താലിബാന്റെ പ്രാകൃത ശിക്ഷാവിധി; പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളെ നഗരമധ്യത്തില്‍ കെട്ടിത്തൂക്കി 

 
Taliban Cruelty

ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന രീതിയില്‍ മൃതദേഹം പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം

അഫ്ഗാനിസ്ഥാനില്‍ പരസ്യവധശിക്ഷ ഉള്‍പ്പെടെ ശിക്ഷാവിധികള്‍ തിരികെകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ താലിബാന്റെ ക്രൂരത. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളെ ഹെറാത് നഗരമധ്യത്തില്‍ ക്രെയിനില്‍ കെട്ടിത്തൂക്കി. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ട നാലുപേരെയാണ് വെടിവച്ചുകൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. മൂന്ന് മൃതദേഹങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന രീതിയില്‍ മൃതദേഹം പ്രദര്‍ശിപ്പിക്കുകയാണ് താലിബാന്‍ ലക്ഷ്യം. 

കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ചെയ്യുമെന്നാണ് താലിബാന്‍ സ്ഥാപകരിലൊരാളായ മുല്ല നുറുദീന്‍ തുറാബി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ശിക്ഷകള്‍ പരസ്യമായി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് മന്ത്രിസഭ ഒരു നയം വികസിപ്പിക്കുമെന്നും തുറാബി അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മൃതദേഹം നഗരമധ്യത്തില്‍ കെട്ടിത്തൂക്കി താലിബാന്‍ തങ്ങളുടെ നിലപാടിന് അടിവരയിട്ടത്. സംഭവത്തില്‍ താലിബാന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, അഫ്ഗാനില്‍ പ്രാകൃത ശിക്ഷാ രീതികള്‍ തുടരുമെന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. 

അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ്, സഖ്യകക്ഷി സേനകള്‍ പിന്‍വാങ്ങിയതിനു പിന്നാലെയാണ് താലിബാന്‍ തങ്ങളുടെ കിരാത നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നേരത്തെ, സ്റ്റേഡിയങ്ങളില്‍ തുറന്ന സ്ഥലത്ത് വധശിക്ഷ നടപ്പാക്കുന്നതില്‍ താലിബാന്‍ കുപ്രസിദ്ധി നേടിയിരുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്കുമുമ്പ് അഫ്ഗാന്‍ ഭരിച്ചപ്പോള്‍ താലിബാന്‍ നടപ്പാക്കിയ ക്രൂരമായ ശിക്ഷാ രീതികള്‍ തിരിച്ചുവരുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.