ഉപപ്രധാനമന്ത്രി കൊല്ലപ്പെട്ടുവെന്ന റിപോര്‍ട്ടുകള്‍ തള്ളി താലിബാന്‍; ശബ്ദസന്ദേശം പുറത്ത്

 
d

എതിരാളികളുടെ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് താലിബാന്‍. താലിബാനുള്ളില്‍ ആഭ്യന്തര പ്രശ്നമുണ്ടെന്ന് റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് ശേഷം ഒരു മാസത്തിന് ശേഷമാണ് ശത്രുക്കളുടെ വെടിവെപ്പില്‍ മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന പുതിയ റിപോര്‍ട്ടുകളുണ്ടായത്. 

താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് മുന്‍ മേധാവി മുല്ല അബ്ദുല്‍ ഗനി ബറാദര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന വാദം തള്ളിക്കൊണ്ട് താലിബാന്‍ ശബ്ദ സന്ദേശവും പുറത്തുവിട്ടു. താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ആണ് സന്ദേശം പുറത്തുവിട്ടത്. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും സുലൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പറഞ്ഞു. തെക്കന്‍ നഗരമായ കാണ്ഡഹാറില്‍ നടന്ന യോഗങ്ങളില്‍ ബറാദര്‍ പങ്കെടുത്തതിന്റെ വിഡിയോ ദൃശ്യങ്ങളും താലിബാന്‍ പുറത്തുവിട്ടു.

പാകിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹഖാനി നെറ്റ്വര്‍ക്കിന്റെ തലവനായ സിറാജുദ്ദീന്‍ ഹഖാനിയുമായി ബരാദറിന്റെ അനുയായികള്‍ ഏറ്റുമുട്ടിയതായും ചാവേര്‍ ആക്രമണം നടന്നതായുമുള്ള അഭ്യൂഹങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണിത്. യുഎസുമായി ഒത്തുതീര്‍പ്പിലെത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കു നേതൃത്വം വഹിച്ചത് ഹഖാനിയെപോലുള്ള സൈനിക കമാന്‍ഡര്‍മാരും ബറാദറിനെപോലുള്ള നേതാക്കളുമായിരുന്നു. സംഘടനയ്ക്കകത്ത് ആഭ്യന്തര വിഭജനമില്ലെന്ന് താലിബാന്‍ ആവര്‍ത്തിച്ചു.  

ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷവും ബറാദാറിനെ കുറച്ച് ദിവസമായി പരസ്യമായി കാണപ്പെട്ടിരുന്നില്ല. ഞായറാഴ്ച കാബൂളില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയ  മന്ത്രി സംഘത്തിലും അദ്ദേഹമുണ്ടായിരുന്നില്ല. അതേസമയം, താലിബാന്റെ പരമോന്നത നേതാവായ മുല്ല ഹൈബത്തുല്ല അഖുന്‍സാദയെയും പൊതുവേദികളില്‍ കാണാറില്ലെന്നതും ശ്രദ്ധേയമാണ്.