കാബൂള്‍ സ്‌ഫോടനത്തിന് തിരിച്ചടി; ഐഎസ് കേന്ദ്രം തകര്‍ത്ത് താലിബാന്‍ സൈന്യം

 
d


കാബൂളിലെ മുസ്ലീംപള്ളിക്ക് മുന്നില്‍ സ്ഫോടനം നടന്നതിന് പിന്നാലെ കാബൂളിന്റെ വടക്കുഭാഗത്ത് ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രം തകര്‍ത്തതായി 
താലിബാന്‍ സൈന്യം.  ഞായറാഴ്ച ഈദ്ഗാഹ് പള്ളി പ്രവേശന കവാടത്തിന് സമീപം നടന്ന സ്ഫോടനത്തില്‍  പ്രദേശവാസികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പിന്നില്‍ ഐഎസ് ആണെന്നാണ് താലിബാന്റെ നിഗമനം. 

ഓഗസ്റ്റ് അവസാനത്തോടെ യുഎസ് സൈന്യം പിന്‍വാങ്ങിയതിന് ശേഷം അഫ്ഗാന്‍ തലസ്ഥാനത്ത് നടന്ന ഗൗരവമേറിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്. എന്നാല്‍ സ്‌ഫോടനവുമായി ആരെങ്കിലും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണമൊന്നുമില്ല. ഐസിസ് ഖൊറാസന്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രാദേശിക യൂണിറ്റ് താലിബാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്.  

കാബൂളിലെ പതിനേഴാമത്തെ ജില്ലയില്‍ ഞായറാഴ്ച വൈകീട്ട് ഐഎസ് ഭീകരര്‍ക്കെതിരെ ഒരു പ്രത്യേക താലിബാന്‍ യൂണിറ്റ് ഓപ്പറേഷന്‍ നടത്തിയതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഐസിസ് കേന്ദ്രം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു, നിര്‍ണായകവും വിജയകരവുമായ ആക്രമണത്തില്‍ അവിടെയുണ്ടായിരുന്ന ഐസിസ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും അദ്ദേഹം തിങ്കളാഴ്ച ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ, പ്രാദേശിക മാധ്യമങ്ങള്‍ പ്രദേശത്ത് കനത്ത ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, രാത്രിയില്‍ പൊട്ടിത്തെറിയും വെടിയൊച്ചയും കേട്ടതായി താമസക്കാര്‍ സ്ഥിരീകരിച്ചിരുന്നു.  കാബൂളിന് വടക്ക് പഞ്ച്ഷിര്‍ മേഖലയില്‍ നിന്നുള്ള പ്രതിരോധ സേന നേതാവായ അഹ്‌മദ് മസൂദിന്റെ ശക്തികള്‍ക്കെതിരെ പോരാടുന്ന താലിബാന്‍ രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു.

എന്നാല്‍ ഞായറാഴ്ച നടന്ന അക്രമങ്ങളും, കാബൂളിന് വടക്ക് പര്‍വാനും പര്‍വാനുമായുള്ള അതിര്‍ത്തിയിലുള്ള നന്‍ഗര്‍ഹര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന  സംഭവങ്ങള്‍ സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്നതാണ്. കിഴക്കന്‍ നഗരമായ ജലാലാബാദിലുണ്ടായ ബോംബാക്രമണത്തിന്റെയും കാബൂള്‍ എയര്‍പോര്‍ട്ട് ഗേറ്റിന് പുറത്ത് തിങ്ങിനിറഞ്ഞ അഫ്ഗാനിസ്ഥാന്‍ പൗരന്‍മാരെ വധിച്ച ചാവേര്‍ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.  169 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കന്‍ സൈനികരുമാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താലിബാന് പുതിയ ഭീഷണികള്‍ ഉയര്‍ത്തിക്കൊണ്ടാണ് രാജ്യത്ത് ഐഎസ് മുന്നേറ്റം നടത്തുന്നത്.   രാജ്യത്തെ തങ്ങളുടെ പ്രധാന ശത്രുവായിട്ടാണ് താലിബാനെ ഐഎസ് വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നതോടെയാണ് ഐഎസിന്റെ രഹസ്യകേന്ദ്രങ്ങളില്‍ നേരിട്ടെത്തി ആക്രമണം നടത്താന്‍ താലിബാന്‍ തീരുമാനിക്കുന്നത്.