ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം; അഫ്ഗാനില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ 11 നിയമങ്ങള്‍ അവതരിപ്പിച്ച് താലിബാന്‍

 
taliban


അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി താലിബാന്‍ 11 നിയമങ്ങള്‍ അവതരിപ്പിച്ചതായി റിപോര്‍ട്ട്. ഇസ്ലാം വിരുദ്ധമായതും ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത്‌ മാധ്യമസ്ഥാപനങ്ങളെ വിലക്കുന്നതാണ് പുതിയ നിയമങ്ങള്‍. വാര്‍ത്തകളും ഫീച്ചറുകളും തയാറാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാര്‍ മീഡിയ ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

'പത്രപ്രവര്‍ത്തകരില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് നൂറുകണക്കിന് ഇമെയിലുകള്‍ ലഭിക്കുന്നു, അവര്‍ ഭയപ്പെടുന്നു.'യുഎസ് ആസ്ഥാനമായുള്ള പത്രസ്വാതന്ത്ര്യ സംഘടനയിലെ മുതിര്‍ന്ന അംഗമായ സ്റ്റീവന്‍ ബട്ട്‌ലര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.   അഫ്ഗാനില്‍ സര്‍ക്കാര്‍ വീണതിനുശേഷം, രാജ്യത്തെ  150-ലധികം മാധ്യമങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു. കാരണം, മാധ്യമങ്ങളുടെ വിവരാവകാശത്തില്‍ താലിബാന്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്നു, ഇത് പത്രപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി, ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ  സാമ്പത്തിക മാന്ദ്യത്തിനിടയില്‍ ചില പ്രമുഖ പത്രങ്ങള്‍ അച്ചടി പ്രവര്‍ത്തനം നിര്‍ത്തി ഓണ്‍ലൈന്‍ മാത്രമാകാന്‍ നിര്‍ബന്ധിതരായെന്നാണ്‌  ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ജനാധിപത്യ രിതിയില്‍  തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി രൂപീകരിച്ച 'പുതിയ താലിബാന്‍ ഭരണത്തിനെതിരായ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തി. മാനുഷിക മൂല്യങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനു പകരം, താലിബാന്‍ അക്രമം അഴിച്ചുവിടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് തുടര്‍കഥയാകുകയാണ്. 

താലിബാന്‍ ഏറ്റെടുത്തതു മുതല്‍ സ്വകാര്യ ടിവി ചാനലുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തില്‍ മാറ്റം സംഭവിച്ചു. നിര്‍ണായക വാര്‍ത്താ ബുള്ളറ്റിനുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, വിനോദം, സംഗീത പരിപാടികള്‍, വിദേശ നാടകങ്ങള്‍ എന്നിവയ്ക്ക് പകരം താലിബാന്‍ സര്‍ക്കാരിന് അനുയോജ്യമായ പരിപാടികളായി അവയെ മാറ്റി.

അതേസമയം അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും പ്രതികാരഭീതിയില്ലാതെ മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതി (സിപിജെ) താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാബൂളിലെ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ മീഡിയ സെന്റര്‍ ഡയറക്ടര്‍ ദാവ ഖാന്‍ മേനാപാല്‍ ആഗസ്റ്റ് ആദ്യവാരം കൊല്ലപ്പെട്ട റിപോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, പക്തിയ ഘാഗ് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകന്‍ തൂഫാന്‍ ഒമറിനെ താലിബാന്‍ പോരാളികള്‍ കൊലപ്പെടുത്തി. കാബൂള്‍ കീഴടക്കിയ ഉടനെയാണ് താലിബാന്‍ സംഘങ്ങള്‍ പത്രപ്രവര്‍ത്തകരെ വലിയ രീതിയില്‍ തേടി പിടിക്കുകയും കൊലചെയ്യുകയും ചെയ്തതെന്ന്  അല്‍ അറബിയ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ വന്നതിനു ശേഷമുണ്ടായ കടുത്ത നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും വ്യാവസായിക മാന്ദ്യവും വിപണിയിലെ അരക്ഷിതാവസ്ഥയുമെല്ലാം ചേര്‍ന്നാണ് ഈ സാഹചര്യമുണ്ടാക്കിയത്. നിയന്ത്രണങ്ങള്‍ നീക്കുകയും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുകയം ചെയ്തില്ലെങ്കില്‍, കൂടുതല്‍ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.