിപോര്‍ട്ട് പറയുന്നു.